ശബരിമല സമരത്തിന് പിന്നില്‍ രാജാവും ചങ്ങാശ്ശേരിയും തന്ത്രിയും ; ആഞ്ഞടിച്ച് വെള്ളാപ്പള്ളി

കൊല്ലം: ശബരിമലയില്‍ സ്ത്രീകള്‍ കയറിയതിനെ രൂക്ഷമായി വിമര്‍ശിച്ചു എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് അനുകൂലമായ പല നിലപാടുകളും വ്യക്തമാക്കിയ വെള്ളാപ്പള്ളി കൊല്ലത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ശബരിമലയില്‍ കയറിയ സ്ത്രീകളെ നശൂലമെന്ന് വിളിച്ചായിരുന്നു ആക്ഷേപിച്ചത്. ശബരിമലയിലെ യുവതീ പ്രവേശത്തെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച വെള്ളാപ്പള്ളി ശബരിമല സമരത്തെ സവര്‍ണ്ണലോബിയുടെ കളിയെന്ന് പറഞ്ഞാണ് വിമര്‍ശിച്ചത്.

ശബരിമല വിഷയത്തില്‍ എതിര്‍ത്ത് നിന്ന എന്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനകളെ വിമര്‍ശിച്ചും സര്‍ക്കാരിനെ തലോടിയുമായിരുന്നു വാര്‍ത്താസമ്മേളനം. സമരത്തിന് പിന്നില്‍ സവര്‍ണ്ണലോബിയാണെന്നും സമരത്തിന് പിന്നില്‍ ഒരു രാജാവും ഒരു ചങ്ങനാശ്ശേരിയും ഒരു തന്ത്രിയും മാത്രമാണെന്ന് ആരോപിച്ചു. ശബരിമല സമരത്തെ സവര്‍ണ്ണാധിപത്യമെന്ന് ആക്ഷേപിക്കുകയും അയ്യപ്പസംഗമം രാഷ്ട്രീയ ലക്ഷ്യമാണെന്നും പറഞ്ഞു.

എന്‍എസ്എസിനെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. ശബരിമല സമരത്തിന് പിന്നില്‍ തമ്പ്രാക്കന്മാരെന്ന് കരുതുന്ന ചിലരാണെന്നും ഒരു രാജാവും ഒരു ചങ്ങനാശ്ശേരിയും ഒരു തന്ത്രിയുമാണെന്ന് പറഞ്ഞു. സര്‍ക്കാര്‍ നടത്തിയത് സുപ്രീംകോടതി വിധി നടപ്പാക്കല്‍ മാത്രമാണ്. ശബരിമലവിഷയത്തില്‍ ബിജെപിയ്ക്കും കോണ്‍ഗ്രസിനും പ്രത്യേകിച്ച് ഒരു നിലപാടും ഇല്ല. പൊതുജനം കഴുതയാണെന്ന് ആരും കരുതരുത്. ഇങ്ങിനെ പോയാല്‍ യുഡിഎഫിന്റെ വോട്ടുകള്‍ മുഴുവന്‍ ബിജെപിയിലേക്ക് പോകും. അത് യുഡിഎഫിന് സര്‍വനാശം ഉണ്ടാക്കും. ഇടതുപക്ഷത്തിന് ഒരു ചുക്കും സംഭവിക്കില്ലെന്നും പറഞ്ഞു.

അയ്യപ്പസംഗമം രാഷ്ട്രീയ ലക്ഷ്യം തന്നെയായിരുന്നു. അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാതിരുന്ന തന്റെ തീരുമാനം ശരിയായിരുന്നു. ദേവസ്വംബോര്‍ഡിലും ക്ഷേത്രങ്ങളിലും സവര്‍ണ്ണാധിപത്യമാണ്. ക്ഷേത്രഭരണം നടത്തുന്നത് 95 ശതമാനവും സവര്‍ണ്ണരാണ്. ഇതിന് ഒരു മാറ്റം ഉണ്ടാകണം. എന്‍എസ്എസില്‍ ആര്‍എസ്എസ് ഭൂരിപക്ഷമാണെന്നും പറഞ്ഞു.

അതേസമയം സിപിഎമ്മിന്റെ വനിതാമതിലിനെയും നവോത്ഥാനത്തെയും പിന്തുണച്ചിരുന്ന അദ്ദേഹം ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതിനെ വിമര്‍ശിച്ചത് സര്‍ക്കാരിന് തിരിച്ചടിയായി. ശബരിമലയിലെ യുവതീ പ്രവേശനത്തെ ശക്തമായി എതിര്‍ത്ത വെള്ളാപ്പള്ളി മലകയറിയ സ്ത്രീകളെ നശൂലമെന്നാണ് വിശേഷിപ്പിച്ചത്. കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ എത്തുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

LEAVE A REPLY