അന്വേഷണത്തില്‍ ഗുരുതര വീഴ്ച്ച; സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

കൊച്ചി: വാളയാര്‍ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. പ്രാഥമിക അന്വേഷണത്തില്‍ ഗുരുതരമായ വീഴ്ചയുണ്ടായെന്നും പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നും വീഴച്ചകളുണ്ടായെന്നും സര്‍ക്കാര്‍ അപ്പീലില്‍ വ്യക്തമാക്കി. സംഭവിച്ച വീഴ്ചകളും അപ്പീലില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കുറ്റപത്രം സമര്‍പ്പിക്കുന്നവരെയും പ്രോസിക്യൂഷന്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയോ സംവദിക്കുകയോ ചെയ്തിട്ടില്ലെന്ന് അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു.

മരണപ്പെട്ട പെണ്‍കുട്ടികളില്‍ ഒരാള്‍ പീഡനത്തിന് ഇരയായെന്ന് സംശയിക്കുന്ന തരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും പൊലീസ് മുഖവിലയ്ക്കെടുത്തില്ല. രണ്ടാമത്തെ പെണ്‍കുട്ടിയുടെ മരണത്തിലും നിരവധി അസ്വാഭാവിതകള്‍ ഉണ്ടായിരുന്നു. ഇതിലും കടുത്ത വീഴ്ചയാണ് ഉണ്ടായതെന്ന് അപ്പീലില്‍ പറയുന്നു. ഇത്തരത്തില്‍ പ്രാഥമിക അന്വേഷണത്തില്‍ തന്നെ വലിയ പോരായ്മകള്‍ സംഭവിച്ചു എന്ന് സമ്മതിച്ചുകൊണ്ടുള്ളതാണ് സര്‍ക്കാര്‍ ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്ന അപ്പീല്‍.പ്രതികളെ വെറുതെ വിട്ട നടപടിയ്ക്കെതിരെ തുടരന്വേഷണവും വിചാരണയും ആവശ്യമാണെന്ന് കാട്ടി പെണ്‍കുട്ടികളുടെ അമ്മയും ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.