കൊച്ചി : ഹോളി ആയതുകൊണ്ടാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതെന്ന് പി.എസ് ശ്രീധരന് പിള്ള. ഇന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകില്ലെന്നും കേന്ദ്രനേതൃത്വത്തിന്റെ അന്തിമ തീരുമാനത്തിന് ശേഷം നാളെയായിരിക്കും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടക്കുകയെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള കൊച്ചിയില്‍ പറഞ്ഞു.
ഞാന്‍ സ്ഥാനാര്‍ത്ഥിയാകുമോ എന്നത് കേന്ദ്രനേതൃത്വമാകും തീരുമാനിക്കുക. പാര്‍ട്ടി അഖിലേന്ത്യാ കമ്മറ്റിയാണ് ലിസ്റ്റിനെ കുറിച്ച് അന്തിമ തീരുമാനമെടുക്കുക. താന്‍ ഉള്‍പ്പെടെയുള്ളവര്‍ മത്സരിക്കണോ എന്നത് കേന്ദ്രകമ്മറ്റി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വടകരയില്‍ ‘കോ-ലീ-ബി’ സഖ്യമുണ്ടെന്ന വിമര്‍ശനത്തെയും ശ്രീധരന് പിള്ള തള്ളി. ഇപ്പോഴുള്ളത് ‘കോ-മാ’ സഖ്യമാണ്. കോണ്‍ഗ്രസ്-മാര്‍ക്സിസ്റ്റ് സഖ്യമാണ് ബി.ജെ.പിയ്ക്ക് എതിരെ ഇപ്പോള്‍ നടക്കുന്നതെന്നും അത് പരാജയപ്പെടുകയാണെന്നും ശ്രീധരന് പിള്ള പറഞ്ഞു. കെ.സുരേന്ദ്രന് പത്തനംതിട്ട സീറ്റില്‍ ജനവിധി തേടുമെന്നും അതുകൊണ്ട് ശ്രീധരന് പിള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയില്ലെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.