ആലപ്പുഴയില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായിരുന്ന ഡോ.കെ.എസ് രാധാകൃഷ്ണന്‍ സിനിമാ താരങ്ങളായ മമ്മുട്ടിക്കും, ഫഹദ് ഫാസലിനും എതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്കു പിന്നാലെ വിവാദത്തിന് തിരികൊളുത്തി മറ്റൊരു ബിജെപി നേതാവ് കൂടി രംഗത്തു. മമ്മുട്ടിക്ക് എന്താ ഇപ്പോള്‍ നാവിറങ്ങിപോയോ എന്ന ചോദ്യവുമായി രംഗത്തു വന്നിരിക്കുന്നത് ബിജെപി സംസ്ഥാന സെക്രട്ടറി രേണു സുരേഷാണ്.
സഖാവ് മമ്മൂട്ടിക്കെന്തേ നാവിറങ്ങിപോയോ…….?
ശ്രീലങ്കയില്‍ നടന്ന മത ഭീകരവാദത്തില്‍ കൊല്ലപ്പെട്ട മുന്നൂറിലധികം പേരുടെ ദാരുണ മരണത്തില്‍ ഇടത് സഹയാത്രികര്‍ മമ്മൂട്ടിയും, ഫഹദ് ഫാസിലും എന്ത് അപലപിക്കും എന്നറിഞ്ഞാല്‍ കൊള്ളാമെന്നു ഡോ. കെ.എസ് രാധാകൃഷ്ണന്‍ ജീ ചോദിച്ചപ്പോള്‍ അഴിഞ്ഞു വീണ മതേതര മൂടുപടം ഓരോ ദിനം കഴിയുംതോറും പൂര്‍വ്വാധികം ശോഭയോടെ തെളിഞ്ഞു വരുന്നു. കാസര്‍കോടും, പാലക്കാടും അടക്കം നടന്ന എന്‍.ഐ.എ റെയ്ഡും, തുടര്‍ന്നുള്ള അറസ്റ്റും, പുറത്തുവന്ന ഞെട്ടിക്കുന്ന വിവരങ്ങളും നാടറിയുമ്പോള്‍ ചിലത് വിവരിക്കാതെ തരമില്ല.
ശ്രീലങ്കയില്‍ ഇസ്ലാമിക ഭീകരര്‍ നടത്തിയ സ്ഥോടനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടന്നത് ഒന്നും രണ്ടും റെയ്ഡുകള്‍ അല്ല, മറിച്ചു ഇരുന്നൂറില്‍ അധികമായി ഇന്നും തുടരുന്നു. ഇതില്‍ തന്നെ നൂറിനടുത്തു ആളുകള്‍ നിരീക്ഷണത്തിലും. ഇവിടെയാണ് ശ്രീ കെ.എസ്.രാധാകൃഷ്ണന്‍ ജീ ഉന്നയിച്ച ചോദ്യം പ്രസക്തമാവുന്നത്. ലോകം ആദരിക്കുന്ന ഭാരതത്തെ നയിക്കുന്ന സാക്ഷാല്‍ ശ്രീമാന്‍ നരേന്ദ്ര മോദി ജിയും, ഭാരത പ്രസിഡന്റും അടക്കം നിരവധിപേര്‍ ആര്‍.എസ്.എസ് എന്ന മഹാ സംഘടന വഴി വളര്‍ന്നു വന്നവര്‍ എന്നിരിക്കെ 2007ല്‍ നടന്ന ഇടത് യുവജന പ്രസ്ഥാനം ഡി.വൈ.എഫ്.ഐ യുടെ ദേശീയ സമ്മേളനത്തില്‍ ശ്രീ മമ്മൂട്ടി ഉഛരിച്ച വാക്കുകള്‍ ഇവിടെ കൂട്ടിവായിക്കേണ്ടതുണ്ട്.
ഡി.വൈ.എഫ്.ഐ ഇന്ത്യയിലുടനീളം ഉണ്ടായിരുന്നെങ്കില്‍ സംഘപരിവാര്‍ ഫാസിസം ഇന്ത്യയില്‍ ഉണ്ടാകുമായിരുന്നില്ലെന്ന് ഉറക്കെ പ്രസംഗിച്ച ശ്രീ മമ്മൂട്ടിയെ ഇന്ന് കാത്തിരിക്കുന്നത് അന്നത്തെ ചോദ്യത്തിന് കാലത്തിന്റെ മറുപടി പറയാനുള്ള അവസരം തന്നെ. ഭാരതം ഒന്നടങ്കം സാക്ഷാല്‍ മോദി ജിയുടെ കരങ്ങളില്‍ സുരക്ഷിതമായിരിക്കെ, സകല മത ഭീകരര്‍ക്കും ഭാരതത്തിന്റെ മണ്ണില്‍ സ്ഥാനം ഇല്ല എന്നിരിക്കെ, ആര്‍.എസ്.എസ്സിലൂടെ വളര്‍ന്നു വന്നവര്‍ എത്ര ശക്തരായ ലോക നേതാക്കള്‍ ആവുന്നു എന്നു വിളിച്ചോതുമ്പോള്‍ ചോദിക്കട്ടെ ശ്രീമാന്‍ മമ്മൂട്ടീ…..
കേരളം എന്ന ദൈവത്തിന്റെ നാട്ടില്‍ നടക്കുന്ന മത ഭീകരവാദ കൂട്ടികൊടുപ്പിന് താങ്കള്‍ക്കെന്തുണ്ട് ഉത്തരം….?
ശക്തമായ കേന്ദ്ര ഇന്റലിജന്റ്സ് സംവിധാനവും, എന്‍.ഐ. എ ഉദ്യോഗസ്ഥരും കേരളത്തിന്റെ മുക്കിലും മൂലയിലും കമ്മ്യൂണിസത്തിന്റെ മറവില്‍ ഒളിച്ചിരിക്കുന്ന മത ഭീകരരെ ഒന്നൊന്നായി പിടികൂടുമ്പോള്‍ എന്തുണ്ട് താങ്കള്‍ക്ക് പറയാന്‍…..?
ലോകം മുഴുവന്‍ ആര്‍.എസ്.എസ് എന്ന പ്രസ്ഥാനത്തിന്റെ മേന്മ കണ്ടറിഞ്ഞു, കൊണ്ടറിഞ്ഞു അതു മാതൃകയാക്കുമ്പോള്‍, ലോകം ആദരിക്കുമ്പോള്‍ ന്യൂനപക്ഷം എന്ന മറവില്‍ ഭാരതത്തിന്റെ ഉപ്പും ചോറും തിന്നു ജനിച്ച നാടിനെ ഒറ്റുന്ന മുസ്ലിം ഭീകരതയോടോ, ആര്‍.എസ്.എസ് എന്ന മൂല്യാധിഷ്ഠിത ധര്‍മ്മ സംഘടനയോടോ താങ്കളുടെ ആഭിമുഖ്യം….?
പറയണം സഖാവേ താങ്കളുടെ നിലപാടുകള്‍…