മാസങ്ങളായി ഭീകരരുടെ തടവിലുള്ള ഫാ. ടോം ഉഴുന്നാലിനെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് അറിവില്ല

ഗുരുവായൂര്‍: മാസങ്ങള്‍ക്ക് മുമ്പ് യെമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോവുകയും ഇപ്പോഴും തടവില്‍ കഴിയുകയും ഇടയ്ക്കിടെ ഭീകരര്‍ പുറത്തുവിടുന്ന ദൃശ്യങ്ങളിലൂടെ ദേശിയ മാധ്യമങ്ങളിലടക്കം ചര്‍ച്ചയാവുകയും ചെയ്തിട്ടുള്ള വൈദികള്‍ ഫാ. ടോം ഉഴുന്നാലിനെ അറിയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ ശക്തമാക്കിയതായും സൗഹൃദ രാജ്യങ്ങളുമായി ചര്‍ച്ച പുരോഗമിക്കുകയാണെന്നുമുള്ള പ്രസ്താവന വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചതിന് പിന്നാലെയാണ് രാജ്‌നാഥ് സിങിന്റെ പ്രതികരണം.

 

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് ശേഷം ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് മടങ്ങുന്നതിനിടെ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്‌നാഥ് സിങ്. ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ എന്തെങ്കിലും നടപടിയെടുത്തിട്ടുണ്ടോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. എന്നാല്‍ അതിന്് അദ്ദേഹം ആരാണെന്നായി കേന്ദ്ര ആഭ്യന്തരമന്ത്രി മറുചോദ്യം. ഒടുവില്‍
യെമനില്‍ നിന്ന് തട്ടിക്കൊണ്ടുപോയ മലയാളി വൈദികനാണ് ഫാ.ടോം ഉഴുന്നാലില്‍ എന്ന് മാധ്യമപ്രവര്‍ത്തര്‍ പറയുകയും പിന്നീട് തൊട്ടടുത്തു നിന്നിരുന്ന ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ് ഫാ.ടോം ഉഴുന്നാലിലിനെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് വിശദീകരിച്ചു കൊടുക്കുകയും ചെയ്യേണ്ടിവന്നു. ഒടുവില്‍ സര്‍ക്കാരിന് എന്തെങ്കിലും വിവരം കിട്ടിയാല്‍ അന്വേഷിക്കാമെന്നായി രാജ്‌നാഥ് സിംഗിന്റെ മറുപടി. 50 ദിവസം കഴിയുന്ന മുറയ്ക്ക് ‘അച്ഛാദിന്‍’ വരുമോ എന്ന ചോദ്യത്തിന് വരുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.