കോഴിക്കോട്: ശ്രീനാരായണ ഗുരുവിന്റെ പ്രശസ്തമായ ‘നമുക്ക് ജാതിയില്ലാ വിളമ്പരം’ കള്ളരേഖയാണെന്ന അവകാശവുമായി ആര്‍.എസ്.എസിന്റെ പോഷക സംഘടനയായ ഭാരതീയ വിചാരകേന്ദ്രം രംഗത്ത്. ഭാരതീയ വിചാരകേന്ദ്രത്തിന്റെ വാര്‍ഷിക സമ്മേളനത്തിലാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി സുധീര്‍ ബാബു ‘നമുക്ക് ജാതിയില്ലാ വിളമ്പരം’ കള്ളരേഖയാണെന്ന് പ്രമേയം അവതരിപ്പിച്ചതും യോഗത്തില്‍ പാസാക്കിയതും.
സംഭവം വിവാദമായതോടെ എസ്.എന്‍.ഡി.പിയിലെ ഒരുവിഭാഗം പ്രമേയത്തിന് എതിരെ രംഗത്തെത്തി. പ്രമേയം ഗുരുവിനെയും അദ്ദേഹത്തിന്റെ ആദര്‍ശങ്ങളെയും നിന്ദിക്കലാണെന്നും പ്രമേയം പിന്‍വലിച്ച് ഭാരതീയ വിചാരകേന്ദ്രം മാപ്പുപറയണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഇക്കാര്യം വ്യക്തമാക്കി എസ്.എന്‍.ഡി.പി കോഴിക്കോട് യൂണിയന്‍ പ്രമേയമിറക്കി. ഇതോടെ ബി.ജെ.പി-ആര്‍.എസ്.എസ് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ബി.ഡി.ജെ.എസും എസ്.എന്‍.ഡി.പിയും തമ്മിലുള്ള ഇരുപ്പുവശങ്ങള്‍ക്ക് കൂടുതല്‍ കോട്ടം തട്ടുമെന്നാണ് വിലയിരുത്തല്‍.
ഗുരുവിന്റെ സന്യാസി ശിഷ്യനായിരുന്ന ശ്രീനാരായണ ചൈതന്യ സ്വാമി തന്റെ സ്ഥാനവും മുക്ത്യാര്‍ അവകാശങ്ങളും സംരക്ഷിക്കുന്നതിന് കൃത്രിമമായി ഉണ്ടാക്കി പരസ്യം ചെയ്ത രേഖയാണെനാണ് പ്രമേയത്തിലെ വാദം. ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള ആശ്രമങ്ങളുടെയും മറ്റ് സ്വത്തുക്കളുടെയും ഭരണാവകാശങ്ങള്‍ ജാതിയില്‍ നായരായ ശ്രീനാരായണ ചൈതന്യ സ്വാമിക്ക് മുക്ത്യാര്‍ വഴി ഗുരു നല്‍കിയപ്പോള്‍ ഈഴവ സന്യാസിമാരും എസ്.എന്‍.ഡി.പി യോഗം നേതൃത്വവും മുക്ത്യാര്‍ റദ്ദ് ചെയ്യണമെന്ന് പ്രമേയംവഴി ശ്രീനാരായണ ഗുരുവിനോട് ആവശ്യപ്പെട്ടു. എതിര്‍പ്പ് ശക്തമായതോടെ ചൈതന്യ സ്വാമി കൃത്രിമരേഖയുണ്ടാക്കി ഗുരുവിനെ കാണിക്കാതെയും ഒപ്പിടീക്കാതെയും പരസ്യം ചെയ്തതാണ് വിളംബരമെന്നാണ് പ്രമേയം ചൂണ്ടിക്കാട്ടുന്നത്.
1916ല്‍ ഗുരു ജീവിച്ചിരുന്നപ്പോള്‍ ഒപ്പിടാത്ത രേഖയില്‍ 2016ല്‍ കേരള സര്‍ക്കാര്‍ നാരായണ ഗുരുവെന്ന് കൃത്രിമമായി രേഖപ്പെടുത്തി കള്ളപ്രമാണം ഉണ്ടാക്കിയിരിക്കുകയാണെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ ‘നമുക്ക് ജാതിയില്ല’ കലണ്ടര്‍ പിന്‍വലിച്ച് മാപ്പുപറയണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.
എന്നാല്‍ പ്രമേയത്തെ കുറിച്ച് തനിക്ക് അറിവില്ലെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പ്രമേയം പരിശോധിച്ചശേഷം പ്രതികരിക്കാമെന്ന് ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും പറഞ്ഞു.