പിഎസ്.സി ക്രമക്കേടില്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍ അതീവ ഗുരുതരം. പരീക്ഷയുടെ മൂല്യ നിര്‍ണയ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് വലിയ വീഴ്ച സംഭവിച്ചതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഈ ഉദ്യോഗസ്ഥര്‍ക്ക് എതിരെ വകുപ്പുതല നടപടിക്ക് അന്വേഷണ സംഘം സര്‍ക്കാരിന് ശിപാര്‍ശ ചെയ്തു.
മുന്‍ ഡെപ്യൂട്ടി സെക്രട്ടറി സതീശ്, അഡിഷണല്‍ സെക്രട്ടറി ഹരി എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി വേണമെന്നാണ് ക്രൈംബ്രാഞ്ച് എസ്ഐടി ശിപാര്‍ശ ചെയ്തിരിക്കുന്നത്. ഇതുസംബന്ധിച്ച് ഡിജിപി വഴി സര്‍ക്കാരിന് കത്ത് നല്കി. സര്‍ക്കാര്‍ കത്ത് പി എസ് സിക്ക് കൈമാറും.
പ്ലാനിങ് ബോര്‍ഡ് പരീക്ഷയില്‍ 9 ചോദ്യങ്ങളുടെ മൂല്യനിര്‍ണയം നടത്താതെ പോയത് ഈ ഉദ്യോഗസ്ഥരുടെ വീഴചയാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. മൂല്യനിര്‍ണയം നടത്തിയത് ഈ രണ്ട് ഉദ്യോഗസ്ഥര്‍ ആയിരുന്നു. എന്നാല്‍, സാങ്കേതിക പിഴവ് മൂലമാണ് മൂല്യനിര്‍ണയം നടത്താതെ പോയത് എന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. ഇക്കാര്യത്തില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടോയെന്നതും പരിശോധിച്ചുവരുകയാണ്.



















