ലേഖ മരിച്ചാല്‍ വീട്ടില്‍ ഐശ്വര്യം വരുമെന്ന് കൃഷ്ണമ്മ പറഞ്ഞിരുന്നുവെന്ന് ചന്ദ്രന്‍… പുറത്തു വരുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

നെയ്യാറ്റിന്‍കരയില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് അമ്മയും മകളും ജീവനൊടുക്കാനിടയായ സംഭവത്തില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍… ലേഖ മരിച്ചാല്‍ വീട്ടില്‍ ഐശ്വര്യം വരുമെന്ന് കൃഷ്ണമ്മ പറഞ്ഞിരുന്നുവെന്ന് ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍… ജപ്തി നോട്ടീസ് അമ്മ വീടിന് പിന്നിലെ മന്ത്രവാദക്കളത്തില്‍ പൂജിച്ചുവെന്നും അമ്മ പറഞ്ഞിട്ടാണ് ഇതിനൊക്കെ കൂട്ടു നിന്നതെന്നും ചന്ദ്രന്‍ പറയുന്നു.

ഗള്‍ഫില്‍നിന്ന് അയച്ച പണം ആര്‍ക്കു നല്‍കിയെന്നു ചോദിച്ചു ഭര്‍ത്താവ് വഴക്കിടാറുണ്ടായിരുന്നുവെന്നം യുവതിയും മകളും ജീവനൊടുക്കിയ ദിവസവും വീട്ടില്‍ കലഹം നടന്നിരുന്നു എന്നതിനും കൂടുതല്‍ തെളിവുകളും പുറത്തു വരുന്നുണ്ട്. ഗള്‍ഫില്‍നിന്ന് അയച്ച പണം എന്തു ചെയ്തെന്നു ചോദിച്ച് ഭര്‍ത്താവ് ചന്ദ്രന്‍ സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടെന്നു ലേഖയുടെ കുറിപ്പില്‍ പറയുന്നു. പണമെല്ലാം ആര്‍ക്കു നല്‍കിയെന്നു ചോദിച്ചായിരുന്നു കലഹം. എല്ലാം തന്റെ തലയില്‍ കെട്ടിവയ്ക്കാനായിരുന്നു ശ്രമമെന്നു കുറിപ്പിലുണ്ട്. ലേഖയും മകള്‍ വൈഷ്ണവിയും ജീവനൊടുക്കിയ ദിവസവും വീട്ടില്‍ വഴക്ക് നടന്നതായി പോലീസിനു വിവരം ലഭിച്ചു.

വൈഷ്ണവിയുടെ സുഹൃത്തുക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നും പൊലീസ് ഇന്ന് മൊഴിയെടുക്കും. സ്ത്രീധനത്തെച്ചൊല്ലി ഭര്‍ത്താവ് ചന്ദ്രനും ഭര്‍തൃമാതാവ് കൃഷ്ണമ്മയും ലേഖയെ പീഡിപ്പിച്ചിരുന്നതായി സഹോദരി ബിന്ദു മൊഴി നല്‍കിയിരുന്നു.

ആത്മഹത്യാക്കുറിപ്പിലെ നെഞ്ചുപൊട്ടുന്ന വരികളുടെ തുടര്‍ച്ചയെന്നു തോന്നിപ്പിക്കുന്നതായിരുന്നു ഇന്നലെ വീട്ടില്‍ നിന്ന് കണ്ടെത്തിയ ലേഖയുടെ നോട്ട്ബുക്ക്. വീട്ടില്‍ നേരിട്ട വിഷമതകള്‍ അപൂര്‍ണമായ വാചകങ്ങളില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. കുറച്ചു പേജുകളില്‍ മാത്രമാണ് അനുഭവങ്ങള്‍ കോറിയിട്ടിരിക്കുന്നത്, ബാക്കി പേജുകളില്‍ വീട്ടുകണക്കാണ്. ലേഖയെഴുതിയ ചില അപൂര്‍ണമായ വരികള്‍ ഇങ്ങനെ.

13ാം തീയതി 1450 രൂപ വച്ചിട്ട് ചേട്ടന്‍ പോയി. മീന്‍-50, മോള്‍ക്ക് കോളജില്‍ പോകാന്‍ ബസ് ചാര്‍ജ്-100 രൂപ, ഒരു കവര്‍ പുട്ടുപൊടി, പഴം-50. 200 രൂപ ചെലവായി. ബാക്കിയുള്ള പൈസയും ചേര്‍ത്ത് കമ്മിറ്റിയില്‍ അടയ്ക്കാന്‍ 1775 രൂപ എടുത്തു വച്ചു. 2,000 രൂപയാണ് അടയ്ക്കാന്‍ ബാക്കിയുള്ളത്. ചേട്ടന്റെ കയ്യില്‍ നിന്നു വാങ്ങി അടയ്ക്കാമെന്ന് വിചാരിച്ചപ്പോള്‍ ചേട്ടന്‍ ജോലി കഴിഞ്ഞ വന്ന് ബുക്കില്‍ വച്ചിരുന്ന പൈസ എന്ത് ചെയ്തെന്നു ചോദിച്ചു.

പൈസ വേണമെന്നു വഴക്കായി. തങ്കപ്പന്‍ ഫോണ്‍ വിളിച്ചു. നീ ഈ ലോകത്ത് കിടക്കുന്നവരോടൊക്കെ പൈസ വാങ്ങി എന്തു ചെയ്തു, നീ വാങ്ങിയത് ഞാന്‍ അറിഞ്ഞില്ല എന്നു പറഞ്ഞായിരുന്നു ചേട്ടന്റെ വഴക്ക്. ഞാന്‍ പറഞ്ഞു, ഞാന്‍ പൈസ വാങ്ങി ആഹാരം കഴിച്ചെന്ന്. എനിക്കു സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ അമ്മയും മകനും എന്നെ കുറ്റക്കാരി ആക്കിയാണ് സംസാരം.

എല്ലാം തന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചു. ഈ കടം എങ്ങനെ വന്നു. ചേട്ടന്‍ ഒഴിഞ്ഞുമാറുന്നു. കുഴപ്പമില്ല. എനിക്ക് ഇനി ഒന്നും കേള്‍ക്കേണ്ട കാര്യമില്ല.

പക്ഷേ മോളുവിന്റെ കാര്യത്തില്‍ മാത്രമേ ദുഃഖമുള്ളു. ഈ വഴക്കു തീര്‍ന്നതിനു ശേഷം 1700 രൂപ ഞാന്‍ ബുക്കില്‍ കൊണ്ടുവച്ചു. പിറ്റേന്ന് രാവിലെ 200 രൂപ ചേട്ടന്‍ എടുത്തുകൊണ്ടുപോയി. ബന്ദ് ആയിരുന്നു. 1,500 രൂപ ബുക്കില്‍ ഇരിക്കുന്നു. അരിയും സാധനവും വാങ്ങണമെന്നു പറഞ്ഞു. കമ്മിറ്റിയില്‍ കൊടുക്കണമെന്നോ സ്‌കൂട്ടര്‍കാരനു കൊടുക്കണമെന്നോ ഇല്ല.. ഇങ്ങനെ നീളുന്നു നോട്ടു ബുക്കിലെ വരികള്‍…

ബാങ്കിലെ കടം തീര്‍ക്കാന്‍ വീട് വില്‍ക്കാമെന്ന ലേഖയുടെ അഭിപ്രായത്തെ ചന്ദ്രന്റെ അമ്മ കൃഷ്ണമ്മ എതിര്‍ത്തിരുന്നു. അതേച്ചൊല്ലിയായിരുന്നു കലഹം. ജപ്തി നോട്ടീസ് വീടിനു പിന്നിലെ മന്ത്രവാദക്കളത്തില്‍ പൂജിച്ചതായും കുറിപ്പിലുണ്ട്. ആത്മഹത്യാക്കുറിപ്പിലും ഇതു സംബന്ധിച്ച് സൂചനയുണ്ടായിരുന്നു. മന്ത്രവാദത്തെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നു. മന്ത്രവാദി നിരീക്ഷണത്തിലാണ്.

കേസില്‍ അറസ്റ്റിലായ ചന്ദ്രന്‍, മാതാവ് കൃഷ്ണമ്മ, കൃഷ്ണമ്മയുടെ സഹോദരി ശാന്ത, ശാന്തയുടെ ഭര്‍ത്താവ് കാശിനാഥന്‍ എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു. കുടുംബവഴക്കും കടബാധ്യതയും ആത്മഹത്യക്കു കാരണമായെന്നാണു റിമാന്‍ഡ് റിപ്പോര്‍ട്ട്. ഗാര്‍ഹികപീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്താകും തുടര്‍നടപടി.

വെള്ളറട സി.ഐ. ബിജു വി. നായര്‍ക്കാണ് അന്വേഷണച്ചുമതല. വീടും സ്ഥലവും വാങ്ങാനെത്തിയശേഷം പിന്‍മാറിയവരുടെ മൊഴിയെടുക്കും. വായ്പാരേഖകള്‍ ഹാജരാക്കാന്‍ കനറാ ബാങ്ക് നെയ്യാറ്റിന്‍കര ശാഖാ അധികൃതര്‍ക്കു നോട്ടീസ് നല്‍കും. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കും.