മാർച്ച് 8 വനിതാ ദിനം വന്നെത്തി. ലോകത്തിലെ എല്ലാ വനിതകൾക്കു൦ ഒരു ദിന൦ എന്നാശയത്തിൽ നിന്നുമാണ് ഐക്യരാഷ്ട്രസഭ മാർച്ച് 8 വനിതാ ദിനമായി ആചരിക്കുന്നത്. മാത്രമല്ല സ്ത്രീകൾ അവരുടെ അവകാശത്തിനായി ശബ്ദമുയർത്തി പോരാടിയതിന്റെ ഓർമ്മ കൂടിയാണ് വനിതാ ദിന൦ . കേവലം ഒരു ദിവസത്തെ പ്രതിനിധീകരിച്ചു കൊണ്ടു മാത്രമല്ല നാം വനിതാ ദിനത്തെ കാണേണ്ടത്. സ്വാതന്ത്ര്യം, സമത്വം, തുല്യജോലിക്ക് തുല്യമായ വേതനം എന്നിവ ഉറപ്പുവരുത്തി സ്ത്രീകളെ സമൂഹത്തിന്റെ മടിത്തട്ടിലേക്കിറക്കി വിടേണ്ടതുണ്ട്.
പാശ്ചാത്യ സംസ്ക്കാരത്തെ പിൻതുടരുന്ന പുത്തൻ തലമുറ കുറച്ചു കൂടി അപ്ഡേറ്റടാണ്. ഇപ്പോഴുള്ള ജനറേഷന് ഫെമിനിസം, സ്ത്രീശാക്തീകരണ൦ എന്നീ കടുകട്ടി വാക്കുകൾ സുപരിചിതവുമാണ്. സൈബർ ബുളളിയിങ്, വസ്ത്രസ്വാതന്ത്ര്യം, സ്ത്രീകൾക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങൾ എന്നിവയാണ് ഇന്നത്തെ സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രധാന വെല്ലുവിളികൾ. ഇഷ്ട്ടമുള്ള വസ്ത്രധാരണ രീതിയെ തടയുവാനു൦ ചോദ്യ൦ ചെയ്യാനു൦ നിരവധി പേരുണ്ട്. നാം എന്തു വസ്ത്രം ധരിക്കണ൦ എന്നുള്ളത് ഓരോരുത്തരുടെയും വ്യക്തി സ്വാതന്ത്ര്യമാണ്. ഫെമിനിസം എന്നുള്ള വാക്ക് ചിലർക്കിടയിലെങ്കിലു൦ തെറ്റദ്ധരിക്കപ്പെടുന്നതായി തോന്നാറുണ്ട്. ഫെമിനിസം പുരുഷ വിരോധമല്ല മറിച്ച് സ്ത്രീകളോടുള്ള ബഹുമാനമാണ്. പെൺകുട്ടികൾക്കവകാശപ്പെട്ട വിദ്യാഭ്യാസ൦ നൽകി സമൂഹത്തിന്റെ എല്ലാ മേഖലകളിലെ ലിംഗ വിവേചനം ഇല്ലാതാക്കലും നിർണായകമാണ്.
വ്യത്യസ്ത പ്രമേയവുമായാണ് എല്ലാ വർഷവും അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നത്. “ഡിജിറ്റൽ ലിംഗ സമത്വത്തിനായുള്ള നവീകരണവും സാങ്കേതിക വിദ്യയും ” എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര വനിതാ ദിന സന്ദേശം. സ്ത്രീകളുടെ സുസ്ഥിരമായ ഭാവിക്ക് നൂതന സാങ്കേതികവിദ്യയായ ഡിജിറ്റൽ വിദ്യാഭ്യാസത്തിൻ്റെ ആവശ്യകത അനിവാര്യമാണ്. ഈയൊരു ലക്ഷ്യം മുൻനിർത്തിയാണ് വനിത ശിശുവികസന വകുപ്പ് ഡിജിറ്റൽ പാഠശാല പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. തങ്ങളുടെ അവകാശങ്ങൾക്കായി പോരാടിയ എല്ലാ പ്രധാന വനിതകളെയു൦ ഈ ദിനത്തിൽ നാം ഓർക്കണ൦. ഒരു ആശയ൦ കൊണ്ടോ, ഒരു ദിവസം കൊണ്ടോ മാറ്റേണ്ട ഒന്നല്ല സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ. സ്ത്രീകൾക്കു നൽകേണ്ട ആദരവുകളെ വരും തലമുറകൾക്കായി പകർന്നു നൽകാ൦….