പാൻക്രിയാറ്റിക്ക് അർബുദ സാധ്യത പ്രവചിച്ച് AI

വാഷിംഗ്ടൺ : പാൻക്രിയാറ്റിക്ക് അർബുദ സാധ്യത പ്രവചിച്ച് നിർമിത ബുദ്ധി. രോഗികളുടെ ആരോഗ്യ രേഖകള്‍ വിലയിരുത്തി പാന്‍ക്രിയാറ്റിക് അര്‍ബുദത്തിനുള്ള സാധ്യത വിജയകരമായി പ്രവചിച്ചിരിക്കുകയാണ് നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായ ഒരു സ്ക്രീനിങ് ടൂള്‍. രോഗനിര്‍ണയത്തിന് മൂന്ന് വര്‍ഷം മുന്‍പ് പാന്‍ക്രിയാറ്റിക് അര്‍ബുദ സാധ്യതയുള്ള വ്യക്തികളെ തിരിച്ചറിയാന്‍ നിര്‍മിത ബുദ്ധിക്ക് സാധിച്ചു. ഹാര്‍വഡ് മെഡിക്കല്‍ സ്കൂള്‍, ഹാര്‍വഡ് ടി.എച്ച്. ചാന്‍ സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് എന്നിവിടങ്ങളിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. നിലവില്‍ വലിയൊരു ജനസംഖ്യയെ പാന്‍ക്രിയാറ്റിക് അര്‍ബുദത്തിനായി സ്ക്രീന്‍ ചെയ്യാനുള്ള മാര്‍ഗങ്ങളൊന്നും ലഭ്യമല്ല. ഇവിടെയാണ് നിര്‍മിത ബുദ്ധി വഴിത്തിരിവാകുന്നതെന്നും ഗവേഷകര്‍ കൂട്ടിച്ചേർത്തു. ഡെന്‍മാര്‍ക്കിലെയും അമേരിക്കയിലെയും 90 ലക്ഷം രോഗികളുടെ ആരോഗ്യ ഡേറ്റ ഉപയോഗിച്ചാണ് എഐ അല്‍ഗോരിതത്തെ പരിശീലിപ്പിച്ചത്. കുടുംബത്തില്‍ പാന്‍ക്രിയാറ്റിക് രോഗബാധയുള്ളവരുടെ മാത്രമല്ല ഏതൊരാളുടെയും ആരോഗ്യ രേഖകള്‍ എഐ ടൂളിലൂടെ അപഗ്രഥിച്ച് രോഗസാധ്യത പ്രവചിക്കാന്‍ സാധിക്കും. അനാവശ്യ പരിശോധനകള്‍ ഒഴിവാക്കാനും ഈ ടൂള്‍ സഹായിക്കുമെന്നും ഗവേഷകർ പറയുന്നു.