ഒരു വര്‍ഷത്തിനുള്ളില്‍ നടന്നത് 5 മരണങ്ങള്‍, കൃത്യമായ അന്വേഷണമില്ല; ആര്‍ക്കും മറുപടിയുമില്ല

ത്മഹത്യകള്‍ക്ക് പ്രസിദ്ധിയാര്‍ജിച്ച സ്ഥാപനം. വിദ്യാര്‍ത്ഥികള്‍ പഠിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്നതും എന്നാല്‍ പേടി സ്വപ്നവുമായ ഒരു സ്ഥാപനം. അതാണ് മദ്രാസ് ഐ.ഐ.ടി. ഒരു വര്‍ഷത്തിനുള്ളില്‍ മാത്രം ഇവിടെ നടന്നത് 5 മരണങ്ങളാണ്. അതും ആത്മഹത്യ. അധ്യാപികയടക്കം അഞ്ച് പേരാണ് ഇവിടെ ആത്മഹത്യ ചെയ്തത്. ഇതില്‍ പലതിലും രക്ഷിതാക്കള്‍ കേസ് കൊടുത്തെങ്കിലും പലതും വ്യക്തിപരമായ കാരണങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസ് ഭാഷ്യം. അത് കണക്കിലെടുത്ത് പല രക്ഷിതാക്കളും സംസ്ഥാനങ്ങള്‍ താണ്ടി വന്ന് സ്വന്തം മകളുടേയോ മകന്റേയോ മൃതദേഹങ്ങളുമായി മടങ്ങും.

പാലക്കാട് സ്വദേശിയായ ഓഷ്യന്‍ എന്‍ജിനിയറിങ് അവസാനവര്‍ഷ വിദ്യാര്‍ഥി എസ്. ഷഹല്‍ 2018 സെപ്റ്റംബറിലാണ് ആത്മഹത്യചെയ്തത്. മതിയായ ഹാജരില്ലാതിരുന്നതിനാല്‍ പരീക്ഷയെഴുതാനാകില്ലെന്ന ഭയമാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് പോലീസ് ഭാഷ്യം. 2018 ഡിസംബറില്‍ ഫിസിക്‌സ് വകുപ്പിലെ അധ്യാപികയായ അതിഥി സിംഹ (48) ക്വാര്‍ട്ടേഴ്‌സിലെ മുറിയില്‍ ആത്മഹത്യചെയ്തു. കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്നാണ് ആത്മഹത്യയെന്ന് പോലീസ് പറയുന്നു. ജനുവരിയില്‍ ഗവേഷണവിദ്യാര്‍ഥിയായ ജാര്‍ഖണ്ഡ് സ്വദേശി രഞ്ജനകുമാരി ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കി. ജനുവരിയില്‍ത്തന്നെ ഉത്തര്‍പ്രദേശ് സ്വദേശിയായ എം.ടെക്. ഒന്നാംവര്‍ഷ വിദ്യാര്‍ഥി ഗോപാല്‍ ബാബു ഹോസ്റ്റലില്‍ ആത്മഹത്യചെയ്തു. കൊല്ലം സ്വദേശിയായ ഒന്നാംവര്‍ഷ ഇന്റഗ്രേറ്റഡ് എം.എ. വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തു. മാനസിക സമ്മര്‍ദ്ദമാണ് മരണത്തിന് കാരണമെന്നാണ് പൊലീസ് പറഞ്ഞത്.

എന്നാല്‍ മറ്റ് മരണങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി ഫാത്തിമയുടെ മരണമാണ് പ്രതികളെക്കുറിച്ചുള്ള ഒരു ധാരണ പുറംലോകതതിന് നല്‍കിയത്. പഠിപ്പിച്ച 3 അധ്യാപകരുടെ പേര് തന്റെ ഫോണില്‍ എഴുതിവെച്ചാണ് ഫാത്തിമ ആത്മഹത്യ ചെയ്തത്. എന്നാല്‍ ഇവിടെ ചിന്തിക്കേണ്ട വിഷയം മറ്റൊന്നുമല്ല. ഇവരില്‍ മിക്കവരും മരിച്ചിരിക്കുന്നത് മാനസിക സമ്മര്‍ദ്ദം മൂലമാണെന്നാണ് പൊലീസ് ഭാഷ്യം.

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിദ്യഭ്യാസ സ്ഥാപനങ്ങളിലൊന്നില്‍ ഒരു വര്‍ഷത്തിനിടെ ഇത്രയും ആത്മഹത്യ നടക്കണമെങ്കില്‍ അതിനര്‍ത്ഥം ഈ സ്ഥാപനത്തിന്റെ ഇടപെടലില്‍ കാര്യമായ പ്രശ്നമുണ്ടെന്ന് തന്നെയാണ്. എന്നാല്‍ ഇവിടെ ഇത്രയധികം പേര് ആത്മഹത്യ ചെയ്യുന്നതിന്റെ കാരണം എന്താണെന്ന് ഐ.ഐ.ടി. അധികൃതര്‍ ഉള്‍പ്പെടെ അധികം ആരും അന്വേഷിക്കാറുമില്ല. പൊലീസ് വരെ ഇതിന് പിന്നാലെ പോകുന്നുമില്ല. തണുപ്പന്‍ പ്രതികരണമാണ് ഇവരുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നത്. ഒരു വ്യക്തി നല്ലൊരു സാമൂഹ്യ ജീവി എന്ന നിലയില്‍ വളരണമെങ്കില്‍ കുടുംബവും വിദ്യാലയവും അതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അത് നാം മനസിലാക്കണം. അത് മനസ്സിലാക്കിയാവണം ഒരോ പൗരനും പെരുമാറേണ്ടത്. ഐ.ഐ.ടി സ്ഥാപനങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിന് വേണ്ടിയാണോ പ്രവര്‍ത്തിക്കുന്നതെന്നും നാം അന്വേഷിക്കണം.

LEAVE A REPLY