ന്യൂഡല്‍ഹി : നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് പ്രധാനമന്ത്രി നിശ്ചയിച്ച ഡിസംബര്‍ 30 എന്ന സമയപരിധിക്കു ശേഷവും ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള നിയന്ത്രണം തുടര്‍ന്നേക്കുമെന്ന് സൂചന. ധനമന്ത്രാലയമാണ് ഇതുസംബന്ധിച്ച സൂചനകള്‍ നല്‍കിയിരിക്കുന്നത്. എടിഎം നിയന്ത്രണവും തുടരും.
ഇപ്പോള്‍ ഒരാഴ്ച പിന്‍വലിക്കാവുന്ന തുകയുടെ പരിധി 24,000 രൂപയാണ്. എടിഎമ്മില്‍ നിന്ന് പിന്‍വലിക്കുന്നതും ഇതില്‍ ഉള്‍പ്പടുന്നു. എടിഎമ്മുകളില്‍ നിന്ന് ഒരു ദിവസം എടുക്കാവുന്നത് ഇപ്പോള്‍ 2500 രൂപയാണ്. പല എടിഎമ്മുകളിലും 2000 രൂപാ നോട്ടുകള്‍ മാത്രമാണ് ലഭ്യമാകുന്നത് എന്നതിനാല്‍ 2500 രൂപാ ലഭിക്കുമെന്നതും പ്രഖ്യാപനത്തില്‍ ഒതുങ്ങിയിരിക്കുകയാണ്.
ഡിസംബര്‍ മുപ്പതിനു ശേഷം ഒരാഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 50,000 ആയി ഉയര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കാവുന്നത് 5000 രൂപയായും. സ്ഥിതി മെച്ചപ്പെടുന്നത് വരെ ഈ നിയന്ത്രണം തുടരും.
ഇപ്പോള്‍ വെറും 25 ശതമാനം എടിഎമ്മുകളില്‍ മാത്രമാണ് ആവശ്യത്തിന് പണം നിറയ്ക്കുന്നത്. ഇത് 50 ശതമാനമാകാന്‍ ഒരു മാസം കൂടി വേണ്ടി വരും. നോട്ട് ക്ഷാമം മാത്രമല്ല നിയന്ത്രണം പൂര്‍ണ്ണമായും നീക്കുന്നതിന് തടസ്സം. ഡിജിറ്റല്‍ പണമിടപാടിന് ജനങ്ങള പ്രേരിപ്പിക്കുക എന്ന ലക്ഷ്യവും ഇതിലുണ്ട്. കള്ളപ്പണത്തിനെതിരെ ഒരു മിന്നലാക്രമണം കൂടി വരുന്നുണ്ടെന്നും ജനുവരി 31ന് രാത്രി മോദി ഇത് പ്രഖ്യാപിക്കുമെന്നും അഭ്യൂഹവും ഇതിനിടെ ഉയര്‍ന്നിട്ടുണ്ട്.