കൊലയില്‍ കുഞ്ഞിരാമന്‍ എംഎല്‍എയ്ക്കും പങ്കെന്ന് ബന്ധുക്കള്‍; സിബിഐ അന്വേഷണം തേടി ഹൈക്കോടതിയിലേയ്ക്ക്

കാസര്‍ഗോഡ് : കാസര്‍ഗോഡ് ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും ബന്ധുക്കള്‍ ഹൈക്കോടതിയിലേയ്ക്ക്. കൊലപാതകത്തിന് പിന്നില്‍ ഉന്നതതല ഗൂഡാലോചന ഉണ്ടെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്‍ പറഞ്ഞു. പീതാംബരന് ഒറ്റയ്ക്ക് ഇത്തരമൊരു കൃത്യം നിര്‍വഹിക്കാന്‍ കഴിയില്ലെന്നും ഉന്നതര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും പ്രതികളെ എല്ലാവരെയും അറസ്റ്റു ചെയ്യണമെന്നും കൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

സിപിഎം അറിയാതെ കൊലപാതകം നടക്കില്ല. അടിപിടി പ്രശ്‌നമാണ് ഇത്തരമൊരു കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നും മുഖ്യമന്ത്രിയോ സിപിഎം നേതാക്കളോ ഫോണില്‍ പോലും വിളിച്ച് ആശ്വസിപ്പിക്കാത്തതില്‍ മനോവിഷമം ഉണ്ടെന്നും കൃഷ്ണന്‍ പറയുന്നു.

കൊല നടത്തിയത് പുറത്തു നിന്നുള്ളവരാണെന്നും കൊലയ്ക്കു പിന്നില്‍ മാസങ്ങള്‍ നീണ്ട ഗൂഡാലോചനയുണ്ടെന്നും ശരത്‌ലാലിന്റെ അച്ഛന്‍ പറഞ്ഞു. ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്റെ പ്രേരണയിലാണ് കൊലയെന്നും ശരത്‌ലാലിന്റെ അച്ഛന്‍ കുറ്റപ്പെടുത്തി.

അതേസമയയം, എംഎല്‍എയ്ക്ക് പങ്കുണ്ടെങ്കില്‍ അക്കാര്യം പോലീസിന്‍െ അറിയിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.