മഴക്കിടയിലും റോഡ് പണി നടത്താൻ നൂതന സാങ്കേതിക വിദ്യയ്ക്കായുള്ള പരിശ്രമം തുടങ്ങിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് വർഷം മുഴുവൻ മഴ എന്ന സ്ഥിതിയിലേക്ക് നീങ്ങുമ്പോൾ അതിനെ മറികടക്കാനുള്ള നിർമ്മാണ രീതികൾ ആവശ്യമായി വരുമെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇപ്പോഴത്തെ കാലാവസ്ഥയെ അതിജീവിക്കുന്ന റോഡുകളെ കുറിച്ചാണ് നമ്മൾ ഇതുവരെ സംസാരിച്ചിരുന്നത്. എന്നാൽ ഈ കാലാവസ്ഥയിൽ എങ്ങനെ റോഡു പണി നടത്താം എന്നതിനെ കുറിച്ചുള്ള ചർച്ചകളിലേക്ക് കൂടി പൊതുമരാമത്ത് വകുപ്പ് കടന്നിരിക്കുകയാണ്. മഴക്കിടയിലും റോഡ് പണി നടത്താനുള്ള സാങ്കേതിക വിദ്യ വിദേശരാജ്യങ്ങളിലുണ്ടോ എന്ന പരിശോധന ആരംഭിച്ചതായും മന്ത്രി പറഞ്ഞു.

കാലാവസ്ഥ വ്യതിയാനം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് നമ്മുടെ നിർമ്മാണ പ്രവൃത്തികളെയാണ് . പ്രത്യേകിച്ചും റോഡ് നിർമ്മാണമേഖലയെ ഇത് ബാധിക്കുന്നുണ്ട്. വർഷം മുഴുവൻ മഴ എന്ന സ്ഥിതിയിലേക്ക് മാറി കഴിഞ്ഞു. നവംബർ പകുതിയോടെ തുടങ്ങി മെയ് മാസം വരെയുള്ള കാലയളവിലാണ് കേരളത്തിൽ വേഗതയിൽ പൊതുമരാമത്ത് പ്രവൃത്തികൾ നടക്കുക. മാർച്ച്, ഏപ്രിൽ , മെയ് മാസങ്ങളിൽ മഴക്കാല പൂർവ്വ പ്രവർത്തനങ്ങളും നടക്കും.

കാലവർഷ സമയത്തെ അറ്റകുറ്റപ്പണി സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലും നടക്കും. മഴ ഇതിനെ ഒക്കെ ബാധിച്ചിട്ടുണ്ട്. മഴ മാറി നിൽക്കുന്ന സമയങ്ങളിൽ പ്രവൃത്തി നടത്താനാണ് പൊതുമരാമത്ത് വകുപ്പ് ശ്രമിക്കുന്നത്. എന്നാൽ ഇത്തരമൊരു കാലാവസ്ഥ തുടർന്നാൽ പുതിയ രീതികൾ അവലംബിക്കേണ്ടി വരുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇപ്പോൾ മഴയിൽ തകർന്നു കിടക്കുന്ന റോഡുകൾ മഴ നിൽക്കുമ്പോൾ അറ്റകുറ്റപ്പണി നടത്താനുള്ള എല്ലാ തയ്യാറെടുപ്പുകളും വകുപ്പ് നടത്തിയതായും മന്ത്രി പറഞ്ഞു.

LEAVE A REPLY