അനന്തുവിനെ കൊന്ന യുവാക്കള്‍ കെജിഎഫിലെ റോക്കിഭായ് ആരാധകര്‍; വെട്ടിയത് സിനിമയിലെ തീപാറുന്ന ഡയലോഗുകളും ആക്ഷനും അനുകരിച്ചുകൊണ്ട്

തിരുവനന്തപുരം :തിരുവനന്തപുരത്ത് അനന്തുവെന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ സംഘം ശ്രമിച്ചത് സമീപകാലത്തെ സൂപ്പര്‍ഹിറ്റ് ചിത്രമായ കെ.ജി.എഫ് എന്ന സിനിമയിലെ അധോലോകം കീഴടക്കുന്ന നായകനെപ്പോലെയാകാന്‍.

സ്വര്‍ണഖനിയുടെ പശ്ചാത്തലത്തില്‍ അധോലോക നായകന്മാരുടെ കഥ പറയുന്ന കെജിഎഫിലെ റോക്കിഭായി എന്ന നായകന്റെ ആരാധകരായിരുന്നു പ്രതികള്‍. റോക്കിഭായി സിനിമയില്‍ അധോലോക നായകനായി വളരുന്നതുപോലെ തങ്ങള്‍ക്കും മാറണമെന്നായിരുന്നു ഇവരുടെ ലക്ഷ്യം. അനന്തുവിനെ മര്‍ദ്ദിക്കുന്ന സമയത്ത് കെജിഎഫിലെ സംഭാഷണങ്ങളും നായകന്റെ ആക്ഷനുകളും കൊലയാളി സംഘം അനുകരിച്ച പ്രതികള്‍ മൊഴി നല്‍കുമ്പോള്‍ പോലും ഇത് ആവര്‍ത്തിച്ചുവെന്നും പൊലീസ് പറയുന്നു.

അനന്തുവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ പ്രതികളില്‍ ഒരാള്‍ അയാളുടെ കാമുകിക്കും ചില സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുത്തിരുന്നുവെന്ന കാര്യവും പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നുണ്ട്. അനന്തുവിനെ തങ്ങള്‍ കൊലപ്പെടുത്തിയെന്ന കാര്യം എല്ലാവരെയും അറിയിക്കാന്‍ പ്രതികള്‍ വ്യഗ്രത കാട്ടിയിരുന്നുവെന്നും പൊലീസ് അനുമാനിക്കുന്നു.

പ്രതികളില്‍ ഒരാള്‍ തന്റെ അച്ഛനെ വിളിച്ച് തങ്ങള്‍ ചെയ്ത കാര്യം അറിയിച്ചതാണ് ഒടുവില്‍ കൊലയാളികള്‍ പൊലീസ് പിടിയിലാകാന്‍ കാരണം. നഗരത്തിലെ കുപ്രസിദ്ധനായൊരു ഗൂണ്ട നേതാവ് ആയിരുന്നു, ഈ പ്രതിയുടെ അച്ഛന്‍. മറ്റൊരു ഗൂണ്ടയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുമാണയാള്‍. ഇയാളാണ് പൊലീസിനെ വിളിച്ച് അനന്തു കൊല്ലപ്പെട്ട വിവരം പൊലീസിനെ അറിയിക്കുന്നത്. ആദ്യം കാര്യമായി എടുത്തില്ലെങ്കിലും, കൃത്യമായ സ്ഥലം സഹിതം വിവരം നല്‍കിയതോടെയാണ് പൊലീസ് അന്വേഷിച്ച് എത്തുന്നതും മൃതദേഹം കണ്ടെത്തുന്നതും.

അതിവിദഗ്ധമായാണ് പ്രതികള്‍ അനന്തുവിനായി വല വിരിച്ചതും കൊലപ്പെടുത്തിയതും. കൊഞ്ചിറവിള ക്ഷേത്രത്തില്‍ ഉത്സവത്തിനിടയില്‍ നടന്ന സംഘത്തില്‍ തങ്ങളെ ആക്രമിച്ചതിലുള്ള പ്രതികളുടെ പ്രതികാരമായിരുന്നു അനന്തുവിന്റെ കൊലപാതകം. മദ്യത്തിനും മയക്കു മരുന്നിനും അടിമകളായിരുന്ന പ്രതികള്‍ കൃത്യമായ ആസൂത്രണം നടത്തി തന്നെയായിരുന്നു അനന്തുവിനെ തട്ടിക്കൊണ്ടു പോകുന്നത്. അനന്തു കരമനയില്‍ എത്തുമെന്നു വിവരം കിട്ടിയ പ്രതികള്‍ സ്ഥലത്ത് എത്തുകയും അനന്തു കടയില്‍ ജ്യൂസ് കുടക്കാന്‍ കയറി സമയം, ഒരാള്‍ അനന്തു വന്ന ബൈക്കിന്റെ പ്ലഗ് വയര്‍ മുറിച്ചു മാറ്റുകയും ചെയ്തു.

പിന്നീട് സൗഹൃദം നടിച്ച് തങ്ങളുടെ ബൈക്കില്‍ കയറ്റുകയായിരുന്നു. അപകടം തിരിച്ചറിയാന്‍ കഴിയും മുന്നേ അനന്തുവിനെ പ്രതികള്‍ അവിടെ നിന്നും കൊണ്ടു പോവുകയായിരുന്നു. പൊലീസിന്റെ സാന്നിധ്യമുള്ള സ്ഥലങ്ങള്‍ ആയിരുന്നിട്ടും ബഹളങ്ങളൊന്നുമില്ലാതെ അനന്തുവിനെ കൊണ്ടുപോകാനും പ്രതികള്‍ക്ക് കഴിഞ്ഞു. പ്രതികളുടെ സ്ഥിരം സങ്കേതം എന്നു കരുതുന്ന കൊല നടത്തിയ സ്ഥലത്ത് ഇവരില്‍ ഒരാളുടെ പിറന്നാള്‍ ആഘോഷവും നടത്തിയശേഷമാണ് അനന്തുവിന്റെ ശിക്ഷ നടപ്പിക്കായിത്. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്തിരുന്നു. കൈ ഞരമ്പുകള്‍ ആഴത്തില്‍ മാംസത്തോടെ മുറിച്ചെടുത്തും കരിക്കിനും കല്ലിനും ഇടിച്ചും തലയും ദേഹവും തല്ലി തകര്‍ത്തുമൊക്കെയാണ് പ്രതികള്‍ അനന്തുവിനെ കൊല്ലുന്നത്. കണ്ണുകളില്‍ എരിയുന്ന സിഗറ്റ് കൊണ്ടു കുത്തിയും പ്രതികള്‍ അനന്തുവിനെ വേദനിപ്പിച്ചിരുന്നു.

ഇത്രവലിയൊരു കൃത്യം ചെയ്തവരായിട്ടും തെളിവെടുപ്പിനു കൊണ്ടു വന്നപ്പോള്‍ യാതൊരു കൂസലും ഇല്ലായിരുന്നു പ്രതികള്‍ക്ക്. ആകെ എട്ടുപേര്‍ അനന്തുവിനെ കൊല്ലപെടുത്തിയ സംഘത്തില്‍ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇവരില്‍ അഞ്ചുപേരെയാണ് പിടികൂടിയിരിക്കുന്നത്. മൂന്നപേരെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. വിദേശത്തേക്ക് ജോലിക്കു പോകാന്‍ തയ്യാറെടുത്തിരിക്കുന്നതിനിടയിലാണ് അനന്തുവിനെ ഇവര്‍ ക്രൂരമായി കൊലപ്പെടുത്തുന്നത്.

LEAVE A REPLY