ഭീകരാക്രമണം പ്‌ളാന്‍ ചെയ്തിരുന്നത് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയ ദിനത്തില്‍ ; കനത്ത മഞ്ഞുവീഴ്ച മൂലം രണ്ടു ശ്രമങ്ങള്‍ പാളി; തീവ്രവാദികള്‍ ഡിസംബറില്‍ തന്നെ നുഴഞ്ഞുകയറിയിരുന്നു

ന്യൂഡല്‍ഹി: ഇന്ത്യയെ ഞെട്ടിച്ച പുല്‍വാമ തീവ്രവാദി ആക്രമണത്തിനുള്ള തയ്യാറെടുപ്പ് ജെയ്ഷ് ഇ മുഹമ്മദ് ഭീകര സംഘടന മൂന്നു മാസം മുമ്പ് പ്‌ളാന്‍ ചെയ്തിരുന്നതായി റിപ്പോര്‍ട്ട്. ഡിസംബറില്‍ പ്‌ളാന്‍ ചെയ്യുകയും പിന്നാലെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുകയും ചെയ്തതിന് ശേഷം ഫെബ്രുവരി 15 ന് ആക്രമണം നടപ്പാക്കുകയായിരുന്നു. ഫെബ്രുവരി 9 നും ഫെബ്രുവരി 11 നും രണ്ടു തവണ മാറ്റി വെച്ച പദ്ധതിയാണ് ഈ മാസം പകുതിയോടെ നടപ്പാക്കിയത്.

ചാവേര്‍ ആക്രമണം യഥാര്‍ഥത്തില്‍ നടത്താന്‍ ഉദ്ദേശിച്ചതു ഫെബ്രുവരി ഒന്‍പതിനായിരുന്നെന്നു വെളിപ്പെടുത്തല്‍. പാര്‍ലമെന്റ് ആക്രമണക്കേസിന്റെ മുഖ്യസൂത്രധാരന്‍ അഫ്‌സല്‍ ഗുരുവിനെ ഇന്ത്യ തൂക്കിലേറ്റിയതിന്റെ വാര്‍ഷികമാണു ഫെബ്രുവരി ഒന്‍പത്. ഭീകരസംഘടനയായ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ സ്ഥാപകന്‍ മഖ്ബൂല്‍ ഭട്ടിന്റെ ചരമവാര്‍ഷികദിനമായ ഫെബ്രുവരി പതിനൊന്നും ആക്രമണത്തീയതിയായി ജയ്‌ഷെ മുഹമ്മദിന്റെ പരിഗണനയിലുണ്ടായിരുന്നെന്ന് അന്വേഷണ ഏജന്‍സികള്‍ വെളിപ്പെടുത്തി.

ഈ രണ്ടുദിവസങ്ങളിലും കശ്മീരില്‍ കനത്ത മഞ്ഞുവീഴ്ചയായതിനാല്‍ ഫെബ്രുവരി 14-ന് ആക്രമണം നടപ്പാക്കുകയായിരുന്നു. ചാവേറായി ജയ്‌ഷെ മുഹമ്മദ് തെരഞ്ഞെടുത്ത ആദില്‍ അഹമ്മദ് ദാറിന് എസ്.യു.വി. ഓടിക്കാന്‍ തീവ്രപരിശീലനം നല്‍കി. തുടര്‍ന്ന്, സ്‌ഫോടകവസ്തുക്കള്‍ നിറച്ച എസ്.യു.വി. കഴിഞ്ഞ 14-ന് 78 വാഹനങ്ങളടങ്ങിയ സി.ആര്‍.പി.എഫ്. വ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റി. പുല്‍വാമയില്‍ നടക്കുന്ന അനേകം തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ബുദ്ധികേന്ദ്രം എന്ന് വിശേഷിപ്പിക്കപ്പെട്ട കമ്രാന്‍ എന്ന അബ്ദുള്‍ റഷീദ് ഗാസിയായിരുന്നു ആദില്‍ ദറിന് പരിശീലനം നല്‍കിയത്. പാകിസ്താന്‍കാരനായ ഇയാളെ പിന്നീട് സൈന്യം വധിക്കുകയും ചെയ്തു.

പുല്‍വാമയിലെ ഭീകരാക്രമണത്തിന് തൊട്ടു മുമ്പ് നടന്ന ഏറ്റുമുട്ടലില്‍ ഇയാള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു. ജെയ്ഷ് ഇ മുഹമ്മദ് തീവ്രവാദി സംഘടനയുടെ തലവനായ മൗലാന മസൂദ് അസ്ഹറിന്റെ വലംകയ്യെന്നാണ് ഗാസിയുടെ വിശേഷണം. അഫ്ഗാന്‍ യുദ്ധത്തില്‍ പങ്കെടുത്തയാളും സ്‌ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിലെ വിദഗ്ദ്ധനുമായ ഗാസി ഡിസംബര്‍ 9 ന് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറിയതായും പുല്‍വാമയില്‍ ഇയാള്‍ ഒളിച്ചിരിക്കുകയാണെന്നും ജനുവരി ആദ്യം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 30 കളുടെ പകുതിയില്‍ തീവ്രവാദി പ്രസ്ഥാനങ്ങളുടെ ഭാഗമായ ഇയാള്‍ യുദ്ധ സാങ്കേതിക വിദ്യകളില്‍ പ്രാവീണ്യം കിട്ടിയിട്ടുള്ളയാളാണ്.

അഫ്ഗാനിലെ ഖൈബര്‍ പക്തൂണ്‍വ പ്രവിശ്യയിലെ ഗിരിവര്‍ഗ്ഗ മേഖലയില്‍ നാറ്റോ സൈന്യത്തോട് ഏറ്റുമുട്ടിയ ശേഷം 2011 ലാണ് പാക് അധീന കശ്മീരിലേക്ക് തിരിച്ചെത്തിയത്. അന്നു മുതല്‍ തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കുകയായിരുന്നു. സ്‌നൈപ്പറായി വിദഗ്ദ്ധ പരിശീലനം കിട്ടിയ മസൂദ് അസ്ഹറിന്റെ ബന്ധു ഉസ്മാന്‍ കൊല്ലപ്പെട്ടതോടെയാണ് ഗാസിയെ താഴ്‌വാരത്തേക്ക് മസൂദ് അസര്‍ അയച്ചത്. ഉസ്മാന്‍ കൊല്ലപ്പെട്ടതിന് തൊട്ടു പിന്നാലെ പകരം വീട്ടുമെന്ന ജെയ്‌ഷെ പ്രസ്താവന ഇറക്കിയിരുന്നു. 2017 ല്‍ അസറിന്റെ മറ്റൊരു ബന്ധു ടല്‍ഹാറഷീദും കൊല്ലപ്പെട്ടിരുന്നു.

LEAVE A REPLY