ആലപ്പുഴ നഗരമധ്യത്തില്‍ പട്ടാപ്പകല്‍ വിദേശ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക ആക്രമണം

ആലപ്പുഴ: നഗരമധ്യത്തില്‍ പട്ടാപ്പകല്‍ വിദേശ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗിക ആക്രമണം. പരിസ്ഥിതി സംഘടനയായ ‘എ ട്രീ’യില്‍ ഇന്റേണ്‍ഷിപ്പ് നടത്തുന്ന ഭൂട്ടാന്‍ സ്വദേശിനി നേഹ റോയിയെന്ന (22) വിദ്യാര്‍ഥിനിയെയാണ് ബൈക്കിലെത്തിയ യുവാവ് അപമാനിച്ചത്. വ്യാഴാഴ്ച രാവിലെ പത്തോടെ മുല്ലക്കല്‍ അമ്മന്‍കോവില്‍ റോഡിലാണ് സംഭവം. വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

വേമ്പനാട്ട് കായലിന്റെ ആവാസ വ്യവസ്ഥയുമായി ബന്ധപ്പെട്ട് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എ ട്രീയില്‍ കുളവാഴയെ കുറിച്ച് പഠിക്കാനാണ് മെക്കാനിക്കല്‍ എന്‍ജിനീയറായ നേഹ രണ്ടുമാസം മുമ്പ് എത്തിയത്. വൈ.എം.സി.എക്ക് പിന്നിലെ അഷ്ടമുടി റിസോര്‍ട്ട് ഹോം സ്റ്റേയില്‍നിന്ന് ഓഫിസിലേക്ക് വരുമ്പോഴാണ് ആക്രമണം.

സംഭവത്തിനുശേഷം ഓഫിസിലത്തെിയ യുവതി സഹപ്രവര്‍ത്തകരോട് വിവരം പറയുകയും നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ആക്രമണം നടത്തിയ ബൈക്കിന്റെ വിവരങ്ങള്‍ അടക്കമാണ് പരാതി നല്‍കിയിരിക്കുന്നത്.