കലാഭവന്‍ മണിയുടെ മരണം; നുണപരിശോധനയ്ക്ക് തയ്യാറെന്ന് സുഹൃത്തുക്കള്‍

കൊച്ചി: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഏഴ് സുഹൃത്തുക്കള്‍ നുണപരിശോധനയ്ക്ക് ഹാജരാകാം എന്ന് കോടതിയെ അറിയിച്ചു. സാബുമോനും ജാഫര്‍ ഇടുക്കിയും അടക്കം ഏഴ് പേരാണ് നുണ പരിശോധനയ്ക്ക് ഹാജരാകാന്‍ തയ്യാറാണ് എന്നറിയിച്ചിരിക്കുന്നത്. അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കുമെന്നാണ് സിബിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

എറണാകുളം സിജെഎം കോടതിയില്‍ നേരിട്ട് ഹാജരായാണ് ഏഴുപേരും പരിശോധനയ്ക്ക് സമ്മതം അറിയിച്ചത്. കലാഭവന്‍ മണിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തിനുള്ളില്‍ വിഷാംശം ഉണ്ടെന്ന് സിബിഐ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സുഹൃത്തുക്കളോട് നുണപരിശോധനയ്ക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. ഫോറന്‍സിക് പരിശോധനാ ഫലങ്ങളിലെ വൈരുധ്യമടക്കം ചൂണ്ടിക്കാട്ടി മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

തുടര്‍ന്ന് 2017 മെയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത്, സിബിഐ കൊച്ചി യൂണിറ്റ് അന്വേഷണം തുടങ്ങി. സിനിമാരംഗത്തുള്ള സുഹൃത്തുക്കളടക്കം കലാഭവന്‍ മണിയുമായി ബന്ധമുള്ള നൂറുകണക്കിനാളുകളുടെ മൊഴിയെടുത്തിരുന്നു.

സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സ്ഥലം ഇടപാടുകള്‍, സ്വത്ത് വിവരങ്ങള്‍ എന്നിവയും ശേഖരിച്ചു. കുടുംബവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കൈമാറിയെന്ന് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ പറയുന്നു. എന്നാല്‍ അന്വേഷണം എവിടെയെത്തിയെന്നറിയില്ല. കേസിന്റെ തുടക്കം മുതല്‍ തന്നെ മണിയുടെ കുടുംബം ചില സുഹൃത്തുക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ തെളിവുകളൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം.

LEAVE A REPLY