നിലവിലെ സംഭവവികാസങ്ങള്‍ വച്ചു നോക്കുമ്പോള്‍ എന്റെ മകന്റെ മരണത്തിലും ദുരൂഹതയുള്ളതായി സംശയിക്കുന്നുവെന്ന് തൊടുപുഴയില്‍ ക്രൂര പീഡനത്തിന് ഇരയായി ഗുരുതരാവസ്ഥയില്‍ തുടരുന്ന കുട്ടിയുടെ മുത്തച്ഛന്‍. ഭാര്യ വീട്ടില്‍ വച്ച് മരിച്ച എന്റെ മകന്റെ മൃതദേഹം അന്നു തന്നെ അവര്‍ എന്റെ വീട്ടില്‍ എത്തിച്ചു. അന്നും പിറ്റേന്നും അരുണും ഇവിടെ ഉണ്ടായിരുന്നു. അപ്പോഴൊന്നും ഞങ്ങള്‍ക്ക് യാതൊരു സംശയവും തോന്നിയിരുന്നില്ലെന്നും എന്നാല്‍, ഇപ്പോള്‍ മകന്റെ മരണത്തില്‍ ദുരൂഹതയുള്ളതായി സംശയിക്കുന്നുവെന്നും ആ പിതാവ് പറയുന്നു.
ഭര്‍ത്താവ് ബിജു മരിച്ച് മൂന്നാം ദിവസം തന്നെ അരുണിനെ വിവാഹം ചെയ്യാന്‍ യുവതി ആവശ്യപ്പെട്ടതായിട്ടാണ് വിവരം. 2018 മെയ് 23 നായിരുന്നു ബിജു മരിച്ചത്. അന്നു രാത്രി തന്നെ തൊടുപുഴയില്‍ നിന്നും മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. മരണ ദിവസം തന്നെ ഈ വീട്ടിലെത്തിയ അരുണ്‍ തുടര്‍ച്ചയായി മൂന്ന് ദിവസം യുവതിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. മൂന്നാം ദിവസം അരുണിനെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ട് ഭര്‍ത്തൃകുടുംബത്തെ ഞെട്ടിച്ചു.
ബിജു മരിച്ച ശേഷമാണ് അരുണ്‍ ആനന്ദിനെ പരിചയപ്പെട്ടതെന്നാണ് യുവതി പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ മരുമകള്‍ എപ്പോഴാണ് ആനന്ദിനെ പരിചയപ്പെട്ടതെന്നതോ സ്നേഹത്തിലായതെന്നോ ബിജുവിന്റെ വീട്ടുകാര്‍ക്കറിയില്ല. ഇപ്പോള്‍ ബിജുവിന്റെ മരണത്തില്‍ പോലും കുടുംബം സംശയം ആരോപിക്കുകയാണ്. പൂര്‍ണ്ണാരോഗ്യവാനായ ബിജു മരിക്കുന്നതിന്റെ തലേന്ന് പോലും തങ്ങളുമായി ഫോണില്‍ സംസാരിച്ചിരുന്നതായിട്ടാണ് ബിജുവിന്റെ മാതാപിതാക്കള്‍ പറയുന്നത്.
പിതാവ് ബാബുവിന്റെ സഹോദരിയുടെ മകനായ അരുണുമായി ബിജു 15 വര്‍ഷം മുമ്പ് വഴക്കിട്ടിരുന്നു. കടം കൊടുത്ത പണം തിരിച്ചു ചോദിച്ചതായിരുന്നു കാരണം. അതിന് ശേഷം ഇരുവരും മാനസീകമായി അകലത്തിലായിരുന്നു. മെക്കാനിക്കല്‍ എഞ്ചിനീയറായ ബിജു കഠിനാദ്ധ്വാനി ആയിരുന്നു. തൊടുപുഴയില്‍ വീടിനടുത്ത് തന്നെയാണ് ബിജു വര്‍ക്ക്ഷോപ്പ് നടത്തിയിരുന്നത്. ഇതില്‍ നിന്നും നല്ല വരുമാനം കിട്ടുന്നുണ്ടെന്ന് ബിജു മാതാപിതാക്കളെ വിളിച്ചു പറഞ്ഞിരുന്നു.
ബിജു കുട്ടികളുടെ പേരില്‍ ഇട്ടിരുന്നു മൂന്ന്ലക്ഷം രൂപ പോലും അരുണ്‍ എടുത്തിരുന്നതായിട്ടാണ് വിവരം. മകളെ അരുണുമായുള്ള ബന്ധത്തില്‍നിന്നു വിലക്കിയിരുന്നതായി യുവതിയുടെ മാതാവും പറഞ്ഞു.
രക്ഷിക്കാന്‍ ശ്രമിച്ചിരുന്നന്നെങ്കിലും അവള്‍ കൂട്ടാക്കിയില്ലെന്നാണ് യുവതിയുടെ മാതാവ് പറയുന്നത്. ” മകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും അവനില്‍നിന്ന് ഏതു നിമിഷവും അപായം സംഭവിക്കാമെന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു. ഇതിനാല്‍ മകള്‍ അറിയാതെ അവരെക്കുറിച്ച് അന്വേഷിക്കാറുണ്ടായിരുന്നു. പക്ഷേ, ഒടുവില്‍ ഞാന്‍ ഭയന്നതുതന്നെ സംഭവിച്ചു”-തൊടുപുഴയില്‍ ക്രൂരമര്‍ദനത്തിനിരയാക്കിയ ഏഴു വയസുകാരന്റെ അമ്മൂമ്മയുടെ വാക്കുകളാണിത്.