വിക്ടര്‍ എന്ന മഴ…

പ്രഭു കൃഷ്ണ

ജൂലൈ മാസം 9/ 2002… പ്രളയം എന്ന വാക്ക് ആദ്യം കേട്ടത് അന്നായിരുന്നു…. വയലുകള്‍ നിറഞ്ഞൊഴുകി, തോടും പുഴയും ഒന്നായി, പുഴമീനുകള്‍ നീന്തിയത് റോഡിലൂടെ….

പുറത്തിറങ്ങാന്‍ വയ്യ, മഴ തോരുന്നില്ല.. കാര്‍മേഘങളാല്‍ ഇരുട്ട്… തൊടുപുഴക്ക് അടുത്തുള്ള വെണ്ണിയാനി മലമുകളിലേക്ക് ക്യാമറയും ആയി പോയ ഫോട്ടോഗ്രാഫര്‍ തിരികെ വന്നില്ല…..

വിക്ടര്‍ എന്ന മഴ… മഴചിത്രങ്ങള്‍ വിക്ടറിന് ഹരം ആയിരുന്നു… ‘മഴപെയ്യാന്‍ തുടങ്ങുമ്പോള്‍ ഒരു കൊച്ചു കുട്ടിയെപ്പോലെ വിക്ടര്‍ ക്യാമറയും ആയി പുറത്തേക് ഓടും’ എന്ന് എവിടെയോ വായിച്ചു…..

മഴയുടെ ഉറവിടം, മേഘങ്ങളില്‍ നിന്നും മഴ ഒരു തുള്ളിയായ് ഭൂമിയിലേക്ക് എത്തുന്ന രഹസ്യം അന്വേഷിച്ചു ഇറങ്ങിയ വിക്ടര്‍ മടങ്ങി വന്നില്ല…. യന്ത്ര ചിറകുള്ള പക്ഷികള്‍ വട്ടം ഇട്ട് പറക്കുന്നു…. നാവികസേനയുടെ തിരച്ചിലിന് ഒടുവില്‍ മണ്ണില്‍ ക്യാമറയും നെഞ്ചോട് ചേര്‍ത്ത് വെച്ച് ഉറങ്ങു്ന്ന വിക്ടറിനെ കണ്ടെടുത്തു….

മുന്‍പൊരിക്കലും കാണാത്ത വിക്ടറിനെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു ഒരു മഴ പോലെ….

ഓര്‍മ്മയുടെ സുല്‍ത്താന്‍ ശ്രീ ജി. എസ് പ്രദീപ് (അശ്വമേധം പ്രദീപ് ) ഒരിക്കല്‍ ഒരാളെ ഓര്‍ക്കാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഓര്‍ത്തത് മഴയുടെ കൂടെ മരണയാത്ര പോയ വിക്ടറിനെ ആണ്……കേവലം 5 ചോദ്യങ്ങള്‍ ശ്രീ ജി. എസ്സ് പ്രദീപ് പറഞ്ഞ വാക്കുകള്‍ ഇന്നും ഓര്‍മയില്‍ ഞാന്‍ സൂക്ഷിക്കുന്നു..

‘ ഞാന്‍ തിരുവനന്തപുരത്ത് നിന്നു യാത്ര ചെയ്ത് കോട്ടയത്തു എത്തിയപ്പോള്‍ അവിടെ ഫോട്ടോഗ്രാഫര്‍ വിക്റ്ററിന്റെ ഫോട്ടോ എക്‌സിബിഷന്‍ നടക്കുന്നുണ്ടായിരുന്നു ”ഈ ഒരു വാക്യം കൊണ്ട് അദ്ദേഹം എന്റെ ഉള്ളിലെ ആളെ മനസ്സിലാക്കി കഴിഞ്ഞിരുന്നു….

കേരളത്തിന്റെ പ്രമുഖ പത്രത്തിനുണ്ടായ നഷ്ടം ആര്‍ക്കും നികത്താന്‍ കഴിഞ്ഞിട്ടില്ല.. ഇന്നും ആ പത്രം ആഫിസിലെ മഷി പടര്‍ത്താന്‍ കാത്ത് നില്‍ക്കുന്ന പ്രിന്റിംഗ് ഉപകരണം തേടുന്നുണ്ടാകാം വിക്റ്ററിന്റെ ഫോട്ടോകള്‍ക്കായി…. മഴയുടെ നനവുള്ള സ്റ്റില്ലുകള്‍ക്കായി….

ദൂരെനിന്നും മഴ എത്തുന്നു…. വിക്റ്ററിന്റെ വിരലുകള്‍ ക്യാമെറയില്‍ തിരയുകയാണ് മഴയെ നിശ്ചലം ആക്കുവാനായി…. ആ ചലനമറ്റ വിരലുകള്‍ ഇപ്പോഴും തുടിക്കുന്നു മഴയുടെ വിവിധ ഭാവങ്ങള്‍ ഒരു കുഞ്ഞ് ലെന്‍സിലൂടെ നിശ്ചലം ആക്കുവാനായി…

ഒരിക്കല്‍ പോലും നേരില്‍ കണ്ടിട്ടില്ലാത്ത വിക്റ്ററിന്റെ ചിത്രം എന്റെ ഹോസ്റ്റല്‍ മുറിയില്‍ ഞാന്‍ പതിപ്പിക്കുമ്പോഴും ദൂരെ നിന്നും മഴയുടെ വരവിന്റെ ഇടറിയ താളം ഞാന്‍ കേട്ടിരുന്നു…വിക്ടര്‍ എവിടെയോ എപ്പോഴോ എങ്ങനെയോ എനിക്ക് പ്രിയപെട്ടവനായി….

പ്രിയ വിക്ടര്‍ നിങ്ങള്‍ മരിച്ചിട്ടില്ല ഓരോ മഴയും ഓര്‍മ്മിപ്പിക്കുന്നത് വിക്ടര്‍ എന്ന മഴയെയാണ്,കലാകാരനെ ആണ്…

വീണ്ടും ജൂലൈ 9 സാമൂഹിക അകലം പാലിച്ചു നില്‍ക്കുന്ന ജനതയെ നോക്കി മഴയുടെ ലാളനയില്‍ എവിടെയോ ഇരുന്ന് വിക്ടര്‍ ക്ലിക്ക് ചെയ്യുന്നു… ഓര്‍മ്മകള്‍ എപ്പോഴും ഫ്‌ലാഷ്ബാക്കുകള്‍ ആണല്ലോ..

LEAVE A REPLY