വീണ്ടും അശ്വമേധത്തില്‍ കറങ്ങിവീണ് ഇംഗ്ലണ്ട്; ഇന്ത്യക്ക് ഇന്നിംഗ്സ് ജയം, പരമ്പരയും സ്വന്തം

മുംബൈ: ഒരിക്കല്‍ കൂടി അശ്വിനു മുന്നില്‍ അടിയറവ് പറഞ്ഞിരിക്കുകയാണ് ഇംഗ്ലണ്ട് ബാറ്റിംഗ് നിര. മുംബൈ ക്രിക്കറ്റ് ടെസ്റ്റില്‍ അശ്വിന്റെ ആറ് വിക്കറ്റ് നേട്ടം ഇന്ത്യയ്ക്ക് ഇന്നിംഗ്സ് ജയം ഒരുക്കി. രണ്ടാം ഇന്നിംഗ്സില്‍ 195 റണ്‍സിന് ഇംഗ്ലണ്ട് ഒാള്‍ ഒൗട്ട് ആയതോടെ ഇന്നിംഗ്സിനും 36 റണ്‍സിനും ഇന്ത്യ ജയം രുചിച്ചു. ഇതോടെ മൂന്ന് മത്സരങ്ങള്‍ ജയിച്ച് അഞ്ച് ടെസ്റ്റുകളുടെ പരമ്പര കോഹ്ലിയും സഖ്യവും സ്വന്തമാക്കി.

ടെസ്റ്റില്‍ 24 – ാം തവണയാണ് അശ്വിന്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. നാലാം ടെസ്റ്റില്‍ മാത്രം 12 വിക്കറ്റുകളാണ് അശ്വിന്‍ സ്വന്തമാക്കിയത്. കോഹ്‍ലി നായകനായ ശേഷം തുടര്‍ച്ചയായ നാലാം ടെസ്റ്റ് പരമ്പരയാണിത്.  കോഹ്‍ലി തന്നെയാണ് കളിയിലെ താരവും.

231 റണ്‍സെന്ന ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് ലീഡിന് മറുപടിയുമായി രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ സന്ദര്‍ശകര്‍ 195 റണ്‍സിന് ഓള്‍ ഔട്ടായി. അഞ്ചാം ദിനം 182ന് ആറ് എന്ന നിലയില്‍ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലീഷ് നിര കളി തുടങ്ങി ഏഴ് ഓവര്‍ പിന്നിടും മുമ്പേ പവലിയനില്‍ മടങ്ങിയെത്തി.

ആദ്യ ഇന്നിംഗ്സില്‍ 400 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. അരങ്ങേറ്റക്കാരനായ ജെന്നിംഗ്സിന്റെ സെഞ്ചുറി മികവിലായിരുന്നു ഇത്. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ ബാറ്റിംഗ് നിര ഇംഗ്ലണ്ട് ബൗളര്‍മാരെ ശരിക്ക് വെള്ളം കുടുപ്പിച്ചു. 631 റണ്‍സാണ് ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സില്‍ പിറന്നത്. നായകന്‍ കോഹ്‍ലി തന്നെയായിരുന്നു ബാറ്റിംഗ് നിരയുടെ നെടുംതൂണ്. 235 റണ്‍സാണ് കോഹ്‍ലിയുടെ ബാറ്റില്‍ നിന്നും പിറന്നത്. ഒപ്പം മുരളി വിജയ്‍യുടെയും ജയന്ത് യാദവിന്റെയും സെ‍ഞ്ചുറി കൂടിയായപ്പോള്‍ ഇന്ത്യ വമ്പന്‍ സ്കോറിലെത്തി.

231 റണ്‍സ് എന്ന ഇന്ത്യയുടെ ലീഡ് മരികടക്കാം എന്ന പ്രതീക്ഷയില്‍ ബാറ്റ് വീശിയ ഇംഗ്ലണ്ട് തകര്‍ന്നടിയുകയായിരുന്നു. റൂട്ട് (77), ബയ്ര്‍സ്ട്രൊ (51) എന്നിവര്‍ മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ അല്‍പ്പം എങ്കിലും തിളങ്ങിയത്. ഇംഗ്ലണ്ടിന്റെ ആറ് താരങ്ങളാണ് രണ്ടക്കം കാണാതെ പവലിയനില്‍ മടങ്ങിയെത്തിയത്.