പ്രിയദര്‍ശിനി പദ്ധതിയുടെ മറവില്‍ കെഎസ്ആര്‍ടിസിയില്‍ വന്‍ തട്ടിപ്പെന്ന് റിപ്പോര്‍ട്ട്. സ്ത്രീകള്‍ക്ക് നല്കുന്ന സൗജന്യ സീറോ ടിക്കറ്റ് നല്കി പുരുഷന്മാരില് നിന്നും ജീവനക്കാര്‍ പണം തട്ടുന്നതായാണ് പുറത്തുവന്ന പരാതി. സംഭവത്തില്‍ കെഎസ്ആര്‍ടിസി അന്വേഷണം ആരംഭിച്ചു.
യാത്രികരായ സ്ത്രീകള്‍ക്ക് പ്രിയദര്‍ശിനി ഫ്രീ ട്രാവല്‍ എന്ന ടിക്കറ്റും പുരുഷന്മാര്ക്ക് മെയില്‍ എന്ന ടിക്കറ്റുമാണ് നല്‍കിവരുന്നത്. സൗജന്യമെങ്കിലും സ്ത്രീകള്‍ക്കും സീറോ വാല്യു ടിക്കറ്റ് നല്കുന്നു. ഈ തുക കണക്കാക്കി സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കുകയാണ് പതിവ്.
എന്നാല്‍ വനിതാ യാത്രികര്‍ക്കുള്ള സീറോ ടിക്കറ്റ് പുരുഷന്മാര്ക്ക് നല്കി, യാത്രക്കാര്‍ നല്കുന്ന പണം ജീവനക്കാര്‍ വീതിച്ചെടുക്കുന്നതായാണ് പരാതി ഉയര്‍ന്നത്. യാത്രികരാണ് കെഎസ്ആര്‍ടിസിക്ക് പരാതി നല്‍കിയത്. സംഭവത്തില്‍ കെഎസ്ആര്‍ടിസി അന്വേഷണം പ്രഖ്യാപിച്ചു.



