ചെല്ലാനം കടലേറ്റ പ്രശ്നങ്ങൾക്ക് പരിഹാരം

ജലസേചന വകുപ്പ് കിഫ്ബി സഹായത്തോടെ ചെല്ലാനം തീരത്ത് 344.2 കോടി രൂപ മുതല്‍ മുടക്കില്‍ ടെട്രാപോഡുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം ലഭിച്ചു. ചെല്ലാനം തീര സംരക്ഷണ പദ്ധതിയുടെ പ്രഖ്യാപനം നടക്കാനിരിക്കെ പ്രദേശത്തെ കടലേറ്റ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികളും സര്‍ക്കാരും. കടലേറ്റ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനൊപ്പം ചെല്ലാനത്തെ മാതൃകാ മത്സ്യ ഗ്രാമമാക്കി മാറ്റുക എന്നതും പദ്ധതിയുടെ ഭാഗമായി ലക്ഷ്യമിടുന്നുണ്ട്.

ചെല്ലാനം പഞ്ചായത്തിലെ ഹാര്‍ബറിന് സമീപത്ത് 10 കി.മീ ദൈര്‍ഘ്യത്തിലാണ് കടല്‍ ഭിത്തി പുനരുദ്ധാരണവും ബസാര്‍ കണ്ണമാലി ഭാഗത്ത് 1.90 കി.മീ ടെട്രാപോഡിന്റയും നിര്‍മാണമാണ് ആദ്യ ഘട്ടത്തില്‍ നടക്കുന്നത്. കടലേറ്റം ഏറ്റവും രൂക്ഷമായ കമ്പനിപ്പടി, വച്ചാക്കല്‍, ചാളക്കചടവ് പ്രദേശങ്ങളില്‍ കടല്‍ ഭിത്തി നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ കടല്‍ക്കയറ്റത്തിന് ശമനം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാനമൊട്ടാകെ 5300 കോടിയുടെ തീര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ടെട്രാപോഡുകള്‍ ഉപയോഗിച്ച് തീരം സംരക്ഷിക്കുന്നതിനൊപ്പം ജിയോട്യൂബുകള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളും പ്രദേശത്തു നടപ്പാക്കി വരികയാണ്. സംസ്ഥാനത്ത് ആദ്യമായി മത്സ്യ ഗ്രാമം പദ്ധതി നടപ്പാക്കാന്‍ ലക്ഷ്യമിടുന്നതും ചെല്ലാനത്താണ്. ചെന്നെ ആസ്ഥാനമായ നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടു കൂടിയായിരിക്കും തീരസംരക്ഷണ പദ്ധതി വിഭാവനം ചെയ്യുന്നത്.

LEAVE A REPLY