തിരൂര്‍: ജിപിഎസ് ഘടിപ്പിച്ച സ്വകാര്യബസുകള്‍ സംസ്ഥാനത്ത് ആദ്യമായി മലപ്പുറത്ത് സര്‍വ്വീസ് തുടങ്ങി. മഞ്ചേരി-തിരൂര്‍ റൂട്ടില്‍ ഓടുന്ന രണ്ട് സ്വകാര്യ ബസുകളിലാണ് നിലവില്‍ ജിപിഎസ് സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. ബസിനകത്ത് സജ്ജമാക്കിയ ഡിസ്‌പ്ലേയില്‍ ബസിന്റെ നിലവിലെ വേഗത, എത്തിയ സ്റ്റോപ്പ് എന്നിവ തെളിയുന്ന രീതിയിലാണ് ജിപിഎസ് സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. ബസ് അമിതവേഗതയിലോടിയാല്‍ ആര്‍ടിഒ ഓഫീസില്‍ അറിയിക്കാനുള്ള സൗകര്യവുമുണ്ട്.
ബസിനകത്ത് തയ്യാറാക്കിയ ബട്ടണില്‍ ബെല്‍ അമര്‍ത്തിയാല്‍ ജീവനക്കാര്‍ മാത്രമല്ല ആര്‍ടിഒ ഓഫീസിലെ ഉദ്യോഗസ്ഥരും സഹായത്തിനായി എത്തും. അമിതവേഗതയോ മറ്റെന്തെങ്കിലും പ്രശ്‌നങ്ങളോ നേരിടുന്ന ഘട്ടത്തില്‍ യാത്രക്കാര്‍ക്ക് ഈ എമര്‍ജന്‍സി ബട്ടണ്‍ ഉപയോഗിക്കാം. വരുന്ന ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്തെ എല്ലാ ബസുകളിലും ജിഎപിഎസ് സംവിധാനം സജ്ജമാക്കണം എന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. മലപ്പുറത്ത് പക്ഷേ ഇത് നേരത്തെ തുടങ്ങിയെന്ന് മാത്രം.
ജിപിഎസ് സംവിധാനം ഒരുക്കാന്‍ 35,000 രൂപയോളം ചിലവ് വരുന്നുണ്ട്. എന്നാല്‍ ഡിസ്‌പ്ലേ ബോര്‍ഡില്‍ പരസ്യം പ്രദര്‍ശിപ്പിച്ചു കൊണ്ട് ഈ തുക തിരിച്ചു പിടിക്കാന്‍ സാധിക്കും. ജിപിഎസ് ഘടിപ്പിച്ച ബസുകള്‍ എവിടെയെത്തി എന്ന് അറിയിക്കുന്ന മൊബൈല്‍ ആപ്പും പിറകേ വരുന്നുണ്ട്.