കരട് തീരദേശ പ്ലാനിലെ അപാകതകൾ പരിഹരിക്കുന്നതിന് മൂന്നംഗ വിദഗ്ധസമിതി: മുഖ്യമന്ത്രി

കരട് തീരദേശ പ്ലാനിലെ അപാകതകൾ പരിഹരിക്കുന്നതിന് മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എം. രാജഗോപാൽ എം. എൽ. എയുടെ സബ്മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും ഈ രംഗത്തെ വിദഗ്ധരായ പി.ഇസഡ്. തോമസ്, പി.ബി. സഹസ്രനാമൻ എന്നിവരാണ് സമിതി അംഗങ്ങൾ. തിരുവനന്തപുരത്തെ കേന്ദ്ര ഭൗമശാസ്ത്ര പഠന കേന്ദ്രമാണ് കരട് തയ്യാറാക്കിയത്.

വിദഗ്ദ്ധ സമിതി ഇതിനകം രണ്ടുതവണ യോഗം ചേർന്നു. പ്രീ-ഡ്രാഫ്റ്റ് തയ്യാറാക്കുന്ന ഘട്ടത്തിൽ ടൂറിസം പ്ലാൻ, ഫിഷറീസ് പ്ലാൻ എന്നിവ ലഭ്യമാക്കേണ്ടതുണ്ട്. ടൂറിസം പ്ലാൻ ലഭ്യമായിട്ടുണ്ട്. ഫിഷറീസ് പ്ലാൻ ജൂലൈ 25ന് ലഭ്യമാകുമെന്ന് അറിയിച്ചിട്ടുണ്ട്. തുടർന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് കരട് നൽകി അഭിപ്രായങ്ങൾ സ്വീകരിച്ചശേഷം പബ്ലിക് ഹിയറിംഗ് നടത്തും. ആഗസ്റ്റ് അവസാനത്തോടെ പബ്ലിക് ഹിയറിംഗ് പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തീരദേശ പ്ലാൻ തയ്യാറാക്കൽ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും സാങ്കേതിക കാര്യങ്ങൾ പൂർത്തീകരിച്ച് പുതുക്കിയ പ്ലാൻ 2021 സെപ്റ്റംബർ 30ന് സമർപ്പിക്കാനാകണമെന്നും തീരുമാനിച്ചിട്ടുണ്ട്.

LEAVE A REPLY