ആദ്യ അവയവമാറ്റ സര്‍ക്കാര്‍ ആശുപത്രിക്ക് മുഖ്യമന്ത്രി തറക്കല്ലിടും

രാജ്യത്തെ ആദ്യ അവയവമാറ്റ സര്‍ക്കാര്‍ ആശുപത്രിക്ക് കോഴിക്കോട് ചേവായൂരിലെ ത്വക്ക് രോഗാശുപത്രിവളപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിടും. അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട എല്ലാപ്രവര്‍ത്തനങ്ങളും ആധുനിക സൗകര്യങ്ങളുടെ ഒരു കുടക്കീഴില്‍ കൊണ്ടു വരിക, ചികിത്സ ചെലവ് കുറയ്ക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. 617 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി കിഫ്ബി സഹായത്തോടെയാണ് നടപ്പിലാക്കുക.

എട്ട് നിലകളിലായി 500 ല്‍ അധികം കിടക്കകള്‍, ഐ.സി.യു, ഡയാലിസിസ്, ഓപറേഷന്‍ തിയേറ്റര്‍ തുടങ്ങി അത്യാധുനിക സൗകര്യങ്ങളും എല്ലാതരം അവയവ മാറ്റ ശസ്ത്രക്രിയകളും ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്നതാണ് ലക്ഷ്യം. തറക്കലിടല്‍ ചടങ്ങില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് അധ്യക്ഷയാകും. ആരോഗ്യ പ്രവര്‍ത്തകരുടെ പരിശീലന, ഗവേഷണ കേന്ദ്രമായും ഇത് പ്രവര്‍ത്തിക്കും.