എ ക്ലാസ് തിയേറ്ററുകളില്‍ ഇന്നുമുതല്‍ മലയാള ചിത്രങ്ങളില്ല; പുതുവര്‍ഷത്തിലും അന്യഭാഷാ ചിത്രങ്ങള്‍

പ്രദര്‍ശനം തുടരുന്ന മലയാള ചിത്രങ്ങള്‍ എ ക്ലാസ് തിയേറ്ററുകളില്‍ നിന്ന് ഇന്ന് പിന്‍വലിക്കും. എ ക്ലാസ് തിയേറ്റര്‍ ഉടമകളുമായി റിലീസ് തര്‍ക്കത്തിന്റെ പേരില്‍ ഇനി ഒരു ചര്‍ച്ചയ്ക്കില്ലെന്ന് ഇരു സംഘടനയും വ്യക്തമാക്കിയിരുന്നു. ഇതോടെ ക്രിസ്മസ് പോലെ തന്നെ പുതുവര്‍ഷാരംഭവും അന്യഭാഷാ ചിത്രങ്ങളാകും തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുക.

ക്രിസ്മസിന് റിലീസുകള്‍ വേണ്ടെന്ന തീരുമാനമെടുത്ത പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും പ്രതിഷേധത്തിന്റെ രണ്ടാം ഘട്ടമായി സിനിമകള്‍ പിന്‍വലിക്കാന്‍ തീരുമായി. ഇതോടെ പ്രദര്‍ശനം തുടരുന്ന പുലിമുരുകന്‍, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങള്‍ പിന്‍വലിക്കും. റിലീസുകള്‍ മുടങ്ങിയതോടെ 12 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായാണ് സംഘടനാ നേതാക്കള്‍ അറിയിച്ചത്.

എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനുമായി ഇനി വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് നിര്‍മാതാക്കളും വിതരണക്കാരും. മലയാള സിനിമാ വ്യവസായത്തില്‍ ലിബര്‍ട്ടി ബഷീറിന്റെ വണ്‍മാന്‍ ഷോയാണ് നടക്കുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു.

LEAVE A REPLY