കൊച്ചി മെട്രോയുടെ തൂണിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാൻ 2 ലക്ഷം രൂപ ചിലവഴിച്ച സർക്കാർ, മെട്രോയുടെ തൂണിനടിയിൽ ഭക്ഷണവും പാർപ്പിടവുമില്ലാതെ കഴിയുന്ന മനുഷ്യരുടെ ദയനീയാവസ്ഥ കാണാതെ പോകരുത്. ജീവജാലങ്ങളെയെല്ലാം സ്നേഹിക്കാനും പരിചരിക്കാനും തയ്യാറാകുന്ന മനുഷ്യർ തമ്മിൽ സഹായിക്കാൻ മനുഷ്യത്വം കാണിക്കാത്തൊരു ലോകത്താണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. കേരളത്തിൽ താമസിക്കാൻ ഒരു കുടിൽ പോലുമില്ലാതെ അങ്ങിങ് അലഞ്ഞു നടക്കുന്ന ഒത്തിരി മനുഷ്യർ ഉണ്ട്. ഒരു നേരത്തെ ഭക്ഷണത്തിനായി കഷ്ടപെടുന്നവരും കുടുംബമായി തെരുവിൽ ജീവിക്കുന്നവരും നമുക്ക് ചുറ്റുമുണ്ട്. സഹതാപം തോന്നിയത്കൊണ്ട് മാത്രമായില്ല, നമ്മൾ അവർക്ക് വേണ്ടി ചെറുതായെങ്കിലും എന്തെങ്കിലും ചെയ്തോ എന്ന് ചിന്തിക്കണം. നമ്മളാൽ ഒരാളുടെ മുഖത്തു പുഞ്ചിരി വിടർത്താമെങ്കിൽ അതിനേക്കാൾ വലിയ സംതൃപ്‌തി മറ്റൊന്നില്ല.
ഇന്ത്യ ജനാധിപത്യ രാഷ്ട്രമായിട്ട് 70 വർഷമായെങ്കിലും ജനസ്നേഹമെന്ത്, ധർമമെന്ത് എന്ന് പ്രത്യേകം പഠിപ്പിക്കേണ്ട അവസ്ഥയാണ്. പക്ഷിമൃഗാദികളോട് നമ്മൾ കാണിക്കുന്ന സ്നേഹത്തിന്റെ ഒരംശം എങ്കിലും പരിഗണന നമ്മൾ പരസ്പരം കാണിക്കേണ്ടത് ഈ സമൂഹത്തിൽ അനിവാര്യമാണ്. ലക്ഷങ്ങൾ മുടക്കിയില്ലെങ്കിലും ഒരു നേരത്തെ ഭക്ഷണമെങ്കിലും നമുക്ക് അവർക്കായി നൽകിക്കൂടെ? സർക്കാർ എന്ത് ചെയ്തു എന്ന് ചോദിച്ചു കുറ്റപ്പെടുത്തുന്നത് നമ്മൾ എന്ത് ചെയ്തു എന്ന് മനസിലാക്കിയിട്ടാവണം. നല്ലൊരു സമൂഹത്തെ വാർത്തെടുക്കാൻ നമുക്ക് ഓരോരുത്തർക്കും പരിശ്രമിക്കാം.