“വരൂ ..അകത്തേക്ക് ” ഒരു പ്രാദേശിക ചാനലിന് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി അഭിമുഖം തരുമോ?

By Gopakumar PS

എന്റെ പ്രിയപ്പെട്ട ചില സുഹൃത്തുക്കളുടെ സഹായംകൊണ്ട്  2012-ൽ ഞാൻ ഒരു പ്രാദേശിക ചാനൽ ആരംഭിച്ചു. എറണാകുളം ജില്ലയിൽ ചില പരിമിത പ്രദേശങ്ങളിൽ മാത്രമേ  ടെലികാസ്ററ്  ഉണ്ടായിരുന്നുള്ളു,  ഈ പ്രാദേശിക  ചാനലിനുവേണ്ടി അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ ഉമ്മന്‍ ചാണ്ടിയുടെ അഭിമുഖം ലഭിച്ചിരുന്നെങ്കില്‍ എന്ന എന്റെ ആഗ്രഹം കേട്ട മുന്‍നിര മാധ്യമങ്ങളിലെ സുഹൃത്തക്കളടക്കമുള്ള  സഹപ്രവര്‍ത്തകര്‍ ‘നിനക്കെന്താ വട്ടാണോ?’ എന്ന് എന്നോട് ചോദിച്ചു. ദേശീയ അന്തർ ദേശീയ മാധ്യമങ്ങൾക്കു മുൻപിൽ മാത്രം പ്രതികരിക്കുന്ന രീതിയാണ് നിലനിൽക്കുന്നത് , അപ്പോളാണ്  ഒരു പ്രാദേശിക ചാനലിന്റെ പേരുപറഞ്ഞ് എങ്ങനെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്ക് മുമ്പില്‍പോയി നില്‍ക്കും ….എന്നതായിരുന്നു ഏവരുടെയും സംശയം.

കുറച്ചുനാൾ ആ ആഗ്രഹം ഞാൻ മാറ്റിവച്ചു, പിന്നെയും തോന്നിയപ്പോൾ , ഒന്നു ശ്രമിക്കുന്നതില്‍ എന്താണ് തെറ്റെന്ന ചിന്തയില്‍ ആരോ തന്ന മുഖ്യമന്ത്രിയുടെ പി.എയുടെ നമ്പരിലേയ്ക്ക് അഭിമുഖ ആവശ്യവുമായി ഞാന്‍  വിളിച്ചു. വളരെ ഡീറ്റൈൽ ആയി എല്ലാം ചോദിച്ചു, അവിടെ നിന്നും ഒരു ചോദ്യം “പ്രാദേശിക ചാനൽ” ആണല്ലേ ?  പറയാം കേട്ടോ… ഞാൻ മനസ്സിൽ വിചാരിച്ചു , “മുഖ്യ മന്ത്രിയുടെ അഭിമുഖം” കഥ ഇവിടെ തീർന്നു പക്ഷെ മറ്റൊരു ദിവസം  എന്നെ ഞെട്ടിച്ചുകൊണ്ട്  ഒരു ഫോൺ കാൾ ..ഏത് ദിവസമാണ് നിങ്ങള്‍ക്ക് ഇന്റര്‍വ്യൂ വേണ്ടതെന്നായിരുന്നു ചോദ്യം. എപ്പോൾ ആയാലും ഞങ്ങൾ റെഡ്‌ഡി എന്ന്  ഞാന്‍ പറഞ്ഞപ്പോള്‍, ഷെഡ്യൂള്‍ പരിശോധിച്ച അദ്ദേഹം ഒരു തീയതി അനുവദിച്ചു.  സമ്മതമറിയിച്ചതോടെ തീരുമാനിച്ച തീയതിയിലും സമയത്തിലും പുതുപ്പള്ളിയിലെ വീട്ടില്‍ കാണാമെന്നുപറഞ്ഞ് അദ്ദേഹം ഫോണ്‍ വെച്ചു. ചുരുങ്ങിയ സമയത്തിനിടയില്‍ നടന്ന ഈ സംഭാഷണവും, അഭിമുഖത്തിനായി മുഖ്യമന്ത്രി സമ്മതിച്ചു എന്നതും ചാനലില്‍ എനിക്കൊപ്പം ഉളളവര്‍ക്കുപോലും വിശ്വസിക്കാനായില്ല. പ്രാദേശിക  ചാനൽ ആണെന്ന് അറിയാതെ,  മുന്‍നിര ചാനലുകളില്‍ ഒന്നാണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചതാകുമെന്നുപോലും പലരും അഭിപ്രായപ്പെട്ടു. എന്താണെങ്കിലും വരുന്നതുവരട്ടെയെന്ന് വിശ്വസിച്ച് ഞാനും ക്യാമാറാമാനും ഉള്‍പ്പടെയുള്ളവര്‍ പറഞ്ഞ ദിവസം കൃത്യസമയത്തുതന്നെ  ശ്രീ. ഉമ്മന്‍ചാണ്ടിയുടെ ഓഫീസിലെത്തി.

ഞങ്ങളെത്തുമ്പോള്‍ മുഖ്യമന്ത്രി ഓഫീസിൽ  ഉണ്ടായിരുന്നില്ല, കാണാമെന്നുപറഞ്ഞ സമയം കഴിഞ്ഞെങ്കിലും ഞങ്ങള്‍ അദ്ദേഹത്തിനായി കാത്തിരുന്നു. 3 മണിയോടെ ഔദ്യോഗിക വാഹനത്തില്‍ വീട്ടിലേയ്ക്ക് എത്തിയ അദ്ദേഹം, കാറില്‍നിന്ന് ഇറങ്ങി പ്രവര്‍ത്തകര്‍ക്ക് ഇടയിലൂടെ വീട്ടുമുറ്റത്തിന് അരികില്‍ കാത്തിരുന്ന ഞങ്ങള്‍ക്കരികിലേയ്ക്ക് ധൃതിയില്‍ നടന്നെത്തിയത് ഇന്നും ഓര്‍മ്മയിലുണ്ട്. ഒരു അപ്രതീക്ഷിത പരിപാടിയില്‍ പങ്കെടുക്കേണ്ടിവന്നതിനാല്‍ വൈകിപ്പോയതില്‍ ക്ഷമ ചോദിച്ച അദ്ദേഹം, ‘ഞാന്‍ ഭക്ഷണം കഴിച്ചിട്ടില്ല, നിങ്ങളും കഴിച്ചിട്ടില്ലെന്ന് എനിക്കറിയാം, വരൂ ഒരുമിച്ച് കഴിക്കാം,’ എന്നുപറഞ്ഞ് വളരെ കാലങ്ങളായി പരിചയം ഉള്ള പോലെ ഇടപെട്ട്, ഞങ്ങളെയുംകൂട്ടി അകത്തേയ്ക്കുപോയി, ഒരുമിച്ചിരുത്തി ഭക്ഷണം തന്നു. കഴിക്കുന്നതിന് ഇടയില്‍ ചാനലിനെക്കുറിച്ച് ചോദിച്ച അദ്ദേഹത്തോട്, ഞങ്ങളുടേത് ഒരു പ്രാദേശിക  ചാനലാണെന്ന് വീണ്ടും ഞാൻ ആവർത്തിച്ചു,  അദ്ദേഹത്തിന്റെ മുഖത്തുണ്ടായ തെളിച്ചം ശരിക്കും ഞങ്ങളെ ഞെട്ടിച്ചുകളഞ്ഞു. പ്രാദേശിക പത്ര പ്രവർത്തകരെയും, അവരുടെ പരിമിതികളും , പ്രാദേശിക വിഷയങ്ങളില്‍ പ്രാദേശിക ചാനലുകള്‍ക്ക് എത്രത്തോളം ഇടപെടല്‍ നടത്താമെന്നതിനെക്കുറിച്ച് കുറഞ്ഞ സമയത്തിനുള്ളില്‍ ഞങ്ങള്‍ക്ക് വിശദീകരിച്ച് പറഞ്ഞുതന്ന അദ്ദേഹം, ഇത്തരത്തില്‍ ഒരു ഇന്റര്‍വ്യൂ എടുക്കാന്‍ തയ്യാറായ ഞങ്ങളെ അഭിനന്ദിക്കുകയാണ് ചെയ്തത്. ഭക്ഷണം പൂര്‍ത്തിയാക്കി മിനിറ്റുകള്‍ക്കുള്ളില്‍ ഇന്റര്‍വ്യൂവിന് തയ്യാറായി എത്തിയ അദ്ദേഹം, ചോദിച്ച ചോദ്യങ്ങള്‍ക്ക് ആവശ്യമായ സമയമെടുത്ത് കൃത്യമായ മറുപടികള്‍ തന്നു. ഒരു മുഖ്യമന്ത്രിയുടെ സമയം അനാവശ്യമായി ചിലവാകരുതെന്ന് കരുതിയ ഞങ്ങളാണ് ഇന്റര്‍വ്യൂ പൂര്‍ത്തിയാക്കാന്‍ ധൃതികൂട്ടിയത്.

ഇന്റര്‍വ്യൂ കഴിഞ്ഞ് മുഖ്യമന്ത്രിയോട് നന്ദിപറഞ്ഞ് മടങ്ങാനൊരുങ്ങിയ ഞങ്ങളെ അദ്ദേഹം തിരിച്ചുവിളിച്ചൂ. ‘നിങ്ങളുടെ പുതിയ ചാനലിന് ആശംസകളൊന്നും വേണ്ടേ?’ ശ്രീ ഉമ്മന്‍ ചാണ്ടിസാറിന്റെ ചോദ്യം ഞങ്ങളെ അത്ഭുതപ്പെടുത്തി. ഉടന്‍ ക്യാമറ തയ്യാറാക്കി ഷൂട്ടിന് ഒരുങ്ങിയ ഞങ്ങളോട് ‘ആശംസ എഴുന്നേറ്റുനിന്ന് പറയണോ അതോ ഇരുന്നുകൊണ്ട് വേണോ’ എന്നായി അദ്ദേഹത്തിന്റെ അടുത്ത ചോദ്യം. ഇരുന്നുകൊണ്ട് മതിയെന്ന് ഞാന്‍ മറുപടി നല്‍കി, ഷൂട്ടിങ് പൂര്‍ത്തിയാക്കി ഞങ്ങള്‍ മടങ്ങി.

അന്ന് ഞാൻ മടങ്ങിയത്  വളരെ സന്തോഷത്തോടെയാണ്, കാരണം  മാധ്യമ രംഗത്ത്, ഇനിയും എനിക്ക് മുന്നോട്ടു പോകുവാൻ ഉള്ള ഒരു പോസിറ്റീവ് എനർജി ആണ്  മുഖ്യമന്ത്രി ആയിരുന്ന ശ്രീ ഉമ്മന്‍ ചാണ്ടിയിൽ സാറിൽ നിന്നും ലഭിച്ചത്.  അടുത്ത ദിവസം, ‘മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടിയുമായി പ്രത്യേക അഭിമുഖം വൈകിട്ട് 7ന്’ എന്ന സ്‌ക്രോളിങ് ഞങ്ങളുടെ  പ്രാദേശിക ചാനലില്‍ പ്രത്യക്ഷപ്പെട്ടതുകണ്ട്, ചാനല്‍ നടത്തുന്ന ഞങ്ങള്‍ക്ക് വട്ടായെന്നുപറഞ്ഞ് നാട്ടിലെ ചില  കേബിള്‍ ഓപ്പറേറ്റര്‍മാരും ചാനല്‍ ഓഫീസിലേയ്ക്ക് വിളിച്ചു, കാരണം അന്നും, ഇന്നും ഒരു പ്രാദേശിക ചാനലിന്റെ  പ്രവർത്തനം പരിമിതമാണ്, അതുക്കും മേലെ ആയിരുന്നു ഈ അഭിമുഖം.

ഞാൻ വിശ്വസിക്കുന്ന രാഷ്ട്രീയം ഉമ്മൻ ചാണ്ടി സാറിന്റെ രാഷ്ട്രിയവും തികച്ചും വിപരീതമായിരുന്നു, എങ്കിലും  മുന്നില്‍വരുന്ന ആളുടെ മൂല്യം അളക്കാതെ, അവര്‍ക്കൊപ്പം സമയം ചിലവഴിക്കാന്‍ തയ്യാറാകുന്ന ഉമ്മന്‍ ചാണ്ടിയെപ്പോലെ ഒരു മുഖ്യമന്ത്രി കേരള രാഷ്ട്രീയത്തില്‍ ഇനി  ഉണ്ടാകുമോ  എന്നത് സംശയമാണ്. മറ്റേതെങ്കിലും ഒരു മുഖ്യമന്ത്രി ഒരു പ്രാദേശിക  ചാനലിനുവേണ്ടി സമയം ചിലവഴിച്ചതായി കേരള മാധ്യമ ചരിത്രത്തില്‍ ഉണ്ടോ എന്ന് എനിക്ക് അറിയില്ല, ഉണ്ടാവാനിടയില്ല എന്നാണ് ഞാൻ കരുതുന്നത്. ഉമ്മന്‍ ചാണ്ടി എന്ന അധ്യായം അവസാനിക്കുമ്പോള്‍, ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ മാത്രമല്ല ഇല്ലാതാകുന്നത്, സാധാരണക്കാരന്റെ പ്രതീക്ഷകള്‍ക്ക് ജീവന്‍ നല്‍കിയ ഒരു നേതാവുകൂടിയാണ് തിരശ്ശീലയില്‍ മറയുന്നത്. ജനപ്രിയ നേതാവ് ഇനി ഇല്ല.. ആ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ പ്രണാമം.

ഇപ്പോളത്തെ ഭാഷയിൽ  പലപ്പോഴും “മാ പ്ര” കളുടെ മാധ്യമ വേട്ടക്ക്  വിധേയമായിട്ടുള്ള  ഒരു കേരള മുഖ്യമന്ത്രി കൂടി ആയിരുന്നു ശ്രീ ഉമ്മൻ ചാണ്ടി …എങ്കിലും മുഖ്യമന്ത്രി എന്ന നിലയിൽ  പോലീസിനെയോ , നിയമ സംവിധാനങ്ങൾ ദുരുപയോഗം ചെയ്‌ത്‌ മാധ്യമ സ്ഥാപനങ്ങളെയോ , മാധ്യമ  പ്രവർത്തകരെയോ വേട്ടയാടിയതായി അറിയില്ല…

അദ്ദേഹം പറയുന്നത് ഇങ്ങനെ …രാഷ്ട്രിയത്തിൽ ദുരഭിമാനം ഉണ്ടാകരുത് , രാഷ്ട്രിയത്തിൽ അസഹിഷ്ണുത പാടില്ല, വിമർശനത്തെ ഞാൻ സ്വാഗതം ചെയ്യുന്നു , വിമര്ശനം ഇല്ലെങ്കിൽ ചിലപ്പോൾ ഞാൻ പോലും വഴി തെറ്റും.. ഞാൻ ചോദ്യം ചെയ്യപ്പെടാൻ പറ്റാത്ത ഒരാൾ ആണെന്ന് തോന്നിയാൽ …എന്നെ ആരും എതിർക്കുവാൻ ഇല്ലെന്നു കണ്ടാൽ…..  ശ്രീ ഉമ്മൻ ചാണ്ടിയുടെ വാക്കുകൾ ആണ് ഇതെല്ലാം.

തെറ്റായി വാർത്തകൾ സൃഷ്ട്ടിക്കുന്നവരെ, സ്ഥാപനങ്ങളെ  നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടത് ആവശ്യമാണ്,  അവർ ശിക്ഷിക്കപ്പെടണം എന്നുതന്നെ ആണ്  എന്റെ നിലപാടും…. എന്നാൽ ഇതിന്റെ പേരിൽ വേർതിരിവ് ശരിയല്ല,  ചിലരൊക്കെ  നിയമ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നത് … കണ്ടില്ലെന്നു നടിക്കുന്നത്….ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെ.

LEAVE A REPLY