ജീവിതം ഭദ്രമാക്കാം പ്രവാസത്തിന് ശേഷവും പ്രവാസികള്‍ക്ക് ആശ്വാസ തണലായി നോര്‍ക്ക റൂട്ട്സ്

വിദേശത്ത്, പ്രത്യേകിച്ച് ഗള്‍ഫ് മേഖലയിലും കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും പണിയെടുക്കുന്ന കേരളീയരുടെ ക്ഷേമവും അവര്‍ക്കുവേണ്ട സഹായങ്ങളും ഉറപ്പുവരുത്താന്‍ കേരളസര്‍ക്കാരിന്റെ പ്രവാസി കേരളീയകാര്യ വകുപ്പ് അഥവാ നോര്‍ക്ക വിവിധ പദ്ധതികളാണ് നടത്തി വരുന്നത്. വിദേശത്ത് നിന്നും തിരിച്ചുവരുന്നവരുടെ പുനരധിവാസം, വിദേശ കേരളീയരെ സംസ്ഥാനത്ത് നിക്ഷേപം നടത്തുന്നതിന് പ്രേരിപ്പിക്കുക എന്നിവ ഇതില്‍പെടും. നോര്‍ക്കയുടെ കീഴിലുള്ള സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സിലൂടെ പ്രവാസികളെ ചേര്‍ത്തു പിടിക്കുകയാണ് സര്‍ക്കാര്‍. കോവിഡ് കാലത്തെ പ്രാരാബ്ദങ്ങളിലും ബുദ്ധിമുട്ടിലും നാട്ടില്‍ പുതിയ ഉപജീവനമാര്‍ഗം കണ്ടെത്താന്‍ കൂട്ടാവുകയാണ് നോര്‍ക്ക റൂട്ട്സ്.

തിരികെയെത്തിയ പ്രവാസികള്‍ക്കായി പുനരധിവാസ പദ്ധതി

തിരികെയെത്തിയ പ്രവാസികളെ സംരംഭകരാക്കാന്‍ മാര്‍ഗനിര്‍ദേശവും മൂലധന സബ്സിഡിയും നല്‍കി സഹായ ഹസ്തം നീട്ടുകയാണ് സര്‍ക്കാര്‍. കാര്‍ഷിക, വ്യവസായ മേഖലയില്‍ കോഴി വളര്‍ത്തല്‍, ഉള്‍നാടന്‍ മത്സ്യകൃഷി, അലങ്കാര മത്സ്യകൃഷി, ക്ഷീരോത്പാദനം, ഭക്ഷ്യ സംസ്‌ക്കരണം, സംയോജിത കൃഷി, ഫാം ടൂറിസം, ആടു വളര്‍ത്തല്‍, പച്ചക്കറി കൃഷി, പുഷ്പ കൃഷി, തേനീച്ച വളര്‍ത്തല്‍ തുടങ്ങിയവയും കച്ചവട രംഗത്ത് വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന പൊതു കച്ചവടം, റിപ്പയര്‍ ഷോപ്പ്, റസ്റ്റോറന്റുകള്‍, ഹോം സ്റ്റേ തുടങ്ങിയ സേവനങ്ങള്‍, ടാക്സി സര്‍വ്വീസ് (വാഹന വായ്പ), ഉല്‍പാദന രംഗത്ത് ചെറുകിട ഇടത്തരം സംരംഭങ്ങള്‍, വ്യവസായങ്ങള്‍, സലൂണുകള്‍, പേപ്പര്‍ കപ്പ്, പേപ്പര്‍ റീസൈക്ലിങ്, ചന്ദനത്തിരി, കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ എന്നീ തൊഴിലുകളിലേക്ക് തിരിയുന്ന പ്രവാസികള്‍ക്കാണ് ധനസഹായം നല്‍കുക.

പരമാവധി 30 ലക്ഷം രൂപ ചിലവു വരുന്ന പദ്ധതികള്‍ക്ക് മൂലധന സബ്സിഡി വായ്പയുടെ 15 ശതമാനം മൂന്ന് ലക്ഷം വരെ ബാക്ക് എന്‍ഡ് സബ്സിഡി നല്‍കുന്നു. കൃത്യമായി തിരിച്ചടക്കുന്നവര്‍ക്ക് നാല് വര്‍ഷത്തേക്ക് മൂന്ന് ശതമാനം പലിശ സബ്സിഡി ലഭിക്കും. ഈട് വെക്കാന്‍ നിവര്‍ത്തിയില്ലാത്ത സംരംഭങ്ങള്‍ ആരംഭിക്കാന്‍ ബുദ്ധിമുട്ടുന്ന തിരികെയെത്തിയ പ്രവാസികള്‍ക്ക് പത്ത് ലക്ഷം രൂപ വരെ ബാങ്ക് ഓഫ് ഇന്ത്യയിലൂടെ ഈടില്ലാതെ വായ്പ നല്‍കുന്നു.

തിരികെയെത്തിയ പ്രവാസി കേരളീയരുടെ കുടുംബത്തിന് മരണാനന്തര ധനസഹായമായി പരമാവധി ഒരു ലക്ഷം രൂപ വരെ നല്‍കുന്നു. ക്യാന്‍സര്‍, ഹൃദയ ശാസ്ത്രക്രിയ, വൃക്കരോഗം, പക്ഷാഘാതം തുടങ്ങിയ ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സാ ധനസഹായമായി പരമാവധി 50,000 രൂപ വരെ നല്‍കി വരുന്നു. അംഗവൈകല്യ പരാതി പരിഹാര ഉപകരണങ്ങള്‍ വാങ്ങാനായി 10,000 രൂപ വരെയും തിരികെയെത്തിയ പ്രവാസികളുടെ പെണ്‍മക്കളുടെ വിവാഹ ധനസഹായത്തിന് 15,000 രൂപ വരെയും നല്‍കി വരുന്നു. ഈ ധനസഹായത്തിനായി അപേക്ഷിക്കുന്ന അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ അധികമാകാന്‍ പാടില്ല. കുറഞ്ഞത് രണ്ട് വര്‍ഷം വിദേശത്ത് ജോലി ചെയ്തിരിക്കണം. തിരികെ നാട്ടിലെത്തിയിട്ട് വിദേശത്ത് ജോലി ചെയ്ത കാലയളവ് അല്ലെങ്കില്‍ പത്തു വര്‍ഷം ഇവയില്‍ ഏതാണോ കുറവ് ആ സമയ പരിധിക്കുള്ളില്‍ അപേക്ഷിക്കണം.

ചതിക്കുഴികളില്‍ വീഴാതെ വിദേശ ജോലി

വിദേശ തൊഴിലിനായി യാത്ര തിരിക്കുന്നതിന് മുന്‍പ് എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള പാസ്പോര്‍ട്ട് ഉടമകള്‍ക്ക് നോര്‍ക്ക വകുപ്പിന്റെ പ്രീ ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ പരിശീലന പരിപാടി ഉപയോഗപ്പെടുത്താം. തൊഴില്‍ദാതാവിനെ കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ റിക്രൂട്ടിങ് ഏജന്‍സിയുടെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാറിന്റെ www.emigrate.gov.in ല്‍ പരിശോധിച്ച് ഉറപ്പ് വരുത്താം. ഇ-മൈഗ്രേറ്റ് വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള റിക്രൂട്ട്മെന്റ് ഏജന്‍സികളിലൂടെ സുരക്ഷിതമായി വിദേശ കുടിയേറ്റം നടത്താം.

പ്രവാസി സംരംഭകര്‍ക്ക് നല്ലകാലം

പ്രവാസി കേരളീയര്‍ക്ക് കേരളത്തില്‍ നിക്ഷേപിക്കാനുള്ള സാധ്യതകളും അവസരങ്ങളും പരിചയപ്പെടുത്താനും എന്‍.ബി.എഫ്.സി (നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍) സഹായിക്കും. വിവിധ മേഖലകളിലെ നിക്ഷേപ അവസരങ്ങളും സാധ്യതകളും സംബന്ധിച്ച വിവരങ്ങള്‍ നോര്‍ക്കയിലൂടെ ലഭിക്കും. പദ്ധതികളെ സംബന്ധിച്ചും പദ്ധതി രേഖ തയ്യാറാക്കുന്നത് സംബന്ധിച്ചും വിദഗ്ധ സഹായം സൗജന്യമായി ലഭിക്കും. കമ്പനി, നിയമ, സാമ്പത്തിക കാര്യങ്ങളില്‍ സൗജന്യ വിദഗ്ദോപദേശം, അടിസ്ഥാന, പശ്ചാത്തല സൗകര്യങ്ങള്‍ക്കും സാമ്പത്തിക സഹായത്തിനും സിഡ്കോ, കിന്‍ഫ്ര, കെ.എസ്.ഐ.ഡി.സി, കെ.എഫ്.സി തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായ സഹകരണം എന്നിവ നോര്‍ക്ക നല്‍കുന്നു

LEAVE A REPLY