വൃക്ക രോഗങ്ങളില്‍നിന്ന് കുട്ടികള്‍ക്ക് സംരക്ഷണമൊരുക്കാന്‍ ‘പ്രതീക്ഷ’

കുട്ടികളിലെ ഗുരുതര വൃക്കരോഗങ്ങള്‍ക്ക് സമഗ്ര പരിചരണവും ചികിത്സയും ഉറപ്പാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ”പ്രതീക്ഷ” പദ്ധതി കേരളത്തിന്റെ ആരോഗ്യരംഗത്ത് ഒരു നിര്‍ണായക മുന്നേറ്റമവുകയാണ്. ലോകത്ത് തന്നെ ഇത്തരം ഒരു പദ്ധതി ആദ്യമായിട്ടാണ് ആരംഭിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

രോഗാവസ്ഥ നേരത്തെ കണ്ടെത്തല്‍, കൃത്യമായ ചികിത്സ ഇടപെടല്‍ ഒരുക്കല്‍, തുടര്‍പിന്തുണ ഉറപ്പാക്കല്‍ എന്നിവയിലൂടെ ഗുരുതര രോഗാവസ്ഥകളിലേക്ക് കുഞ്ഞുങ്ങളെ എത്തിക്കാതിരിക്കല്‍ , കിഡ്‌നി ട്രാന്‍സ്പ്ലാന്റഷന് ഒഴിവാക്കല്‍ ഇവയെല്ലാം പ്രതീക്ഷയിലൂടെ സാധ്യമാകുന്നു.
കിഡ്‌നി മാറ്റിവയ്ക്കല്‍ ആവശ്യമായി വരുന്ന കുട്ടികള്‍ക്ക് പദ്ധതിയിലൂടെ അത് സൗജന്യമായി സാധ്യമാക്കുന്നു.

പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ കുഞ്ഞു കുട്ടികള്‍ക്കായുള്ള വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി ആരംഭിച്ചു. രണ്ടു ട്രാന്‍സ്പ്ലാന്റ് ശസ്ത്രക്രിയകള്‍ ഇതിനോടകം പൂര്‍ത്തിയായി. സര്‍ക്കാര്‍ മേഖലയിലെ കുട്ടികളുടെ ട്രാന്‍സ്പ്ലാന്റ് ചികിത്സയില്‍ ഇത് പ്രധാന ചുവടുവെപ്പാണ്.

കുട്ടികള്‍ക്ക് ക്രോണിക് കിഡ്‌നി രോഗങ്ങള്‍ക്ക് ചികിത്സയും ഡയാലിസിസ് സേവനവും സര്‍ക്കാര്‍ ആശുപത്രികളിലൂടെ ലഭ്യമാകുന്ന സാഹചര്യത്തില്‍, രോഗനിര്‍ണയം,ചികിത്സ, സാമ്പത്തിക പിന്തുണ, ദീര്‍ഘകാല ഫോളോ-അപ്പ് എന്നിവ ഏകീകരിക്കുന്ന സമഗ്ര മാതൃകയാണ് ‘പ്രതീക്ഷ’. ഹൃദ്യം പദ്ധതിയുടെ മാതൃകയില്‍ സംസ്ഥാനത്തെ ചികിത്സ കേന്ദ്രങ്ങളെ ഏകോപിപ്പിച്ച് കൊണ്ടുള്ള ഡിജിറ്റല്‍പോര്‍ട്ടല്‍ കൂടി തയ്യാറായി വരുന്നു. നേരത്തെ രോഗങ്ങള്‍ കണ്ടെത്തി കുഞ്ഞുങ്ങളുടെ നല്ല ഭാവി ഉറപ്പാക്കുക എന്നതാണ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.