ഗ്യാസ് അടുപ്പിലാണോ നിങ്ങൾ പാചകം ചെയ്യുന്നത്? ആരോഗ്യപരമായി ഏറെ സുരക്ഷിതമെന്ന് കരുതിയ ഗ്യാസ് അടുപ്പുകളെ കുറിച്ചുള്ള ഞെട്ടിക്കുന്ന പഠന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഗ്യാസ് അടുപ്പുകൾ കത്തുമ്പോൾ പുറത്തുവിടുന്ന ബെൻസീൻ വാതകം വായുസഞ്ചാരം വളരെ കുറഞ്ഞ വീടുകളിലുള്ളവർക്ക് കാൻസർ സാധ്യത ഉണ്ടാകാനുള്ള സാധ്യതയെപ്പറ്റിയാണ് ഗവേഷകർ പഠനത്തിൽ കണ്ടെത്തിയത്. സ്റ്റാൻഫോർഡ് സർവകലാശാലയിലെ ഗവേഷകരാണ് ബെൻസീൻ വാതകത്തെ കേന്ദ്രീകരിച്ച് പഠനം നടത്തിയത്. യുഎസ്സിലെ ഗ്യാസ് അടുപ്പുകളുള്ള 87 വീടുകളാണ് പഠനവിധേയമാക്കിയത്. ബെൻസീൻ വാതകത്തിന്റെ അളവാണ് ഗവേഷകർ നിരീക്ഷിച്ചത്. ഇതിനൊപ്പം ഈ വാതകത്തിന്റെ ചലനവും ഗവേഷകർ വിശകലനം ചെയ്ത്തിരുന്നു. തുടർന്ന് കമ്പ്യൂട്ടർ മോഡലുകൾ ഉപയോഗിച്ച് ബെൻസീന്റെ വ്യാപനം എങ്ങനെയാണെന്ന് പഠനത്തിൽ കണ്ടെത്തി. മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിൽ ഗ്യാസ് അടുപ്പിലെ ബെൻസീൻ കാരണമുള്ള കാൻസർ സാധ്യത 1.85 മടങ്ങ് അധികമാണെന്ന് പഠനറിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ജേണൽ ഓഫ് ഹസാർഡസ് മെറ്റീരിയൽസ് എന്ന പിയർ-റിവ്യൂഡ് ജേണലിലാണ് ഇതുസംബത്തിച്ച പഠനം പ്രസിദ്ധീകരിച്ചത്. ഗ്യാസ് അടുപ്പുകൾ ഉപയോഗിക്കുന്നവർ പരമാവധി വായുസഞ്ചാരം ഉറപ്പാക്കി മാത്രമേ ഉപയോഗിക്കാവു എന്നും നിർദേശിക്കുന്നുണ്ട്. ഗ്യാസ് അടുപ്പുകൾക്ക് പകരമായി വൈദ്യുത അടുപ്പുകൾ ഉപയോഗിക്കാനും വിദഗ്ധർ നിർദേശിക്കുന്നു.




















