ന്യൂഡല്‍ഹി :എടിഎം പ്രവര്‍ത്തിച്ചില്ലെങ്കിലും, ഇടപാടുകാരന് ഉദ്ദേശിച്ച ഇനം നോട്ട് ഇല്ലെങ്കിലും സര്‍വീസ് ചാര്‍ജ് ഈടാക്കില്ലെന്ന് വ്യകതമാക്കി എസ്ബിഐ വക്താവ്. മെട്രൊ നഗരങ്ങളില്‍ മൂന്നും മറ്റിടങ്ങളില്‍ അഞ്ചും ഇടപാടുകളാണ് ഓരോ മാസത്തിലും സൗജന്യമായി അനുവദിച്ചിരിക്കുന്നത്. പ്രതിമാസം അഞ്ച് എടിഎം ഇടപാടുകള്‍ കഴിഞ്ഞാല്‍ ഓരോ ഇടപാടിനും 23 രൂപയാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത്. എടിഎമ്മുകളില്‍ നിന്നും പണം ലഭിച്ചില്ലെങ്കിലും ഇടപാടായി തന്നെ രേഖപ്പെടുത്തി അക്കൗണ്ടില്‍ നിന്നും സര്‍വീസ് ചാര്‍ജ് ഈടാക്കുകയും ചെയ്തിരുന്നു.
എന്നാല്‍, എടിഎം യന്ത്രം തകരാറിലായതു മൂലം പണം ലഭിക്കാതെ വന്നാല്‍ ഇടപാടായി കണക്കാക്കില്ലെന്നാണ് എസ്ബിഐ അറിയിച്ചു. ഉദ്ദേശിച്ച തുക ലഭിക്കാതെ വന്നാലും ഇടപാടായി കണക്കില്‍ കൂട്ടില്ല. അതായത്, യന്ത്രത്തില്‍ 2000 നോട്ടുകള്‍ മാത്രമുള്ള സാഹചര്യത്തില്‍ അതില്‍ കുറഞ്ഞ നോട്ട് എടുക്കാന്‍ കഴിയാതെ വന്നാല്‍ അതു ഇടപാടായി കണക്കാക്കില്ലെന്നും എസ്ബിഐ വക്താവ് അറിയിച്ചു. എസ്ബിഐ ഗ്രൂപ്പിലെ എല്ലാ ബാങ്കുകള്‍ക്കും ഇതേ വ്യവസ്ഥ ബാധകമാണ്.
മിനി സ്റ്റേറ്റ്മെന്റ്, ബാലന്‍സ് പരിശോധന എന്നിവയ്ക്കായി എടിഎം ഉപയോഗിക്കുന്നത് ഓരോ ഇടപാടായി കണക്കാക്കും. അഞ്ച് തവണ സൗജന്യത്തില്‍ പണം പിന്‍വലിക്കലും പണം നിക്ഷേപിക്കലും മാത്രമല്ല, ഇത്തരം എടിഎം ഉപയോഗങ്ങളും ഉള്‍പ്പെടും.