കണ്ണൂര്‍: അരബക്കറ്റ് വെള്ളത്തില്‍ തലയും മീശയും കറുപ്പിച്ച് ചാനലില്‍ വന്നിരുന്നു പ്രസംഗിക്കുന്ന വി.എം. സുധീരന്‍ തന്നെ ആദര്‍ശം പഠിപ്പിക്കേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നയങ്ങളെ പ്രകീര്‍ത്തിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ കുടുങ്ങിയ മുന്‍ എം.പിയും എം.എല്‍.എയുമായ എ.പി. അബ്ദുള്ളക്കുട്ടി. പാര്‍ട്ടിക്കെതിരേ പ്രവര്‍ത്തിച്ചിട്ടുള്ള സുധീരനില്‍നിന്നു പാര്‍ട്ടി സ്‌നേഹം പഠിക്കേണ്ട കാര്യം തനിക്കില്ലെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.
പാര്‍ട്ടിയും ഇന്ദിരാ ഗാന്ധിയും തോറ്റ തെരഞ്ഞെടുപ്പില്‍ അവരെ പെണ്‍ ഹിറ്റ്‌ലര്‍ എന്ന് വിളിച്ച് എതിര്‍കൂടാരത്തില്‍പ്പോയി അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ നുണഞ്ഞ പ്രമാണിമാരാണ് ഇപ്പോള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. വി.എം. സുധീരനു കഴിഞ്ഞ 10 വര്‍ഷമായി തന്നോട് വിരോധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരാദര്‍ശവും വി.എം. സുധീരനില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ നശിപ്പിച്ച ആളാണ് അദ്ദേഹം.
ഒരു പരാമര്‍ശത്തിന്റെ പേരില്‍ മുഖപ്രസംഗമെഴുതി വിധിപ്രസ്താവം നടത്തുന്ന ”വീക്ഷണ”ത്തിന്റെ നിലപാട് അന്യായമാണെന്നും അദ്ദേഹം പറഞ്ഞു. അബ്ദുള്ളക്കുട്ടിക്കെതിരേ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം ”അബ്ദുള്ളക്കുട്ടി എന്ന കീറാമുട്ടി” എന്ന തലക്കെട്ടില്‍ മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരുന്നു.
കോണ്‍ഗ്രസ് മുഖപത്രത്തില്‍ വന്ന ലേഖനം അംഗീകരിക്കാനാകില്ല. ചിലര്‍ വ്യക്തിവിരോധം തീര്‍ക്കാന്‍ ശ്രമിക്കുകയാണ്. ബി.ജെ.പിയില്‍ ചേരുന്ന കാര്യം സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ടില്ല. താന്‍ കോണ്‍ഗ്രസുകാരനാണോയെന്നു കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനോട് ചോദിക്കണമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. നരേന്ദ്ര മോഡിയെ സ്തുതിച്ചു ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട എ.പി. അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസില്‍നിന്നു പുറത്തേക്കെന്ന് ഏറെക്കുറെ ഉറപ്പായി.