കോണ്‍ഗ്രസ് നേതൃനിരയിലെ നിസ്സഹകരണത്തിന്റെ മഞ്ഞുരുകിത്തുടങ്ങി. നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ രമേശ് ചെന്നിത്തലയെ വീട്ടിലെത്തി സന്ദര്‍ശിച്ചു. സന്ദര്‍ശനത്തിന് ശേഷം ഇരുവരും ഒരുമിച്ചാണ് മാധ്യമങ്ങളെ അഭിമുഖീകരിച്ചത്.
ചെന്നിത്തല തന്റെ നേതാവാണെന്നും വിദ്യാര്‍ത്ഥി രാഷ്ട്രീയം മുതല്‍ അങ്ങനെ ആയിരുന്നുവെന്നും ഇനിയും അങ്ങനെതന്നെ ആയിരിക്കുമെന്നും വി.ഡി സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്ന വി.ഡി സതീശന് എല്ലാ പിന്തുണയും രമേശ് ചെന്നിത്തല വാഗ്ദാനം ചെയ്തു. മന്ത്രിസഭയില്‍ ഉണ്ടാകുമോ? ആഭ്യന്തര മന്ത്രി സ്ഥാനം ആവശ്യപ്പെടുമോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഇക്കാര്യങ്ങള്‍ പാര്‍ട്ടി തീരുമാനിക്കുമെന്നും യാതൊരു ഉപാധിയും വെച്ചിട്ടില്ലെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

















