7 ലക്ഷം മുൻഗണനാ റേഷൻ കാർഡുകളുടെ വിതരണ പൂർത്തീകരണ പ്രഖ്യാപനവും 65,000 മുൻഗണനാ കാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനവും തിരുവനന്തപുരം അയ്യൻകാളി ഹാളിൽ ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ നിർവഹിച്ചു. വികസന-ക്ഷേമ പ്രവർത്തനങ്ങളിൽ കേരളം പുതുചരിത്രം രചിച്ച കാലഘട്ടമാണ് കഴിഞ്ഞ 10 വർഷങ്ങളെന്നും ലോകത്തെവിടെയുമുള്ള മലയാളികൾക്ക് ഇന്ന് അഭിമാനപൂർവം പറയാൻ കഴിയുന്ന കാര്യം കേരളം ഒരു വിശപ്പ് രഹിത സംസ്ഥാനമായി മാറി എന്നതാണെന്നും മന്ത്രി പറഞ്ഞു.
148 ആദിവാസി ഉന്നതികളിൽ സർക്കാറിന്റെ ചിലവിൽ നേരിട്ട് ഭക്ഷ്യധാന്യം എത്തിക്കുന്നു. അനാഥാലയങ്ങളും അഗതിമന്ദിരങ്ങളും ഉൾപ്പെടെയുള്ള ക്ഷേമ സ്ഥാപനങ്ങളിൽ മുഴുവൻ ആളുകൾക്കും ആവശ്യമുള്ള ഭക്ഷ്യധാന്യമെത്തുന്നു എന്ന് ഉറപ്പുവരുത്തുന്നു.
റേഷൻ കടയിൽ പോകാൻ കഴിയാത്ത കിടപ്പുരോഗികൾക്ക് ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ സഹായത്തോടെ ഭക്ഷ്യധാന്യങ്ങൾ വീട്ടിലെത്തിക്കുന്നു. സമൂഹത്തിന്റെ ഏറ്റവും പിന്നാമ്പുറങ്ങളിലുള്ളവരെപ്പോലും സർക്കാർ ചേർത്തുനിർത്തുകയാണ്. കോവിഡ് മഹാമാരിയും പ്രളയവും ഉണ്ടായ ദുരന്തകാലങ്ങളിൽ ഒരാൾ പോലും പട്ടിണികിടക്കാത്തത് സംസ്ഥാന സർക്കാരിന്റെ ഉറച്ച ഭരണനയവും ഇച്ഛാശക്തിയും കൊണ്ടാണെന്ന് മന്ത്രി പറഞ്ഞു.



















