കലിഫോര്‍ണിയ: അമേരിക്കയിലെ ഇന്ത്യക്കാര്‍ക്ക് കൈവശമുള്ള 5001000 നോട്ടുകള്‍ മാറ്റിയെടുക്കാന്‍ അവസരമില്ലാത്തതായി പരാതി. അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചുകളില്‍ മരവിപ്പിച്ച ഇന്ത്യന്‍ രൂപയുമായി എത്തിയവര്‍ നിരാശയോടെ മടങ്ങുകയാണ്.
ഇന്ത്യയിലെ ജനങ്ങള്‍ക്ക് നോട്ടുമാറ്റി എടുക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 30 വരെ അനുവദിച്ചിരിക്കെ ഈ ആനുകൂല്യം അമേരിക്കയിലെ ഇന്ത്യന്‍ ബാങ്കുകള്‍ നിഷേധിച്ചത് നീതികരിക്കാനാവാത്തതാണെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെ, മണി എക്‌സ്‌ചേഞ്ച് സെന്ററുകളില്‍ ഇന്ത്യന്‍ രൂപ സ്വീകരിച്ചിരുന്നത് പൂര്‍ണമായും നിര്‍ത്തലാക്കിയിട്ടുണ്ട്.
അമേരിക്കയിലെ പ്രധാന ബാങ്കുകളിലൊന്നായ വെല്‍സ് ഫര്‍ഗോ ബാങ്കും ഇന്ത്യന്‍ രൂപ സ്വീകരിക്കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതോടെ, അമേരിക്കയിലെ ഇന്ത്യക്കാരുടെ കൈവശമുള്ള നോട്ടുകള്‍ മാറ്റണമെങ്കില്‍ നിലവില്‍ ഇന്ത്യയില്‍ പോകണമെന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഇതേതുടര്‍ന്ന് പ്രധാനമന്ത്രിയുടെ നോട്ട് റദ്ദാക്കല്‍ നടപടിയെ സ്വാഗതം ചെയ്തവര്‍പോലും ഇപ്പോള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്.