നിയമ പാലകര്‍ക്കും രക്ഷയില്ല; സര്‍ക്കാരിന് മീതെ പറക്കാന്‍ ഒരു ഓഫീസറെയും അനുവദിക്കില്ലെന്ന് കോടിയേരി

തിരുവനന്തപുരം: പോലീസ് സ്റ്റേഷന്‍ ആക്രമിച്ച പ്രതികള്‍ക്കായി സിപിഎം ജില്ലാ ഓഫീസ് റെയ്ഡ് ചെയ്ത എസ്പി ചൈത്ര തെരേസ ജോണിനെ വിമര്‍ശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാരിന് മീതെ പറക്കാന്‍ ഒരു ഓഫീസറെയും അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

സ്ത്രീയായതുകൊണ്ടല്ല നടപടി സ്വീകരിച്ചത്. സ്ത്രീയായാലും പുരുഷനായാലും ഓഫീസര്‍മാര്‍ നിയമപരമായി മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. സി.പി.എം നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. നിരോധിച്ച പാര്‍ട്ടിയോട് സ്വീകരിക്കുന്ന സമീപനം സി.പി.എമ്മിനോട് സ്വീകരിക്കാന്‍ പാടില്ല. പൊലീസിന് അത്യാവശ്യമായി പിടികൂടേണ്ട ഒരാളെ പിടിച്ചിരുന്നുവെങ്കില്‍ അവിടെ നടത്തിയ റെയ്ഡിന് ന്യായീകരണം കിട്ടുമായിരുന്നു. വെറുതേ ഓഫീസില്‍ കയറി ഒരു പ്രഹസനം നടത്തി അതിന്റെ പേരില്‍ പത്രങ്ങളില്‍ വാര്‍ത്തയുണ്ടാക്കി. ഓഫീസില്‍ കയറിയത് ആസൂത്രിതമാണെന്ന് പറയാന്‍ സാധിക്കില്ല. അവരുടെ എന്തോ തോന്നലിന്റെ ഭാഗമായി ചെയ്തതായിരിക്കും. ആസൂത്രിതമായി അത്തരം കാര്യങ്ങളൊന്നും ചെയ്യാന്‍ ഇതുപോലുള്ള ഓഫീസര്‍മാര്‍ക്ക് ഇപ്പോള്‍ കേരളത്തില്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും കോടിയേരി പറഞ്ഞു.

അതേസമയം കോടിയേരിയെ രൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സര്‍ക്കാര്‍ എന്ന് ഉദ്ദേശിച്ചത് പാര്‍ട്ടിയെ തന്നെയല്ലേ എന്നായിരുന്നു പലരുടെയും ചോദ്യം. പാര്‍ട്ടിക്ക് മീതെ പറക്കാന്‍ ഒരു ഓഫീസറെയും അനുവദിക്കില്ല എന്ന് പറഞ്ഞാല്‍ പോരെ എന്ന് പലരും ചോദിക്കുന്നു. നിയമം നടപ്പാക്കാന്‍ ശ്രമിക്കുന്നവര്‍ക്കും രക്ഷയില്ലേ എന്നും ചോദ്യം ഉയരുന്നുണ്ട്.

LEAVE A REPLY