തിരുവനന്തപുരം : സ്റ്റേറ്റ് ഇന്‍ഷുറന്‍സ് വകുപ്പിന്റെ സേവനങ്ങള്‍ വിപുലീകരിക്കാനുള്ള സാധ്യത പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മോട്ടോര്‍ തൊഴിലാളി മേഖലയിലെ പ്രശ്നങ്ങള്‍ മനസിലാക്കാനായി ഓട്ടോ തൊഴിലാളികളുമായി നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോട്ടോര്‍ തൊഴിലാളികള്‍ക്ക് സംസ്ഥാനതലത്തില്‍ ഇന്‍ഷുറന്‍സ് സംവിധാനം വേണമെന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍ഷുറന്‍സ് വകുപ്പിന്റെ സേവനങ്ങള്‍ എങ്ങനെ വിപുലീകരിക്കാനാവുമെന്നത് ആലോചിക്കും. ഓട്ടോ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് എല്‍.പി.ജി വ്യാപകമായി ലഭ്യമാക്കണമെന്ന ആവശ്യം പരിഗണിക്കും. സിറ്റി ഗ്യാസ് പദ്ധതി യാഥാര്‍ഥ്യമായതിനാല്‍ ഇന്ധനലഭ്യത വര്‍ധിക്കുകയും എല്ലായിടത്തും വ്യാപിക്കുകയും ചെയ്യും. ഇതുവഴി വ്യവസായം, വീട്, വാഹനം എന്നിവയ്ക്ക് ഇത്തരത്തില്‍ ഇന്ധനം ലഭ്യമാക്കാനാകും. ഓട്ടോറിക്ഷാ മീറ്റര്‍ സീലിംഗുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്ന് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.