ലോസ് ഏഞ്ചല്‍സ് : അമേരിക്കയില്‍ ഹിജാബ് ധരിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ‘നീ ഇവിടുത്തുകാരിയല്ല’ എന്ന് ആക്ഷേപിച്ച് ബസില്‍ നിന്നും ഇറക്കിവിട്ടു. പ്രോവോ നഗരത്തിലെ ടിംപ്വ്യൂ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ജന്ന ബക്കീര്‍ (15) നെയാണ് സ്‌കൂള്‍ ബസില്‍ നിന്നും ഇറക്കിവിട്ടത്.
വാഹനത്തില്‍ നിന്നും പുറത്തിറങ്ങണമെന്ന് മൈക്കിലൂടെയാണ് തന്നോട് ആവശ്യപ്പെട്ടതെന്നും ബസില്‍ നിന്നും പുറത്താക്കിയപ്പോള്‍ മറ്റ് കുട്ടികളെല്ലാം തന്നെനോക്കി ചിരിച്ചുവെന്നും പൊട്ടിക്കരയാനാണ് അപ്പോള്‍ തോന്നിയതെന്നും കുട്ടി മാധ്യമങ്ങളോട് വിശദീകരിച്ചു.
സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ മാപ്പ് പറയണമെന്ന നിലപാടിലാണ് ജന്നയുടെ മാതാപിതാക്കള്‍. എന്നാല്‍, ഇത്തരത്തില്‍ ഒരു വിവേചനം തങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും കുട്ടി ബസ് മാറിക്കയറിയതിനാലാണ് പുറത്തിറക്കിയതെന്നുമാണ് സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.