കൊച്ചി: മാലദ്വീപിലേക്കുള്ള യാത്രക്കിടയില്‍ കാണാതായ പട്ടാമ്പി സ്വദേശിനിയായ അധ്യാപികയെ 13 വര്‍ഷത്തിനുശേഷം സി.ബി.ഐ കണ്ടെത്തി. സി.ബി.ഐ അന്വേഷിച്ചുചെല്ലുമ്പോള്‍ സൂറത്തില്‍ കേരള കലാസമിതി നടത്തുന്ന സമിതി ഇംഗ്‌ളീഷ് മീഡിയം സ്‌കൂളില്‍ പ്രിന്‍സിപ്പലായി ജോലിനോക്കുകയായിരുന്നു ഇവര്‍. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ അനിത കോട്വാനി എന്നപേരില്‍ ഇവിടെ ജോലിനോക്കുന്ന പ്രിന്‍സിപ്പല്‍ 13 വര്‍ഷം മുമ്പ് കാണാതായ അനിത നായരാണെന്ന് സി.ബി.ഐ സ്ഥിരീകരിച്ചു.
സിനിമാ കഥയെ വെല്ലുന്ന രീതിയിലാണ് അധ്യാപികയുടെ തിരോധാനവും തുടര്‍ന്നുള്ള അന്വേഷണവും നീണ്ടത്. 2003 ജനുവരി 18നാണ് മാലദ്വീപിലെ റാ അറ്റോളിലെ ഇന്‍ഗുറൈദു സ്‌കൂളിലേക്ക് മറ്റ് എണ്‍പതോളം പേര്‍ക്കൊപ്പം അധ്യാപക ജോലിക്കായി അനിത വിമാനം കയറിയത്. അതേവര്‍ഷം നവംബര്‍ 26ന് പട്ടാമ്പിയില്‍ ഇവര്‍ തിരിച്ചെത്തി. പിന്നീട് ഭര്‍ത്താവ് രാമചന്ദ്രനൊപ്പം സെക്കന്ദരാബാദിലെ താമസസ്ഥലത്തേക്ക് പോയി. തുടര്‍ന്ന് ഡിസംബര്‍ 27ന് രാമചന്ദ്രനൊപ്പം തിരുവനന്തപുരത്തേക്ക് പോയ അനിത നായര്‍ 28ന് മാലദ്വീപിലേക്ക് പോയി. ഇവരെക്കുറിച്ച് പിന്നീട് വിവരവുമുണ്ടായിരുന്നില്ല. അനിതാ നായരുടെ തിരോധാനം 2005ല്‍ ലോക്കല്‍ പൊലീസും 2006ല്‍ ക്രൈംബ്രാഞ്ചും മാറിമാറി അന്വേഷിച്ചെങ്കിലും തുമ്പൊന്നും കിട്ടിയില്ല. പിന്നീട് ഹൈക്കോടതി കേസ് സി.ബി.ഐക്ക് വിട്ടെങ്കിലും ഫലമുണ്ടായില്ല. ഇതോടെ 2007ല്‍ കേസന്വേഷണം സി.ബി.ഐ അവസാനിപ്പിച്ചു. എന്നാല്‍ കോടതി ഇടപെട്ട് അന്വേഷണം വീണ്ടും ആരംഭിക്കാന്‍ സിബിഐക്ക് നിര്‍ദേശം നല്‍കിയത് കുടുംബത്തിന് പ്രതീക്ഷ നല്‍കി.
തിരോധാനത്തെക്കുറിച്ച് അനിത നായര്‍ എന്ന അനിത കോട്വാനി സി.ബി.ഐയോട് പറഞ്ഞതിങ്ങനെ. ഭര്‍ത്താവ് രാമചന്ദ്രനുമായി വഴക്കിട്ടാണ് 2003ല്‍ മാലദ്വീപിലേക്ക് പോയത്. തുടര്‍ന്ന് അവിടെ ജോലി ചെയ്തിരുന്ന ശ്രീലങ്കന്‍ സ്വദേശി ഗാമേജ വിന്ദാനവാ സുരാംഗ എന്നയാളെ വിവാഹം കഴിച്ചു. 2005 ഡിസംബര്‍ ആറിന് മുംബൈയിലെ ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. 2006 നവംബര്‍ 26ന് ഗംഗാഞ്ചെ അനിത സുരാംഗെ എന്ന ശ്രീലങ്കന്‍ പേര് സ്വീകരിച്ച് മുംബൈ വിലാസത്തില്‍ പുതിയ പാസ്‌പോര്‍ട്ട് എടുത്ത് ശ്രീലങ്കന്‍ ഭര്‍ത്താവിനൊപ്പം അവിടേക്ക് പോയി. എന്നാല്‍, ഭര്‍ത്താവിന്റെ വീട്ടുകാരുമായി ചേര്‍ന്ന് പോകാന്‍ കഴിയാതെ വന്നതോടെ 2010 മേയ് 26ന് ഇന്ത്യയിലേക്ക് പോന്നു.
പിന്നീട് ഇന്ത്യയില്‍ തന്നെ വിവിധ സ്ഥലങ്ങളില്‍ അധ്യാപികയായി ജോലി ചെയ്ത് വരുകയായിരുന്നു. 2013 ലാണ് സൂറത്തില്‍വെച്ച് ഭഗ്വാന്‍ ദാസ് കോട്വാനിയെ വിവാഹം കഴിച്ചത്. അനിത നായരാണെന്ന് സ്ഥിരീകരിച്ചെങ്കിലും സൂറത്തില്‍നിന്ന് തിരികെ വരാന്‍ ഇവര്‍ തയാറായില്ല. തനിക്ക് ഇപ്പോഴത്തെ ഭര്‍ത്താവിനൊപ്പം സൂറത്തില്‍ കഴിയാനാണ് താല്‍പര്യമെന്ന് അനിത നായര്‍ സി.ബി.ഐയെ അറിയിക്കുകയായിരുന്നു. തുടര്‍ ന്ന് സൂറത്ത് സിറ്റി അഡീഷനല്‍ എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി അനിത നായരുടെയും അമ്മയാണെന്ന് സ്ഥിരീകരിച്ചുള്ള മകന്റെയും മൊഴികള്‍ സി.ബി.ഐ രേഖപ്പെടുത്തി. 2012 ല്‍ തന്നെ ശ്രീലങ്കന്‍ സ്വദേശിയെ വിവാഹം കഴിച്ച വിവരം സി.ബി.ഐക്ക് ലഭിച്ചിരുന്നെങ്കിലും ഇയാള്‍ മാലദ്വീപില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന ഹോട്ടല്‍ പൊളിച്ചുനീക്കിയത് അന്വേഷണത്തിന് തിരിച്ചടിയാവുകയായിരുന്നു.