സംസ്ഥാന സർക്കാർ കെഎസ്ആർടിസി മുഖേന നടപ്പാക്കിയ സ്ത്രീകൾക്കും ട്രാൻസ്ജെന്റർ വ്യക്തികൾക്കുമുള്ള ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി വൻവിജയമായതായി മന്ത്രി സി പി ജോൺ. ഗതാഗത വകുപ്പിന്റെ കഴിഞ്ഞ 50 ദിവസത്തെ പ്രവർത്തനങ്ങൾ വിശദീകരിക്കാൻ തിരുവനന്തപുരം വഴുതക്കാട് ട്രാൻസ് ടവറിലെ കോൺഫറൻസ് ഹാളിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രിയദർശിനി പദ്ധതിയിൽ ഇതുവരെ 3.81 കോടി സൗജന്യ യാത്രകളാണ് നടത്തിയത്. പ്രതിദിനം യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണം 5.5 ലക്ഷത്തിൽ നിന്ന് 12.71 ലക്ഷമായി ഉയർന്നു. നിലവിൽ കെഎസ്ആർടിസി യാത്രക്കാരിൽ 66 ശതമാനവും സ്ത്രീകളാണെന്നും പദ്ധതി കാരണം പുരുഷ യാത്രക്കാരുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ശ്രീ ചിത്ര തിരുന്നാൾ എഞ്ചിനീയറിങ് കോളേജിന്റെ സഹായത്തോടെ പദ്ധതിയുടെ സാമ്പത്തികവും സാമൂഹികവുമായ വിഷയങ്ങൾ പഠിക്കും.
പൊതുഗതാഗത ഉപയോഗം വർധിച്ചതോടെ കാർബൺ ഡയോക്സൈഡ് പുറം തള്ളൽ ഗണ്യമായി കുറഞ്ഞതായി മന്ത്രി പറഞ്ഞു. കാർബൺ ഡയോക്സൈഡ് പെർക്യാപ്പിറ്റ പുറം തള്ളലിൽ 100 കിലോഗ്രാം കുറവ് വന്നു. (ആയിരം യാത്രക്കാർക്ക് 504 കിലോഗ്രാം എന്നത് 404 കിലോഗ്രാം ആയി കുറഞ്ഞു). കെഎസ്ആർടിസി ആപ്പിലൂടെ ലഭിച്ച പ്രതികരണങ്ങളിൽ 11572 പേർ പദ്ധതിക്ക് ഫൈവ് സ്റ്റാർ റേറ്റിങ് നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഗവി, നെല്ലിയാമ്പതി, പൊന്മുടി, മലക്കപ്പാറ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിലും ശ്രദ്ധേയമായ വർധന ഉണ്ടായതായി മന്ത്രി കൂട്ടിച്ചേർത്തു.
വികേന്ദ്രീകരണം, ജനകീയവൽക്കരണം എന്നീ നയങ്ങൾ മുൻനിർത്തിയാണ് ഗതാഗത വകുപ്പ് മുന്നോട്ടുള്ള നടപടികൾ ആവിഷ്ക്കരിക്കുന്നത്. കെഎസ്ആർടിസിയുടെ ഭരണസംവിധാനം കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 94 ഡിപ്പോകളിലും അതത് മണ്ഡലങ്ങളിലെ എംഎൽഎമാരെ ചെയർമാന്മാരാക്കി ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റികൾ രൂപീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. തദ്ദേശ സ്ഥാപന അധ്യക്ഷന്മാരും ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷി പ്രതിനിധികളും ഉൾപ്പടെ കമ്മിറ്റികളിൽ അംഗങ്ങളാകും.
യാത്രാ സേവനങ്ങൾക്കും പരാതികൾക്കുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കെഎസ്ആർടിസിയുടെ ടോൾ ഫ്രീ കോൾ സെന്റർ നമ്പർ (149) പ്രവർത്തനം ആരംഭിച്ചു. ഇന്ധനക്ഷമതയും സുരക്ഷിത ഡ്രൈവിങും പ്രോത്സാഹിപ്പിക്കുന്നതിന് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും പ്രത്യേക പ്രോത്സാഹനങ്ങൾ നൽകുമെന്നും മന്ത്രി പറഞ്ഞു.
വാഹന അപകടങ്ങളിൽ ഗുരുതരമായി പരിക്കേറ്റവർക്ക് 1.5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സാ സഹായം ലഭ്യമാക്കുന്ന കേന്ദ്ര സർക്കാരിന്റെ പിഎം റാഹത് പദ്ധതി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിജയകരമായി നടപ്പാക്കി. ഇത് സംസ്ഥാനമൊട്ടാകെ ഉടൻ വ്യാപിപ്പിക്കുമെന്നും അതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സമൂഹത്തിൽ ഉത്തമമായ ഗതാഗത സംസ്ക്കാരവും മാതൃകാപരമായ ഗതാഗത നിയമപാലനവും പൂർണ സുരക്ഷിതമായ ഗതാഗത സംവിധാനങ്ങളും ലക്ഷ്യമിട്ട് സംസ്ഥാനത്ത് സമഗ്രമായ ഗതാഗത സാക്ഷരതാ യജ്ഞത്തിന് തുടക്കം കുറിക്കും. വിദ്യാർഥികളുടെ പാഠ്യപദ്ധതിയിലും റോഡ് സുരക്ഷ ഉൾപ്പെടുത്തും. കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ തിരക്കേറിയ പ്രധാന റോഡുകളിലെ സീബ്രാ ക്രോസിങ്ങുകളുടെ വീതി 3 മീറ്ററിൽ നിന്ന് 6 മീറ്ററായി വർധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
ഭിന്നശേഷിക്കാർക്കുള്ള കെഎസ്ആർടിസി യാത്രാപാസിന്റെ വരുമാന പരിധി 20,000 രൂപയിൽ നിന്ന് 50,000 രൂപയാക്കി. ഭിന്നശേഷിക്കാർക്കുള്ള വാഹന നികുതി ഇളവിനുള്ള വാഹനവില പരിധി 7 ലക്ഷത്തിൽ നിന്ന് 15 ലക്ഷമായും ഉയർത്തി. പി എസ് സി ലിസ്റ്റിൽ നിന്ന് 60 മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരെ നിയമിച്ചതായും വകുപ്പിലെ പ്രവർത്തന ഏകോപനം സുഗമമാക്കുന്നതിനായി ഗതാഗത വകുപ്പ് മന്ത്രി അധ്യക്ഷനായ പ്രത്യേക കോർഡിനേഷൻ കമ്മിറ്റി എല്ലാ ആഴ്ചയും യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
തിരുവനതപുരം വേളിയിൽ നിന്ന് കഠിനംകുളത്തേക്ക് പാർവതി പുത്തനാറിലൂടെ സൗരോർജത്തിൽ പ്രവർത്തിക്കുന്ന പുതിയ പാസഞ്ചർ ബോട്ട് സർവീസ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ഗതാഗത വകുപ്പ് സെക്രട്ടറി ടി വി അനുപമ, റോഡ് സുരക്ഷാ കമ്മീഷണർ യോഗേഷ് ഗുപ്ത, ട്രാൻസ്പോർട്ട് കമ്മീഷണർ നാഗരാജു ചകിലം, മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി സിഇഒ ഡോ അരുൺ എസ് നായർ, കെഎസ്ആർടിസി സിഎംഡി ഡോ പി എസ് പ്രമോജ് ശങ്കർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



















