സംസ്ഥാനത്തെ 44 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മേല്‍ക്കൈ.

22 ഇടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. 17 ഇടത്ത് യുഡിഎഫും അഞ്ചിടത്ത് ബിജെപിയും ജയം നേടി. എല്‍ഡിഎഫ് 23, യുഡിഎഫ് 17, ബിജെപി 4 എന്നിങ്ങനെയായിരുന്നു നേരത്തെ സീറ്റ് നില.
ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ആറ് സീറ്റുകള്‍ എല്‍ഡിഎഫും ഒരു സീറ്റ് ബിജെപിയും പിടിച്ചെടുത്തു. എല്‍ഡിഎഫ് ജയിച്ച എഴ് സീറ്റുകള്‍ യുഡിഎഫും തിരിച്ചു പിടിച്ചു. ഇതോടൊപ്പം കല്ലറ പഞ്ചായത്ത് ഭരണവും അവര്‍ നേടി. തൃശ്ശൂര്‍ ജില്ലയില്‍ ഉപതെരഞ്ഞടുപ്പ് നടന്ന നാല് വാര്‍ഡുകളില്‍ എല്‍ഡിഎഫിന്റെ കൈവശമുണ്ടായിരുന്ന മൂന്ന് സീറ്റുകളടക്കം എല്ലാം യുഡിഎഫ് ജയിച്ചു.

തിരുവനന്തപുരം കല്ലറ പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന വെള്ളംകുടി വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. ഇതോടെ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമായി. നിലവിലെ എല്‍ഡിഎഫ് കൗണ്‍സിലര്‍ സര്‍ക്കാര്‍ ജോലി കിട്ടി രാജിവച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇടുക്കിയിലെ മാങ്കുളം, വയനാട്ടിലെ മുട്ടില്‍ പഞ്ചായത്തുകളിലെ ഉപതെരഞ്ഞെടുപ്പ് നടന്ന വാര്‍ഡുകളില്‍ ജയിച്ചതോടെ രണ്ട് പഞ്ചായത്തുകളിലേയും ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി.

തിരുവനന്തപുരം

കല്ലറ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമായി.

കാട്ടാക്കട പനയംകോട് വാര്‍ഡില്‍ യുഡിഎഫിന് ജയം.

നാവായിക്കുളം പഞ്ചായത്തിലെ ഇടമണ്‍നില വാര്‍ഡില്‍ എല്‍ഡിഎഫിന് ജയം.

കുന്നത്തുകാല്‍ കോട്ടുകോണം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി.

അമ്പൂരി ചിറയികോട് വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു.

മാറനല്ലൂര്‍ പഞ്ചായത്തിലെ കണ്ടല വാര്‍ഡില്‍ എല്‍ഡിഎഫ് ജയിച്ചു.

കൊല്ലം

കിഴക്കേ കല്ലട പഞ്ചായത്തിലെ ഓണമ്പലം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു.
അഞ്ചല്‍ പഞ്ചായത്തിലെ മാര്‍ക്കറ്റ് വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫും പിടിച്ചെടുത്തു.

കണ്ണൂര്‍

ധര്‍മ്മടത്തെ കിഴക്കെ പാലയാട് വാര്‍ഡ് ബിജെപി നിലനിര്‍ത്തി

വയനാട്

വയനാട് മാണ്ടാട് വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.അബ്ദുല്ല വിജയിച്ചു. ഇതോടെ മൂട്ടില്‍ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നിലനിര്‍ത്താനാകും.

പാലക്കാട്

കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ നാട്ടുകല്‍ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി.

മലമ്പുഴ പഞ്ചായത്തിലെ കടുക്കാംകുന്നം വാര്‍ഡ് ബിജെപി നിലനിര്‍ത്തി.

മലപ്പുറം

പരപ്പനങ്ങാടി നഗരസഭയിലെ കീഴ്ച്ചിറ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. 71 വോട്ടിന് എല്‍ഡിഎഫ് പിന്തുണയോടെ ജനകീയ വികസനമുന്നണി സ്ഥാനാര്‍ഥിയായ ശ്യാമള വെമ്പല്ലൂരാണ് വിജയിച്ചത്. ബിജെപിയാണ് രണ്ടാമത്.

തിരൂര്‍ മംഗലം പഞ്ചായത്തിലെ കൂട്ടായി ടൗണ്‍ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫ് സ്ഥാനാര്‍ഥി സി.എം.ടി.സീതി 106 വോട്ടിനാണ് ജയിച്ചത്.

ആനക്കയം പഞ്ചായത്തിലെ നരിയാട്ടുപാറ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി.

അരീക്കോട് ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ 18ാം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. വി.ഷഹര്‍ബാന്‍ 106 വോട്ടുകള്‍ക്ക് വിജയിച്ചു.

പെരിന്തല്‍മണ്ണ ആലിപ്പറമ്പ് പഞ്ചായത്തിലെ എട്ടാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥി പി.ടി.ഹൈദരാലി വിജയിച്ചു.

ഇടുക്കി

മാങ്കുളം പഞ്ചായത്ത് ആനകുളം നോര്‍ത്ത് ഒന്നാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍ എസ് സുനീഷ് വിജയിച്ചു. സിപിഐ എം അംഗം പി കെ രവീന്ദ്രന്‍ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെയാണ് ഉപതിരഞ്ഞെടുപ്പ് വന്നത്. 147 വോട്ടുകള്‍ക്കാണ് സുനീഷ് ജയിച്ചത്. ഇതോടെ പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തും.

ഉപ്പുതറ പഞ്ചായത്തിലെ കാപ്പി പതാല്‍ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. 268 വോട്ടിന് പി.നിക്‌സണാണ് ജയിച്ചത്.

തൊടുപുഴ നഗരസഭയിലെ 23ാം വാര്‍ഡ് ബിജെപി നിലനിര്‍ത്തി. 429 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മായാ ദിനു വിജയിച്ചു.

തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മണക്കാഡ് ഡിവിഷനില്‍ എല്‍ഡിഎഫ് ജയിച്ചു. 265 വോട്ടുകള്‍ക്ക് ഷീന ഹരിദാസാണ് ജയിച്ചത്.

കോട്ടയം

കരൂര്‍ പഞ്ചായത്തിലെ വലവൂര്‍ ഈസ്റ്റ് രണ്ടാം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച രാജേഷ് 394 വോട്ടുകള്‍ക്ക് വിജയിച്ചു.

മൂന്നിലവ് പഞ്ചായത്ത് ഒന്നാം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ജോസിലി ജോണ്‍ പിടിച്ചെടുത്തു.

പാമ്പാടി ബ്ലോക്കിലെ കിടങ്ങൂര്‍ ഡിവിഷനും എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു.

പാമ്പാടി ബ്ലോക്കിലെ തന്നെ ഏലിക്കുളം ഡിവിഷന്‍ യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു.

തിരുവാര്‍പ്പ് പഞ്ചായത്തിലെ മോര്‍കാട് ഒന്നാം വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു.

കാഞ്ഞിരപ്പള്ളി മണിമല പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ യുഡിഎഫിന് ജയം.

തൃശൂര്‍

തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ ചേറ്റവു ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നൗഷാദ് 730 വോട്ടുകള്‍ക്ക് വിജയിച്ചു

പൊയ്യ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ കോണ്‍ഗ്രസിലെ സജിത ടൈറ്റസ് ജയിച്ചു.

പാഞ്ഞാള്‍ പഞ്ചായത്ത് കിള്ളിമംഗലം എട്ടാം വാര്‍ഡ് കോണ്‍ഗ്രസിലെ ആസിയ 183 വോട്ടുകള്‍ക്ക് സ്വന്തമാക്കി.

കോലാഴി പഞ്ചായത്തിലെ ഏഴാം വാര്‍ഡ് കോണ്‍ഗ്രസിലെ വി.കെ.സുരേഷ് 165 വോട്ടിന് ജയിച്ചു.