ഷാര്‍ജയില്‍ തീപിടുത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് മരിച്ചു

ഷാര്‍ജ: ഷാര്‍ജയിലെ കല്‍ബയില്‍ വന്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മലപ്പുറം കല്‍പ്പകഞ്ചേരി കാണഞ്ചേരി സ്വദേശി കൈതക്കല്‍ ഹുസൈന്‍ (55), വളാഞ്ചേരി കൊട്ടാരം സ്വദേശി മണി എന്ന നിസാമുദ്ദീന്‍ (40), തലക്കടത്തൂര്‍ സ്വദേശി ഷിഹാബ് (25) എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വെള്ളിയാഴ്ച രാവിലെ 8.15നായിരുന്നു സംഭവം. അഗ്നിബാധയുടെ കാരണം ഇനിയും വ്യക്തമല്ല.

മലപ്പുറം എടംകുളം സ്വദേശി മജീദിന്റെ അല്‍ വഹ്ദ ഫര്‍ണിച്ചറിന്റെ, വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗോഡൗണാണ് അഗ്നിക്കിരയായത്. ഈ ഗോഡൗണിനോട് ചേര്‍ന്ന കെട്ടിടത്തിലാണ് അപകടത്തിലായവര്‍ താമസിച്ചിരുന്നത്.

അപകടസമയം, താമസ്ഥലത്ത് 13 പേരുണ്ടായിരുന്നു. അവധി ദിവസമായതിനാല്‍ ഇവരെല്ലാം ഉറക്കത്തിലായിരുന്നു. തീ ആളിക്കത്തുന്നത് തിരിച്ചറിഞ്ഞപ്പോര്‍ കെട്ടിടത്തിലുണ്ടായിരുന്ന പത്തുപേര്‍ മുറിയിലെ വിന്‍ഡോ എ.സി തള്ളി താഴെയിട്ട് അതിന്റെ പഴുതിലൂടെ രക്ഷപ്പെടുകയായിരുന്നു.

മരിച്ച മൂന്നുപേര്‍ വേറെ മുറിയിലായിരുന്നു കിടന്നിരുന്നത്. ഇവരും രക്ഷപ്പെട്ടിട്ടുണ്ടാകുമെന്നാണ് പുറത്തത്തെിയവര്‍ കരുതിയത്. ഈ മുറിയുടെ വാതില്‍ തുറന്ന് കിടക്കുകയായിരുന്നു. എന്നാല്‍, ഇവരെ പുറത്ത് തിരഞ്ഞപ്പോള്‍ കണ്ടില്ല. പിന്നീടാണ് മരണം സ്ഥിരീകരിച്ചത്.
ഡിഫന്‍സുകാര്‍ നടത്തിയ തിരച്ചിലില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ നാട്ടിലത്തെിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

LEAVE A REPLY