നിയമന വിവാദത്തില്‍ വീണ്ടും മലക്കംമറിഞ്ഞ് പി.എസ്.സി: വിവരാവകാശ രേഖകള്‍ പരാതിക്കാരന് നിഷേധിച്ചു: കമ്മീഷന്റെ ഉത്തരവിന് എതിരെ അപ്പീല്‍ നല്‍കും

പിന്‍വാതില്‍ നിയമനം, വ്യാജ സര്‍ട്ടിഫിക്കറ്റിന് അംഗീകാരം തുടങ്ങി നിരവധി ആരോപണങ്ങള്‍ നേരിടുന്ന പി.എസ്.സി അതിന്റെ വിശ്വാസം സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രഖ്യാപിച്ചത്. സമാനതകളില്ലാത്ത അഴിമതിയാണ് പി.എസ്.സിയില്‍ നടന്നതെന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രസ്ഥാവനയ്ക്ക് പിന്നാലെ, അന്വേഷണവുമായി പരമാവധി സഹകരിക്കുമെന്ന നിലപാടാണ് പി.എസ്.സി സ്വീകരിച്ചത്. എന്നാല്‍ വിവാദമായ ആസൂത്രണ ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട വിവരാവകാശ രേഖകള്‍ നല്‍കണമെന്ന ഉദ്യോഗാര്‍ത്ഥിയുടെ ആവശ്യം തള്ളിക്കൊണ്ട് പി.എസ്.സി വീണ്ടും നിലപാടുകളില്‍ മലക്കം മറിഞ്ഞിരിക്കുകയാണ്.

നിയമനത്തിന്റെ രേഖകള്‍ നല്‍കില്ലെന്നാണ് പരാതിക്കാരന് പി.എസ്.സി നല്‍കിയ മറുപടി. നിയമനവുമായി ബന്ധപ്പെട്ട പരീക്ഷാ രേഖകള്‍ അടിയന്തരമായി പുറത്തുവിടണമെന്ന സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനുള്ള ഒരുക്കത്തിലാണ് പിഎസ്സി.

നിയമന നടപടികളിലെ സുതാര്യത ചോദ്യംചെയ്യപ്പെട്ട സാഹചര്യത്തിലാണ് പരീക്ഷാ രേഖകള്‍ പരസ്യപ്പെടുത്താന്‍ വിവരാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചത്. ഉദ്യോഗാര്‍ത്ഥികളുടെ ഉത്തരക്കടലാസും അഭിമുഖത്തില്‍ ലഭിച്ച മാര്‍ക്കും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തുവിടണമെന്നായിരുന്നു കമ്മീഷന്റെ ഉത്തരവ്.

എന്നാല്‍ കമ്മീഷന്റെ ഉത്തരവില്‍ പി.എസ്.സി സ്വീകരിച്ച നിലപാട് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇടയില്‍ വലിയ ആശങ്കകളും സൃഷ്ടിച്ചിട്ടുണ്ട്. പി.എസ്.സിയുടെ ഈ നിലപാട് മാറ്റം ആരോപണ വിധേയമായ മറ്റ് പരീക്ഷകളെയും ബാധിക്കുമോ എന്ന് കാത്തിരുന്ന് കാണാം.