മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന് ഇന്ന് ഒരു വയസ്

ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചിട്ട് ഇന്ന് ഒരു വർഷം. 2019 ജനുവരി 30 ന് കേരളത്തിലാണ് രാജ്യത്തെ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. വുഹാനിൽ തുടങ്ങി ലോകമാകെ പടർന്നു പിടിച്ചുകൊണ്ടിരുന്ന കോവിഡ് വുഹാനിൽ മെഡിക്കൽ വിദ്യാർഥി ആയിരുന്ന തൃശൂർ സ്വദേശിയിലൂടെ കേരളത്തിലേക്കെത്തിയത് കേരളത്തെ ഒന്ന് ഞെട്ടിച്ചു. പിന്നീട് വുഹാനിൽ നിന്നെത്തിയ രണ്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

ആദ്യ ഘട്ടത്തെ പ്രതിരോധിച്ചെങ്കിലും പിന്നാലെ മാർച്ചിൽ ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശികൾക്ക് രോഗം സ്ഥിരീകരിച്ചത് കേരളത്തെ വീണ്ടും ആശങ്കയിലാക്കി. പിന്നെ കേരളത്തിൽ കോവിഡ് പടർന്ന് പിടിക്കാൻ ആരംഭിച്ചു. രോഗവും മരണവും കേരളത്തെ വല്ലാതെ വേദനിപ്പിച്ചു. എന്നാൽ തോറ്റു കൊടുക്കാൻ കേരളം തയ്യാറായില്ല. ലോക്ക്ഡൗൺ, കണ്ടൈൻമെൻറ് സോൺ, ക്വാറന്റൈൻ, റിവേഴ്‌സ് ക്വാറന്റൈൻ, ശാരീരിക അകലം, മാസ്ക് തുടങ്ങിയവയെല്ലാം മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായി മാറി.

ബോധവത്കരണങ്ങൾക്ക് പിന്നാലെ മെയ് മുതൽ ഇളവുകൾ ആരംഭിച്ചു. ഇത് പുതിയൊരു അങ്കത്തിനു വഴിയൊരുക്കുകയായിരുന്നു. ഇളവുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ വിദേശത്ത് നിന്നും ആളുകൾ എത്താൻ തുടങ്ങി. ഒപ്പം രോഗനിരക്കും മരണനിരക്കും വർധിക്കാൻ തുടങ്ങി. രോഗമുക്തരുടെ നിരക്ക് വർധിപ്പിക്കാൻ കേരളം നടത്തിയ പോരാട്ടം വിജയപാതയിൽ തന്നെ ആയിരുന്നു. കോവിഡിനെ നിയന്ത്രിക്കാൻ കേരളം നടത്തിയ പ്രയത്നം മാതൃകയാവുകയും ആഗോള തലത്തിൽ തന്നെ പ്രശംസയ്ക്ക് ഇടയാക്കുകയും ചെയ്തു.

വാക്‌സിൻ തയ്യാറായെങ്കിലും വാക്‌സിനേഷൻ എടുക്കുന്നതിൽ ആശങ്കകളും സംശയങ്ങളും ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ കേരളം വാക്‌സിനേഷൻ എടുക്കുന്ന തിരക്കിലാണ്. ഇന്ത്യയിൽ ആകെ ഇപ്പോൾ 1.07 കോടി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിൽ 917630 കേസുകളും റിപ്പോർട്ട് ചെയ്തു. ഇതിൽ 841444 പേർ രോഗമുക്തി നേടി. നിലവിൽ 72239 പേർ ചികിത്സയിലാണ്. കേരളം തളരാതെ തന്നെ കോവിഡിനെതിരെ പോരാടി മുന്നോട്ട് പോകുകയാണ്. ഒട്ടും വൈകാതെ തന്നെ കേരളത്തിൽനിന്ന് കോവിഡിനെ തുടച്ചു നീക്കാനുള്ള പരിശ്രമത്തിലാണ് സർക്കാരും ജനങ്ങളും.

LEAVE A REPLY