ചാവേറിനെ തെരഞ്ഞെടുത്തതു നറുക്കെടുപ്പിലൂടെ…സ്ത്രീകളെയും കുട്ടികളെയും ഉപയോഗിച്ച് തലച്ചുമടായി സ്‌ഫോടകവസ്തുക്കള്‍ അതിര്‍ത്തി കടത്തി

ന്യൂഡല്‍ഹി: പുല്‍വാമയില്‍ ഭീകരാക്രമണം നടത്തേണ്ട ചാവേറിനെ തെരഞ്ഞെടുത്തതു നറുക്കെടുപ്പിലൂടെ! പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകനേതാവ് മൗലാന മസൂദ് അസറിന്റെ സഹോദരന്‍ ”ഡോ. സുലൈമാന്‍” എന്നറിയപ്പെടുന്ന ഇബ്രാഹിം അസര്‍, ജയ്ഷ് കമാന്‍ഡര്‍ കമ്രാന്‍ എന്നിവരുടെ സാന്നിധ്യത്തിലാണു ചാവേറായി ആദില്‍ അഹമ്മദ് ദാറിന്റെ പേര് നറുക്കെടുത്തതെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചു.

ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം 1999-ല്‍ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്കു തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ ആസൂത്രകരില്‍ ഒരാളാണ് ഇബ്രാഹിം അസര്‍. വിമാനയാത്രക്കാരുടെ ജീവന്‍ രക്ഷിക്കുന്നതിനായി അന്ന് മസൂദ് അസര്‍ ഉള്‍പ്പെടെ മൂന്നു ഭീകരരെ ഇന്ത്യക്കു മോചിപ്പിക്കേണ്ടിവന്നിരുന്നു. പുല്‍വാമ ആക്രമണത്തേത്തുടര്‍ന്ന്, കഴിഞ്ഞദിവസം നടന്ന ഏറ്റുമുട്ടലില്‍ കമ്രാനെ ഇന്ത്യന്‍ സൈന്യം വധിക്കുകയും ചെയ്തിരുന്നു.

പുല്‍വാമയില്‍ ചാവേര്‍ സ്‌ഫോടനത്തിന് ഉപയോഗിച്ച ഡിറ്റൊണേറ്ററുകളും ഫ്യൂസുകളും അതിര്‍ത്തിക്കപ്പുറത്തുനിന്ന് എത്തിച്ചതാണെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ കണ്ടെത്തി. നിയന്ത്രണരേഖയിലൂടെ ഇവ തലച്ചുമടായെത്തിക്കാന്‍ സ്ത്രീകളെയും കുട്ടികളെയുമാണ് ഉപയോഗിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ബോംബിന്റെ നിയന്ത്രണസംവിധാനം പ്രാദേശികമായി വികസിപ്പിച്ചതാണ്. സ്‌ഫോടനത്തിനു തൊട്ടുമുമ്പാണ് ഘടകങ്ങള്‍ കൂട്ടിയോജിപ്പിച്ചത്. സ്‌ഫോടനത്തിനുപയോഗിച്ച ആര്‍.ഡി.എക്‌സ്. റാവല്‍പിണ്ടിയില്‍ പാകിസ്താന്‍ സൈന്യം ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ക്കു കൈമാറുകയായിരുന്നു. കഴിഞ്ഞവര്‍ഷം മാര്‍ച്ച് മുതലാണ് ഇവ അതിര്‍ത്തി കടത്താന്‍ തുടങ്ങിയത്.

തോള്‍സഞ്ചികളിലും സിലിണ്ടറുകളിലും കല്‍ക്കരി നിറച്ച ചാക്കുകളിലുമാണ് സ്‌ഫോടകവസ്തുക്കള്‍ പുല്‍വാമയിലെ ട്രാള്‍ ഗ്രാമത്തിലേക്കു കടത്തിയത്. ആക്രമണം നടത്തിയ ആദില്‍ അഹമ്മദ് ദാറി (20)നു പരിശീലനം നല്‍കിയത് ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ സഹോദരന്‍ ഇബ്രാഹിമിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലെന്നു റിപ്പോര്‍ട്ട്. കഴിഞ്ഞ ഒക്‌ടോബര്‍ 30 നു സുരക്ഷാ സേന വധിച്ച കൊടുംഭീകരന്‍ മുഹമ്മദ് ഉസ്മാന്റെ പിതാവാണു മസൂദിന്റെ സഹോദരനായ ഇബ്രാഹിം അസര്‍. ഇക്കഴിഞ്ഞ 14 നു പുല്‍വാമയിലെ ലെത്ത്‌പ്പോരയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ 40 സി.ആര്‍.പി.എഫ്. ജവാന്‍മാരാണ് വീരമൃത്യു വരിച്ചത്.

1999 ലെ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം റാഞ്ചലോടെയാണ് ഇബ്രാഹിം, സുരക്ഷാ സേനകളുടെ പട്ടികയില്‍ ഇടം പിടിക്കുന്നത്. ജയിലിലായിരുന്ന മസൂദ് അസറിന്റെയും മറ്റു രണ്ടു ഭീകരരുടെയും മോചനത്തിനായി വിലപേശല്‍ നടത്തിയത് ഇയാളുടെ നേതൃത്വത്തിലായിരുന്നു. അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ഡാനിയല്‍ പേളിനെ തട്ടിക്കൊണ്ടു പോയി വധിച്ച അഹമ്മദ് ഒമര്‍ സയീദ് ഷേഖ്, കശ്മീര്‍ ഭീകരരുടെ പ്രധാന പരിശീലകനായ മുഷ്താഖ് അഹമ്മദ് സര്‍ഗാര്‍ എന്നവരെയും ബന്ദികളുടെ മോചനത്തിനായി അന്നു കേന്ദ്ര സര്‍ക്കാരിനു മോചിപ്പിക്കേണ്ടി വന്നു. അതിര്‍ത്തി കടന്നുള്ള ഇബ്രാഹിമിന്റെ പോക്കുവരവിന് ഒത്താശ ചെയ്തിരുന്നത് കമ്രാനായിരുന്നു.

ആക്രമണത്തിനു വേണ്ട സ്‌ഫോടക വസ്തുക്കള്‍ സംഘടിപ്പിച്ചതും പ്രാദേശിക സഹകരണം ഏകോപിച്ചതും ഇയാള്‍ തന്നെയാണ്. കമ്രാനു പുറമേ പാകിസ്താന്‍കാരായ മുഹമ്മദ് ഒമര്‍, മുഹമ്മദ് ഇസ്മായില്‍ എന്നിവരും ആക്രമണത്തിന്റെ ആസൂത്രണത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നാണു വിവരം. ഇതില്‍ ഒമര്‍, മസൂദിന്റെ ബന്ധുവാണ്. ഒക്‌ടോബറില്‍ ബഡ്ഗാമില്‍ റിട്ട. എസ്.പി. ഗുലം മുഹമ്മദിന്റെ വസതി ആക്രമിച്ചത് ഇസ്മായിലായിരുന്നു.

LEAVE A REPLY