സംസ്ഥാനത്തെ എല്ലാ ഗർഭിണികളും കോവിഡ്-19 വാക്‌സിൻ എടുക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശിച്ചു. കോവിഡ് ബാധിച്ചാൽ ഏറ്റവുമധികം ഗുരുതരമാകാൻ സാധ്യതയുള്ളവരാണ് ഗർഭിണികൾ. സംസ്ഥാനത്ത് തന്നെ കോവിഡ് ബാധിച്ച് നിരവധി ഗർഭിണികൾ ഗുരുതരാവസ്ഥയിലാകുകയും ചിലർ മരിക്കുകയും ചെയ്തിട്ടുണ്ട്. പലതരം പരീക്ഷണ നിരീക്ഷണങ്ങൾക്കൊടുവിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഗർഭിണികൾക്ക് വാക്‌സിൻ നൽകാൻ തീരുമാനിച്ചത്.
ഈയൊരു ഗുരുതര സാഹചര്യത്തിലാണ് സംസ്ഥാനത്തെ മുഴുവൻ ഗർഭിണികൾക്കും കോവിഡ് വാക്‌സിൻ നൽകാൻ ‘മാതൃകവചം’ എന്ന പേരിൽ ആരോഗ്യ വകുപ്പ് കാമ്പയിൻ ആരംഭിച്ചത്. വാർഡ് തലത്തിൽ ആശ പ്രവർത്തകരുടെ നേതൃത്വത്തിൽ മുഴുവൻ ഗർഭിണികളേയും വാക്‌സിനേഷനായി രജിസ്റ്റർ ചെയ്യിപ്പിച്ച് വാക്‌സിൻ നൽകുകയാണ് മാതൃകവചത്തിന്റെ ലക്ഷ്യം. സ്വന്തമായി രജിസ്റ്റർ ചെയ്യാൻ കഴിയുന്നവരെ അതിനായി പ്രോത്സാഹിപ്പിക്കും. സ്മാർട്ട് ഫോൺ, കമ്പ്യൂട്ടർ തുടങ്ങിയ സൗകര്യങ്ങളില്ലാത്തവരെ ആശാ പ്രവർത്തകരുടെ സഹായത്തോടെ രജിസ്റ്റർ ചെയ്യിപ്പിച്ചാണ് വാക്‌സിൻ എടുപ്പിക്കുന്നത്. വാക്‌സിനേഷനായി വരുന്ന മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കുന്ന വിധത്തിൽ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
35 വയസിന് മുകളിൽ പ്രായമുള്ളവർ, അമിത വണ്ണമുള്ളവർ, പ്രമേഹം, രക്താതിമർദം തുടങ്ങിയ രോഗങ്ങളുള്ളവർ എന്നിവരിൽ രോഗം ഗുരുതരമായേക്കാം. ഇത് ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തേയും ബാധിക്കാൻ സാധ്യതയുണ്ട്. അതിനാൽ ഗർഭിണിയായിരിക്കുമ്പോൾ വാക്‌സിൻ എടുക്കേണ്ടത് അത്യാവശ്യമാണ്. നിലവിൽ രാജ്യത്ത് നൽകിക്കൊണ്ടിരിക്കുന്ന കോവീഷീൽഡോ, കോവാക്‌സിനോ ഇഷ്ടാനുസരണം സ്വീകരിക്കാം. ഗർഭാവസ്ഥയുടെ ഏത് കാലയളവിലും വാക്‌സിൻ സ്വീകരിക്കാം. കഴിയുന്നതും മുന്നേ തന്നെ വാക്‌സിൻ സ്വീകരിക്കുന്നതാണ് നല്ലത്.
ജില്ലകളിൽ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും വീണ ജോർജ് പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 39,822 ഗർഭിണികളാണ് വാക്‌സിൻ എടുത്തത്. എന്നാൽ ചില ഗർഭിണികൾ വാക്‌സിനെടുക്കാൻ വിമുഖത കാട്ടുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി. എല്ലാവരും സ്വന്തം സുരക്ഷയും കുഞ്ഞിന്റെ സുരക്ഷയും കണക്കിലെടുത്ത് വാക്‌സിൻ എടുക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
സർക്കാർ, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ഗൈനക്കോളജിസ്റ്റുകളുടെ യോഗം കൂടി ഗർഭിണകൾക്ക് അവബോധം നൽകാൻ തീരുമാനമെടുത്തിട്ടുണ്ട്. എല്ലാ ഡോക്ടർമാരും ഗൈനക്കോളജിസ്റ്റുമാരും ഇക്കാര്യത്തിൽ ഗർഭിണികൾക്ക് അവബോധം നൽകണം. ഗർഭിണികളായതിനാൽ പലപ്പോഴും ചികിത്സയ്ക്കും പരിചരണത്തിനുമായി ആശുപത്രിയിൽ പോകേണ്ടി വരും. കോവിഡ് വ്യാപനം കൂടി നിൽക്കുന്ന ഈ സമയത്ത് ആരിൽ നിന്നും ആർക്കും രോഗം വരാം. കോവിഡിനെ പ്രതിരോധിക്കാനുള്ള പ്രധാന മാർഗമാണ് വാക്‌സിൻ സ്വീകരിക്കുക എന്നുള്ളത്. വാക്‌സിൻ എടുത്ത് കഴിഞ്ഞ് പ്രതിരോധശേഷി വന്നശേഷം കോവിഡ് ബാധിച്ചാലും ഗുരുതരമാകാനുള്ള സാധ്യത കുറവാണ്.
മുലയൂട്ടുന്ന അമ്മമാർക്ക് ഏത് കാലയളവിലും വാക്‌സിൻ നൽകാൻ കേന്ദ്രം നേരത്തെ തന്നെ അനുമതി നൽകിയിരുന്നു. അതിനാൽ തന്നെ ഗർഭാവസ്ഥയിലെ അവസാന മാസങ്ങളിൽ ഒന്നാം ഡോസ് വാക്‌സിൻ എടുത്താലും രണ്ടാം ഡോസ് എടുക്കേണ്ട സമയമാകുമ്പോൾ, മുലയൂട്ടുന്ന സമയമായാൽ പോലും വാക്‌സിൻ എടുക്കുന്നതിന് യാതൊരു തടസവുമില്ല.