ഖത്തറില്‍ സലൂണുകളിലെ പരിശോധന കര്‍ശനമാക്കി;വ്യാജ ഉത്പന്നം ഉപയോഗിച്ചാല്‍ കടുത്ത നടപടി

ദോഹ: ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ ബ്യൂട്ടി സലൂണുകളിലും ബാര്‍ബര്‍ ഷോപ്പുകളിലും സാമ്പത്തിക വാണിജ്യ മന്ത്രാലയം പരിശോധന കര്‍ശനമാക്കി. സലൂണുകളില്‍ വ്യാജ ഉത്പന്നം ഉപയോഗിക്കുന്നതായി ലഭിക്കുന്ന പരാതികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് പരിശോധന കര്‍ശനമാക്കിയത്. ഗുണനിലവാരം കുറഞ്ഞ, കാലാവധി കഴിഞ്ഞതും വ്യാജവുമായ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്ന സലൂണുകള്‍ കര്‍ശന നടപടികള്‍ നേരിടേണ്ടി വരും.

ഉപഭോക്തൃ സംരക്ഷണ നിയമം സംബന്ധിച്ച 2008ലെ എട്ടാം നമ്പര്‍ നിയമ പ്രകാരം ഇത്തരം ഉത്പന്നങ്ങള്‍ നിരോധിച്ചതായി സലൂണ്‍ മാനേജര്‍മാര്‍ക്ക് മന്ത്രാലയം സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്. ഇത്തരം ഉത്പന്നങ്ങളുടെ വില്‍പ്പനയും പ്രദര്‍ശനവും പ്രമോഷനും നിരോധിച്ചുകൊണ്ടുള്ള നിയമത്തിലെ ആറാം വകുപ്പ് നിര്‍ബന്ധമായും പാലിച്ചിരിക്കണമെന്ന് ബാര്‍ബര്‍ഷോപ്പുകള്‍ക്കും ബ്യൂട്ടി സലൂണുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വ്യവസ്ഥകള്‍ പാലിക്കാത്തതും കാലാവധി കഴിഞ്ഞതുമായ ഉത്പന്നങ്ങളെ വ്യാജ ഉത്പന്നങ്ങളായാണ് നിയമം പരിഗണിക്കുന്നത്. ഉത്പന്നങ്ങളെക്കുറിച്ചുള്ള തെറ്റായ വിവരങ്ങളോ പരസ്യമോ പ്രദര്‍ശിപ്പിക്കരുതെന്ന നിയമത്തിലെ ഏഴാം വകുപ്പും നിര്‍ബന്ധമായും പാലിച്ചിരിക്കണമെന്ന നിര്‍ദേശവും സര്‍ക്കുലറില്‍ നല്‍കിയിട്ടുണ്ട്. ഗുണനിലവാരം കുറഞ്ഞതും കാലാവധി കഴിഞ്ഞതും വ്യാജവുമായ സൗന്ദര്യ വര്‍ധക ഉത്പന്നങ്ങള്‍ ബ്യൂട്ടി സലൂണുകളും ബാര്‍ബര്‍ ഷോപ്പുകളും ഉപയോഗിക്കുന്നതായിട്ടുള്ള പരാതികളുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കുലര്‍ നല്‍കിയതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ഹെയര്‍ ഡിസൈനുകളിലും ത്വക്ക് സംരക്ഷണ ഉത്പന്നങ്ങളിലും തെറ്റിദ്ധരിക്കപ്പെടുന്ന ലേബലുകള്‍ പ്രദര്‍ശിപ്പിക്കുന്നതും നിയമലംഘനത്തില്‍പ്പെടുന്നു. ഉത്പന്നത്തിന്റെ സ്വഭാവം, ഘടന, ചേരുവകള്‍, ഉപയോഗിക്കുന്നതിന്റെ ഫലം എന്നിവയെല്ലാം കൃത്യമായി ഉത്പന്നത്തിന്റെ ലേബലില്‍ പ്രദര്‍ശിപ്പിച്ചിരിക്കണം. കാലാവധി കഴിഞ്ഞ അല്ലെങ്കില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് അപകടസാധ്യതയുണ്ടാക്കുന്നവയാണെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഗുണനിലവാരം കുറഞ്ഞ ഉത്പന്നങ്ങളും ഉപഭോക്താവിന് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

ഉത്പന്നങ്ങളുടെ സ്വഭാവം, അതുളവാക്കുന്ന ഫലം എന്നിവയെക്കുറിച്ച് ഉപഭോക്താക്കളെ അറിയിച്ചിരിക്കണമെന്ന് സലൂണുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വ്യാജ ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും നിയമലംഘനം നടത്തുന്ന സലൂണുകള്‍ അടച്ചുപൂട്ടേണ്ട സാഹചര്യത്തിന് വഴിതെളിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഉപഭോക്തൃ സംരക്ഷണ നിയമം സംബന്ധിച്ച 2008 ലെ രണ്ടാം നമ്പര്‍ നിയമ പ്രകാരം ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കാനും ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനുമാണ് സര്‍ക്കുലര്‍ നല്‍കിയിരിക്കുന്നത്. ആരോഗ്യകരവും സുരക്ഷിതവുമായ ഉത്പന്നങ്ങളുടെ ഉപയോഗവും സേവനവും ഉത്പന്നങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരം അറിയാനുള്ള അവകാശവും ഉറപ്പാക്കുന്നതാണ് നിയമം.

muhammad

 

 

മുഹമ്മദ് ഷഫീക്ക് അറക്കല്‍