സിസ്റ്റത്തെ ശരിയാക്കാനുള്ള പരിശ്രമം പാതിവഴിയില്‍ ഉപേക്ഷിക്കില്ലെന്ന് മന്ത്രി കെ.മുരളീധരന്‍

തിരുവനന്തപുരം : ആരോഗ്യവകുപ്പിലെ തെറ്റായ സിസ്റ്റത്തെ ശരിയാക്കാനുള്ള പരിശ്രമം പാതിവഴിയില്‍ ഉപേക്ഷിച്ച് മടങ്ങില്ലെന്ന് ആരോഗ്യം -ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരന്‍ പറഞ്ഞു. മന്ത്രി ഒരുപാട് പറഞ്ഞ് മടുത്ത് മതിയാക്കി പോകുമെന്ന് ആരും ചിന്തിക്കേണ്ട. നല്ലകാര്യങ്ങളില്‍ പിടിവാശിയുള്ള വ്യക്തിയാണ് താനെന്നും മന്ത്രി കെ.മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ആരോഗ്യവകുപ്പിന്റെ 50 ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ അടങ്ങുന്ന പ്രോഗ്രസ് റിപ്പോര്‍ട്ടായ ‘ആരോഗ്യവകുപ്പിലെ അന്‍പത് വിസ്മയ ദിനങ്ങളുടെ’ പ്രകാശനം തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.

ആരോഗ്യവകുപ്പില്‍ ചിട്ടയായി നടത്തിയ പ്രവര്‍ത്തനങ്ങളാണ് 50ദിവസത്തെ പ്രോഗ്രസ് റിപ്പോര്‍ട്ടിലുള്ളത്. പത്തിരട്ടിയിലധികം കാര്യങ്ങള്‍ ഇനി ചെയ്ത് തീര്‍ക്കാനുണ്ട്. സര്‍ക്കാര്‍ ഫണ്ടിനു പുറമെ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ചും സര്‍ക്കാര്‍ ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കും. ആരോഗ്യവകുപ്പിന്റെ 10വര്‍ഷത്തെ പര്‍ച്ചേസുകളില്‍ അന്വേഷണം നടത്തുന്നതില്‍ രാഷ്ട്രീയം കാണരുത്. ജനങ്ങളുടെ പണം പാഴായാല്‍ അതിന് ഉത്തരവാദികളെ കണ്ടെത്തണം. ആരോഗ്യവകുപ്പില്‍ ഒഴിവുകള്‍ കൃത്യമായി പി.എസ്.സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്യും. റാങ്ക് ലിസ്റ്റ് നിലവിലുള്ളപ്പോള്‍ താത്കാലിക നിയമനങ്ങള്‍ പ്രോത്സാഹിപ്പിക്കില്ല. കഷ്ടപ്പെട്ട് പഠിക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ ശാപം വാങ്ങാന്‍ ആഗ്രഹിക്കുന്നില്ല.

പ്രാദേശിക താല്‍പര്യങ്ങളുടെ പേരില്‍ എയിംസ് നഷ്ടപ്പെടരുത്. അതിന് വേണ്ടിയാണ് ഒന്നില്‍ കൂടുതല്‍ സ്ഥലങ്ങള്‍ കണ്ടെത്തി കേന്ദ്രത്തിന് സമര്‍പ്പിച്ചത്.

ആശുപത്രി ഉപദേശക സമിതിയില്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് പുറമേ പട്ടികജാതി വിഭാഗത്തില്‍ നിന്നും വനിതാ വിഭാഗം ഓരോ പ്രതിനിധികളെ സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യും. രോഗികളോടും കൂട്ടിരിപ്പുകാരോടും സൗമ്യമായി പെരുമാറാന്‍ സെക്യൂരിറ്റി ജീവനക്കാര്‍ മുതല്‍ ഡോക്ടര്‍മാര്‍വരെ ശീലിക്കണം. ഇതിനായി കൗണ്‍സിലിംഗും പരിശീലനവും നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കും.

സ്‌പെഷ്യലൈസ്ഡ് ഡോക്ടര്‍മാരെ സ്‌പെഷ്യലൈസ്ഡ് സൗകര്യങ്ങളുള്ള ആശുപത്രികളില്‍ മാത്രമേ നിയമിക്കൂ. അവരുടെ കഴിവ് പരമാവധി പ്രയോജനപ്പെടുത്താനാണ് ആരോഗ്യവകുപ്പ് ഉദ്ദേശിക്കുന്നത്. വയനാട് മെഡിക്കല്‍ കോളേജിലെ സൗകര്യ വികസനത്തിന് മാനന്തവാടിയിലെ കെ.എസ്.ഇ.ബി വക സ്ഥലം പ്രയോജനപ്പെടുത്തും. കല്‍പ്പറ്റ മടക്കി മലയില്‍ എംപി വീരേന്ദ്രകുമാറിന്റെ കുടുംബം വിട്ടുനല്‍കിയ സ്ഥലത്ത് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി തുടങ്ങുന്നതിനുള്ള നടപടി സ്വീകരിക്കും. പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ നിലവിലെ അടിസ്ഥാന സൗകര്യ വികസന ഉള്‍പ്പെടെയുള്ള പരിഹരിക്കുന്നതിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. കഠിനാദ്ധ്വാനത്തിലൂടെ വകുപ്പില്‍ വിസ്മയങ്ങള്‍ സൃഷ്ടിക്കാനാകും. അതിന് ഉദ്യോഗസ്ഥരുടെ പൂര്‍ണപിന്തുണവേണം. ആരോഗ്യവകുപ്പിലെ എല്ലാ നേട്ടങ്ങളുടെയും ക്രെഡിറ്റ് ഉദ്യോഗസ്ഥര്‍ക്കുള്ളതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഷര്‍മ്മള മേരി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. എന്‍.എച്ച്.എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ അനു.എസ്.നായര്‍, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.കെ.വി.വിശ്വനാഥന്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.വി.മീനാക്ഷി, ഡി.എം.ഒ ഡോ.ബിന്ദു മോഹന്‍, ഡി.പി.എം ഡോ.അര്‍ണോള്‍ഡ് ദീപക്. എന്നിവര്‍ സംസാരിച്ചു.